കൊച്ചി: കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രഖ്യാപനത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധാകരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നും അതിനാൽ മത്സരിക്കുമെന്ന പ്രസ്താവനയിൽ തെറ്റില്ലെന്നുമാണ് സതീശന്റെ വാദം. സത്യസന്ധമായി കാര്യങ്ങൾ പറയുന്ന രീതിയാണ് സുധാകരന്റേതെന്നും സതീശൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ ഗ്രുപ്പ് ഉണ്ടന്നത് യാഥാർത്ഥ്യമാണെന്ന് വിമർശിച്ച സതീശൻ ഗ്രൂപ്പ് പാർട്ടിക്ക് അതീതമാകരുതെന്നും പറഞ്ഞു. കെപിസിസി പുനഃസംഘടനയിൽ ആരും പരാതി നൽകിയിട്ടില്ല. രാഷ്ട്രീയ കാര്യസമിതി എടുത്ത തീരുമാനം ശരിയായി നടക്കുന്നു. എന്ത് പ്രശ്‌നം വന്നാലും തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്നോ മത്സരിക്കില്ല എന്നോ ഇപ്പോൾ പറയാനില്ലെന്ന് കെ സുധാകരൻ പിന്നീട് പ്രതികരിച്ചു. സംഘടന തെരഞ്ഞെടുപ്പ് വരുമ്പോൾ അപ്പോഴത്തെ സാഹചര്യമനുസരിച്ച് യുക്തിസഹമായ തീരുമാനമെടുക്കുമെന്നും കെ സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.നേരത്തെ കേരളത്തിൽ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വരുമ്പോൾ താനും മത്സരിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം.

'പാർട്ടിക്കകത്ത് പുതിയ ഉണർവുണ്ടാക്കാൻ സംഘടനാ തിരഞ്ഞെടുപ്പിന് സാധിക്കും. 1992-ൽ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടന്നില്ലായിരുന്നുവെങ്കിൽ കെ സുധാകരൻ എന്ന രാഷ്ട്രീയ നേതാവ് തന്നെ ഉണ്ടാകുമായിരുന്നില്ല. ആ തെരഞ്ഞെടുപ്പിലൂടെ ഡിസിസി പ്രസിഡന്റായതാണ് രാഷ്ട്രീയത്തിൽ തന്റെ വളർച്ചയുടെ ആദ്യ ചുവടുവെപ്പെന്നും'- അദ്ദേഹം പറഞ്ഞു.

'തെരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾക്കു പ്രസക്തിയില്ല. ഗ്രൂപ്പുകൾ സ്വന്തം ആളെ നിർത്തി വിജയിപ്പിച്ചെടുക്കുന്ന കാലമല്ല. കോൺഗ്രസിലെ ഗ്രൂപ്പിസം നേതാക്കളിൽ മാത്രം ചുരുങ്ങി കഴിഞ്ഞു. താഴെത്തട്ടിലുള്ള പ്രവർത്തകരുടെ മനസ്സിൽ ഗ്രൂപ്പില്ലെന്നുമായിരുന്നു അന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോടുള്ള സുധാകരന്റെ മറുപടി.

അതേ സമയം സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രഖ്യാപനത്തിൽ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തി. കൂടിയാലോചനയില്ലാതെയാണ് മത്സരപ്രഖ്യാപനമെന്നാണ് ചെന്നിത്തലയുടെ വിമർശനം.

കെപിസിസി പുനഃസംഘടനയിലെ അതൃപ്തി ഉള്ളിലൊതുക്കി കഴിയുന്ന എ-ഐ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുന്നതായിരുന്നു സുധാകരന്റെ മത്സരപ്രഖ്യാപനം. നേതൃത്വം ഏകപക്ഷീയമായി മുന്നോട്ട് പോയാൽ സമവായത്തിന് നിൽക്കാതെ യോജിച്ച് കടുത്ത മത്സരത്തിനിറങ്ങാനാണ് എ-ഐ ഗ്രൂപ്പുകളുടെ ആലോചന. അധ്യക്ഷൻ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള പുനഃസംഘടന എങ്ങിനെ സുതാര്യമാകുമെന്നാണ് ഗ്രൂപ്പുകളുയർത്തുന്ന ചോദ്യം.