വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം; അദാനിയുടെ കരാർലംഘനത്തെ സർക്കാർ നിസാരവത്ക്കരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിന്റെ ഇടപെടലുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമപോരാട്ടം നടത്തിയാണ് പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും വാങ്ങിയെടുത്തത്. 2015 ൽ നിർമ്മാണം ആരംഭിച്ച പദ്ധതി 2019 ഡിസംബർ മൂന്നിന് പൂർത്തിയാക്കുമെന്നാണ് കരാറിൽ വ്യക്തമാക്കിയിരുന്നത്. എന്നാലിപ്പോൾ 2023 ൽ മാത്രമെ പദ്ധതി പൂർത്തിയാക്കാനാകൂവെന്നാണ് കാരാർ ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ഇപ്പോൾ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. കരാർ ലംഘനത്തിന് അദാനിയിൽ നിന്നും പ്രതിദിനം 12 ലക്ഷം രൂപ വീതം പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും സർക്കാർ അതിനു തയാറായിട്ടില്ല. നാലു വർഷത്തോളം പദ്ധതി വൈകിയതിനു കാരണം മഴിയും കാറ്റും കോവിഡുമാണെന്നു പറയുന്ന മന്ത്രി കരാർ ലംഘനത്തെ നിസാരവത്ക്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാകാത്തത് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം വിൻസെന്റ് എംഎൽഎ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമുതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
75 ലക്ഷം ടൺ പാറ ഉപയോഗിക്കേണ്ട സ്ഥാനത്ത് 13 ലക്ഷം ടൺ മാത്രമാണ് ഉപയോഗിച്ചതെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അഞ്ചിലൊന്നു നിർമ്മാണം മാത്രമെ പൂർത്തീകരിച്ചിട്ടുള്ളൂവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. പുലിമുട്ട് നിമ്മാണവും പൂർത്തിയാക്കിയിട്ടില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 90 ശതമാനം ഭൂമിയും ഏറ്റെടുത്ത് നൽകിയിരുന്നു. ബാക്കി ഭൂമി ഈ സർക്കാർ ഏറ്റെടുത്തോ? തുറമുഖ നിർമ്മാണത്തിന്റെ ഉത്തരവാദിത്തം അദാനിക്ക് വിട്ടുനൽകിയ സർക്കാർ നോക്കുകുത്തിയായി മാറി നില്ക്കുകയാണ്. ഇങ്ങനെയാണോ മെഗാ പ്രൊജക്ടുകൾ നടപ്പാക്കേണ്ടത്? ഈ രീതിയിലാണ് സർക്കാർ മുന്നോട്ടു പോകുന്നതെങ്കിൽ നാലു വർഷമല്ല പത്തു വർഷം കഴിഞ്ഞാലും പണി പൂർത്തിയാകില്ല.
തുറമുഖം വരുമ്പോൾ പ്രദേശത്തുണ്ടായേക്കാവുന്ന ആഘാതത്തെ കുറിച്ച് സർക്കാർ ഇതുവരെ ഒരു പഠനവും നടത്തിയിട്ടില്ല. ഡ്രെഡ്ജിങ് കാരണം മത്സ്യസമ്പത്ത് കുറഞ്ഞു. പൈലിങ് പലവീടുകൾക്കും കേടുപാടുകളുണ്ടാക്കിയിട്ടുണ്ട്. പദ്ധതി മൂലം തീരശോഷണമുണ്ടായാൽ പ്രദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് കരാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി 2015-ൽ 475 കോടി രൂപ അനുവദിച്ചു. നിലവിലെ സാഹചര്യത്തിൽ പുനരധിവാസ പദ്ധതി പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ സമയബന്ധിതമായി നടപ്പാക്കണം. പദ്ധതി പ്രദേശത്തെ ജനങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ കൂടി പരിഗണിക്കാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ