സ്വപ്നയുടെ വെളിപ്പെടുത്തലിൽ അടിയന്തരപ്രമേയ നോട്ടീസ്; അനുമതി നിഷേധിച്ചതോടെ നിയമസഭയിൽ നാടകീയ രംഗങ്ങൾ; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; സ്വർണക്കടത്ത് കേസ് സഭയിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് ഭയമെന്ന് പ്രതിപക്ഷ നേതാവ്; വിമർശിച്ച് മുഖ്യമന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നന്ദി പ്രമേയ ചർച്ചയുടെ അവസാന ദിനത്തിൽ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷ പ്രതിഷേധം. സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിൽ ചർച്ച ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസിന് നൽകിയത്. എന്നാൽ സ്പീക്കർ അനുമതി നിഷേധിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവച്ചത്.
വിഷയം കോടതിയുടെ പരിഗണനയിൽ ആണെന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. നന്ദിപ്രമേയ ചർച്ച പൂർത്തിയാക്കി സഭ ഇന്ന് ഇടവേളക്ക് പിരിയും. സഭ മാർച്ച് 11 ന് ബജറ്റ് അവതരണത്തോടെ പുനരാരംഭിക്കും
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന, കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ചർച്ച ആവശ്യപെട്ട് ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള കാര്യം എന്നുൾപ്പെടെ മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസിന് തന്നെ അനുമതി നിഷേധിച്ച സ്പീക്കർ മറ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു.
സ്പീക്കറുടെ നടപടിക്കെതിരെ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകിയതോടെയാണ് അംഗങ്ങൾ മടങ്ങിയത്. പിന്നാലെ സർക്കാറിന് എതിരെ രൂക്ഷമായ വിമർശനം ഉയർത്തിയ ചർച്ചയ്ക്ക് സർക്കാരിന് ഭയമെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി
വിഡി സതീശന്റെ പ്രസംഗത്തിന് ശേഷവും സ്പീക്കർ നിലപാടിൽ മാറ്റം വരുത്തിയില്ല. ഇതോടെ മുദ്രാവാക്യവുമായി അംഗങ്ങൾ വീണ്ടും നടുത്തളത്തിൽ ഇറങ്ങി. ചെയറിനെ മറച്ച് ബാനർ ഉയർത്തി പ്രതിപക്ഷം പ്രതിഷേധം നടത്തിയതോടെ സ്പീക്കർ എംബി രാജേഷും രൂക്ഷമായി പ്രതികരിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിൽ രൂക്ഷമായി വിമർശിച്ച രോഷത്തോടെ സ്പീക്കർ സഭ വിട്ടുപിന്നീട് കക്ഷിനേതാക്കളുമായി സ്പീക്കർ നടത്തിയ ചർച്ചയെ തുടർന്ന് അര മണിക്കൂറിന് ശേഷമാണ് സഭ പുനരാരംഭിച്ചത്.
എന്നാൽ അവകാശങ്ങൾ നിഷേധിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ നീക്കത്തെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി വിമർശിച്ചു. സഭാ നടപടിയെ അവമതിക്കുന്ന നിലപടാണ് പ്രതിപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഗവർണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്കരിച്ചു. സർക്കാർ നയമാണ് ഗവർണർ പ്രഖ്യാപിക്കുന്നത്. അത് പ്രതിപക്ഷത്തിന് അറിയാത്തതല്ല. നയപ്രഖ്യാപന ചർച്ചയുടെ അവസാന ദിനവും ബഹിഷ്കരിച്ചു. ഇത് സഭയെ ബഹുമാനിക്കാത്ത നീക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാറിന് അപ്രിയമായ കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. നിയമസഭ ബഹിഷ്കരിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ.
അടിയന്തിരപ്രമേയ നോട്ടീസ് തള്ളുമ്പോൾ മൂന്ന് കാര്യങ്ങളാണ് സ്പീക്കർ പറഞ്ഞതെന്നും വി.ഡി. സതീശൻ പറഞ്ഞു. സ്വർണക്കടത്ത് കേസ് ഇൻവെസ്റ്റിഗേഷൻ സ്റ്റേജിലാണ്, കേസ് കോടതിയിലാണ്, കേസിന് അടിയന്തര പ്രാധാന്യം ഇല്ലെന്നുമാണ് ഗവർണർ പറഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു.
'സ്പീക്കർ പറഞ്ഞ മൂന്ന് കാര്യങ്ങളും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകൾ, ഇൻവെസ്റ്റിഗേഷൻ നടക്കുന്ന കേസുകൾ ഇതിനുമുമ്പും ഇവിടെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സോളാർ കേസ് അര ഡസൻ തവണയെങ്കിലും നിയമസഭയിൽ ചർച്ചക്ക് വിധേയമായിട്ടുണ്ട്. ബാർ കോഴ കേസ് നിയമസഭയിൽ ചർച്ച ചെയ്തിട്ടുണ്ട്. അപ്പോൾ സർക്കാറിന് അപ്രിയമായിട്ടുള്ള കാര്യങ്ങൾ സഭയിൽ ചർച്ച ചെയ്യാൻ പാടില്ലെന്ന് നിലപാടാണ് ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുകൾ സഭയിൽ ചർച്ച ചെയ്താൽ, ഒരുപാട് പുതിയ കാര്യങ്ങൾ പുറത്തുവരുമെന്ന് സർക്കാർ ഭയപ്പെടുന്നു. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണ്. അദ്ദേഹത്തിന് പേടിയാണ്. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നിൽ ശിവശങ്കർ പുറത്താക്കിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന നടന്നിട്ടുണ്ട്,' വി.ഡി. സതീശൻ പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാനുള്ള സാഹചര്യമില്ലെന്നാണ് സ്പീക്കർ നിയമസഭയിൽ പറഞ്ഞത്. ഇതേത്തുടർന്ന് പ്രതിപക്ഷം ബഹളം വെക്കുകയും നടുത്തളത്തിൽ ഇറങ്ങി സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.
നടുത്തളത്തിലിറങ്ങിയാൽ പ്രതിപക്ഷ നേതാവിന് മൈക്ക് നൽകില്ലെന്നും പ്രതിപക്ഷം സീറ്റിൽ ഇരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം സീറ്റിൽ ഇരിക്കുകയായിരുന്നു. പുതിയ കീഴ്വഴക്കം സൃഷ്ടിക്കരുതെന്നും പ്രതിപക്ഷ നേതാവിന് മൈക്ക് നൽകാതിരിക്കുന്നത് ശരിയല്ലെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ