- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തലയ്ക്ക് അത്ര പ്രായം ഒന്നും ആയിട്ടില്ല; മുതിർന്ന നേതാവെന്ന് പറയുന്നില്ല; മുറുകി നിൽക്കുന്ന അന്തരീക്ഷത്തിന് അയവ് വരുത്തി വി.ഡി.സതീശന്റെ നർമ്മം; പുനഃ സംഘടനയ്ക്ക് മുന്നോടിയായി അനുനയിപ്പിക്കാൻ ശ്രമം; സതീശൻ മുൻകൈ എടുത്തത് നന്നെന്നും സഹകരിക്കുമെന്നും ചെന്നിത്തലയും
ഹരിപ്പാട്: സംസ്ഥാന കോൺഗ്രസിലെ തർക്കങ്ങളിൽ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ശ്രമം. ചെന്നിത്തലയ്ക്ക് അത്ര പ്രായം ഒന്നും ആയിട്ടില്ലെന്നും മുതിർന്ന നേതാവെന്ന് പറയുന്നില്ലെന്നും ഉള്ള വാർത്താസമ്മേളനത്തിലെ പരാമർശത്തോടെ, സാഹചര്യം ലഘുവാക്കാൻ ശ്രമിക്കുകയും ചെയ്തു. കോൺഗ്രസിന്റെ വരാനിരിക്കുന്ന പുനഃസംഘടനാ പ്രക്രിയകളിൽ മുതിർന്ന നേതാക്കളുടെയെല്ലാം പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് അപ്പോൾ തന്നെ പരാമർശം തിരുത്തി എല്ലാ നേതാക്കളുടെയും പിന്തുണ എന്നുപറയുകയായിരുന്നു. 'മുതിർന്ന നേതാവെന്ന് പറയുന്നില്ല' എന്ന് എടുത്ത് പറഞ്ഞായിരുന്നു തിരുത്ത്.
നേരത്തെ മുതിർന്ന നേതാവെന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും തനിക്ക് അതിന് മാത്രം പ്രായം ഒന്നും ആയിട്ടില്ലെന്ന രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഈ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് വിഡി സതീശന്റെ തിരുത്ത് വാർത്താസമ്മേളനത്തിനിടെ ചിരിപടർത്തിയത്. 'മുതിർന്ന നേതാക്കളെ മാറ്റി നിർത്തുകയോ അപമാനിക്കുകയോ അവർക്ക് പ്രയാസമുണ്ടാക്കുകയോ പാടില്ല. അങ്ങനെയുണ്ടായിട്ടുണ്ടെന്ന് അവർക്ക് പരാതിയുണ്ടെങ്കിൽ അതുകൂടി പരിഹരിച്ച് കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ആ ആത്മവിശ്വാസം വർദ്ധിക്കുകയാണ് ചെയ്തത്. ചർച്ചകളും ആശയവിനിമയവും തുടരും. ഒന്നാംഘട്ട പുനഃസംഘടനാനടപടികളാണ് ഇപ്പോൾ പിന്നിട്ടത്. രണ്ടാംഘട്ട, മുന്നാംഘട്ട പുനഃസംഘടനാനടപടികൾ ആരംഭിക്കാനിരിക്കുകയാണ്. അതിന് മുതിർന്ന നേതാക്കളുടെയെല്ലാം, മുതിർന്ന നേതാവെന്ന് ഞാൻ പറയുന്നില്ല, എല്ലാ നേതാക്കളുടെയും പൂർണ പിന്തുണ ലഭിക്കുമെന്ന് തനിക്ക് പ്രത്യാശയുണ്ട്- വിഡി സതീശൻ പറഞ്ഞു.
അതേസമയം, പ്രതിപക്ഷനേതാവിന്റെ പരാമർശം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയെങ്കിലും രമേശ് ചെന്നിത്തല പ്രതികരിച്ചില്ല. വിഡി സതീശൻ ചർച്ചയ്ക്ക് മുൻകൈ എടുത്തത് നല്ലകാര്യമാണൈന്നും ചർച്ചകളോട് പൂർണ്ണമായും സഹകരിക്കുമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും യുഡിഎഫ് ശക്തമാകണമെന്നുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. താനും ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ ചില വിഷയങ്ങൾ ഉന്നയിച്ചിരുന്നു. അക്കാര്യത്തിൽ കൂടുതൽ ചർച്ചകളുണ്ടാകുന്നത് സ്വീകാര്യമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ