തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സുരക്ഷ പിൻവലിച്ചത് അദ്ദേഹത്തെ അറിയിക്കാതെ. പൊലീസ് സുരക്ഷ കുറച്ചതിനെ കുറിച്ച് അറിഞ്ഞത് പത്രത്തിലൂടെയാണെന്ന് അദ്ദേഹം നിയമസഭയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്നെ ഇടിച്ച് താഴ്‌ത്താനാണ് ശ്രമമെങ്കിൽ നടക്കട്ടെ. സുരക്ഷയിൽ ഇപ്പോൾ പ്രതിപക്ഷ നേതാവ് ചീഫ് വിപ്പിന്റെയും താഴെയായി. എങ്കിലും തനിക്ക് പരാതിയില്ല.

ഔദ്യോഗിക വസതിയും കാറും ചോദിച്ചാൽ മടക്കി നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മണിചെയിൻ തട്ടിപ്പിൽ പങ്കുണ്ടെന്ന നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നൽകിയിരുന്ന സെഡ് കാറ്റഗറി സുരക്ഷയായിരുന്നു ഇതുവരെ സതീശനും. എന്നാൽ, സുരക്ഷാ അവലോകന സമിതിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവിന്റെ സുരക്ഷ സെഡ് കാറ്റഗറിക്കു പകരം വൈ പ്ലസ് കാറ്റഗറിയാക്കി ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരുന്നു.

പ്രതിപക്ഷ നേതാവിന്റെ സ്ഥാനം അത്ര വലുതൊന്നുമല്ലെന്ന് തന്നെയും പൊതുസമൂഹത്തെയും അറിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കാം സർക്കാരിന്റെ നടപടി. അങ്ങനെയെങ്കിൽ അത് നടക്കട്ടെ. വ്യക്തിപരമായി ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും സതീശൻ പറഞ്ഞു.

ഗവർണറും മുഖ്യമന്ത്രിക്കുമാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളത്. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്ക് എ കാറ്റഗറി സുരക്ഷയും പ്രതിപക്ഷ നേതാവിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയുമാണ് പുതുതായി അനുവദിച്ചത്. കാറ്റഗറി മാറിയതോടെ എസ്‌കോർട്ട് ഇല്ലാതായി. പൈലറ്റും എസ്‌കോർട്ടും വേണ്ടെന്ന് വി ഡി സതീശൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അഞ്ച് പൊലീസുകാർ മാത്രമാണ് ഓഫീസ് ഡ്യൂട്ടിക്ക് ഒപ്പമുള്ളത്.

സിപിഎം നേതാവ് പി ജയരാജൻ, രമേശ് ചെന്നിത്തല എന്നിവർക്ക് വൈ പ്ലസ് സുരക്ഷയുണ്ട്. എ കെ ആന്റണി, ഉമ്മൻ ചാണ്ടി, വി എസ് അച്യുതാനന്ദൻ കോടിയേരി ബാലകൃഷ്ണൻ എന്നിവർക്ക് സെഡ് വിഭാഗത്തിൽ സുരക്ഷ തുടരുന്നു.