തിരുവനന്തപുരം: വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിട്ട തീരുമാനം ഉടൻ നടപ്പിലാക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിലൂടെ യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ തന്നെ നിയമം പിൻവലിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

വഖഫ് നിയമനം സംബന്ധിച്ച് സർക്കാരിന് ബോധോദയം ഉണ്ടായതിൽ സന്തോഷം. ചർച്ചയാകാമെന്ന സർക്കാർ തീരുമാനത്തെ വി.ഡി.സതീശൻ സ്വാഗതം ചെയ്തു. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്കു വിടാനുള്ള തീരുമാനത്തിൽ ദുരൂഹതയുണ്ടെന്നു വി.ഡി.സതീശൻ നേരത്തെ ആരോപിച്ചിരുന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവർതന്നെ കൈകാര്യം ചെയ്യണമെന്നതാണ് നിലപാടെന്നും സതീശൻ പറഞ്ഞു.

സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാരുടെ നേതൃത്വത്തിലുള്ള ചർച്ചയിലാണ് സർക്കാരിന് ഇക്കാര്യത്തിൽ വാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. മുസ്ലിം സംഘടനകളുമായി കൂടുതൽ ചർച്ചയാവാമെന്നും സമസ്ത പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ പിണറായി വിജയൻ പറഞ്ഞു. സമസ്ത ജനറൽ സെക്രെട്ടറി ആലിക്കുട്ടി മുസ്ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമം പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും ചർച്ചയാകാമെന്ന സർക്കാർ നിലപാടിൽ സന്തോഷമുണ്ടെന്ന് സമസ്ത പ്രതിനിധികൾ പറഞ്ഞു. നിയമനങ്ങൾ പിഎസ്‌സിക്കു വിടാനുള്ള തീരുമാനം സർക്കാരിന്റെതല്ലെന്നും വഖഫ് ബോർഡിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം പിൻവലിക്കണമെന്ന അഭിപ്രായത്തിൽ മാറ്റമില്ല, പക്ഷെ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായം സ്വാഗതം ചെയ്യുന്നുവെന്ന് സമസ്ത അറിയിച്ചു.

നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കാൻ സമസ്ത ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ചയാവാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. സമസ്ത പിന്നോട്ട് പോയിട്ടില്ലെന്നും നടപടി പിൻവലിക്കണമെന്ന് തന്നെയാണ് നിലപാടെന്നും സമസ്ത നേതാക്കൾ പറഞ്ഞു. വിഷയത്തിൽ സമരം തുടരുന്നത് സംബന്ധിച്ച് സമസ്ത ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അവർ വ്യക്തമാക്കി.