- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ ഗ്രൂപ്പുകാരനായതിനാൽ തിരുവഞ്ചൂരിനും പിടി തോമസിനും നറുക്കു വീഴില്ല; ചെന്നിത്തലയുടെ പിന്തുണയോടെ വിഡി സതീശൻ പ്രതിപക്ഷ നേതാവാകും; ഗ്രൂപ്പ് സമവാക്യം സുധാകരൻ കെപിസിസി പ്രസിഡന്റാകുന്നതിനെ തടയും; തോറ്റമ്പിയിട്ടും ഗ്രൂപ്പ് പോരു മറക്കാതെ കോൺഗ്രസ് നേതാക്കൾ
കൊച്ചി: പാർട്ടിയല്ല ഗ്രൂപ്പാണ് കോൺഗ്രസിൽ പ്രധാനം. പാർലമന്ററീ പാർട്ടി ലീഡർ സ്ഥാനം ഐ ഗ്രൂപ്പിനുള്ളതാണ്. അങ്ങനെ എങ്കിൽ എ ഗ്രൂപ്പിന് കെപിസിസി അധ്യക്ഷ സ്ഥാനവും വേണം. ഇതാണ് കടുംപിടിത്തം. അതുകൊണ്ട് തന്നെ അർഹതപ്പെട്ടവർക്ക് മാറി നിൽക്കേണ്ടി വരും. നിമയസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ നല്ലത് പിടി തോമസാണെന്ന ചർച്ച കോൺഗ്രസിൽ സജീവമാണ്. സീനിയോറിട്ടിയിൽ മികച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണനും. എന്നാൽ രണ്ടു പേർക്കും പ്രതിപക്ഷ നേതാവാകാൻ കഴിയില്ലെന്നതാണ് വസ്തുത. ഇതിനൊപ്പം കെ സുധാകരന്റെ കെപിസിസി അധ്യക്ഷനാകാനുള്ള മോഹവും നടക്കില്ല.
എ ഗ്രൂപ്പുകാരനായതിനാൽ തിരുവഞ്ചൂരിനും പിടി തോമസിനും പ്രതിപക്ഷ നേതാവാകാനുള്ള യോഗ്യത ഇല്ലെന്നാണ് കോൺഗ്രസിലെ തിയറി. അതുകൊണ്ട് തന്നെ രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ വിഡി സതീശൻ പ്രതിപക്ഷ നേതാവാകും. ചെന്നിത്തല തന്നെ തുടരട്ടേ എന്ന ഫോർമുലയും ചർച്ചയാണ്. കെപിസിസി അധ്യക്ഷ സ്ഥാനം മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിയുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാലും ഗ്രൂപ്പ് സമവാക്യത്തിന്റെ പേരിൽ സുധാകരൻ കെപിസിസി പ്രസിഡന്റാകാനുള്ള സാധ്യത വീണ്ടും അടയും. തോറ്റമ്പിയിട്ടും ഗ്രൂപ്പ് പോരു മറക്കാതെ കോൺഗ്രസ് നേതാക്കൾ. ഐ ഗ്രൂപ്പിന് നിയമസഭയിലെ നേതൃസ്ഥാനവും എ ഗ്രൂപ്പിന് കെപിസിസി അധ്യക്ഷ സ്ഥാനവും എന്ന ഫോർമുലയാണ് നടക്കാൻ സാധ്യത. ഹൈക്കമാണ്ട് ദുർബ്ബലരാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ തീരുമാനങ്ങളെ വെട്ടാനുള്ള കരുത്തും അവർക്കില്ല.
പിണറായി സർക്കാരിന്റെ തുടർഭരണത്തോടെ കോൺഗ്രസിലും തലമുറ മാറ്റം ഉറപ്പായിട്ടുണ്ട്. 2016-ൽ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മൻ ചാണ്ടിയുടെ മാതൃക രമേശ് ചെന്നിത്തലയും പിന്തുടരാനാണ് സാധ്യത. പിണറായിയെ ജനം വീണ്ടും തിരഞ്ഞെടുത്തു എന്ന ജനവിധിയിൽ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിൽ ജനങ്ങളുടെ അവിശ്വാസവുമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു. അംഗബലം കൂടിയ ഭരണപക്ഷത്തെയാണ് പ്രതിപക്ഷത്തിന് ഇനി സഭയിൽ നേരിടേണ്ടത്. ഇടത് കോട്ടയായ പറവൂരിൽനിന്ന് നാല് തവണ തുടർച്ചയായി ജയിച്ച വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി വരാനാണ് എല്ലാ സാധ്യതയും. രമേശ് മാറി നിന്നാൽ അദ്ദേഹത്തിന്റെ പിന്തുണയും സതീശനായിരിക്കും. കാരണം സതീശനും ഐ ഗ്രൂപ്പിലെ പ്രമുഖനാണ്.
21 കോൺഗ്രസ് എം.എൽഎമാരിൽ 10 പേരും ഐ ഗ്രൂപ്പുകാരാണ്. മുതിർന്ന നേതാക്കളിൽ പ്രതിപക്ഷ നേതാവായി പരിഗണിക്കാൻ സാധ്യതയുള്ള മറ്റ് രണ്ട് പേരുകൾ തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി. തോമസുമാണ്. ഇതിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞാൽ സീനിയർ തിരുവഞ്ചൂർ തന്നെയാണ്. എന്നാൽ തിരുവഞ്ചൂരിനെ ഗ്രൂപ്പ് പോരിന്റെ പേരിൽ വെട്ടും. പിടി തോമസും പ്രതിപക്ഷ നേതാവായി തിളങ്ങുമെന്ന വിലയിരുത്തല്ഡ സജീവമാണ്. എന്നാൽ ഹൈക്കമാണ്ടിന്റെ പിന്തുണയും സതീശനാകുമെന്നാണ് സൂചന. സുധീരൻ പാർട്ടി അധ്യക്ഷനായിരിക്കെ മുമ്പ് സതീശൻ കെപിസിസി. വൈസ് പ്രസിഡന്റായത് രാഹുൽ ഗാന്ധിയുടെ നോമിനി ആയിട്ടായിരുന്നു.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ തോൽവി സംബന്ധിച്ചു ഹ്രസ്വ ചർച്ച നടത്തി. കോവിഡ് സാഹചര്യം സർക്കാരിനും മുഖ്യമന്ത്രിക്കും നേടിക്കൊടുത്ത മേൽക്കൈയാണ് ഇടതുമുന്നണിയെ സഹായിച്ച പ്രധാന ഘടകം എന്ന വിലയിരുത്തലാണ് ഉണ്ടായത്. യുഡിഎഫ്, കെപിസിസി നേതൃയോഗങ്ങൾ ചേരുന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല. തദ്ദേശ തിരിച്ചടിക്കു ശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കസേര ലക്ഷ്യമിട്ടു പടയൊരുക്കം തുടങ്ങിയിരുന്നു. എഐസിസി ഇടപെട്ട് അതിനു തടയിടുകയും ഡിസിസി തലത്തിലും താഴേക്കും അഴിച്ചുപണി തീരുമാനിക്കുകയും ചെയ്തു.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമാണെന്ന് ചൂണ്ടിക്കാട്ടി എ, ഐ ഗ്രൂപ്പുകൾ ഡിസിസി പുനഃസംഘടനയ്ക്കു തടയിട്ടു. വോട്ടുറപ്പിക്കേണ്ട പ്രക്രിയ ചെയ്യേണ്ട ബൂത്ത് കമ്മിറ്റികളിൽ 50% നിർജീവമാണ്. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ ചില അഴിച്ചുപണിക്കു ശ്രമിച്ചെങ്കിലും അതും കാര്യമായി പുരോഗമിച്ചില്ല. ഇതെല്ലാം ഇനി ഉടൻ നടക്കും. കെ സുധാകരന് കെപിസിസി അധ്യക്ഷനാകണമെന്ന ആഗ്രഹമുണ്ട്. ഇതിനോടാണ് കോൺഗ്രസുകാർക്കും താൽപ്പര്യം.
എന്നാൽ ഗ്രൂപ്പു പരിഗണനകൾ സുധാകരന് തടസ്സമാണെന്നതാണ് വസ്തുത. സുധാകരനോട് കെസി വേണു ഗോപാലിനും താൽപ്പര്യമില്ല. അതിനിടെ കെപിസിസി അധ്യക്ഷനാകാൻ കെസിക്കും ആഗ്രഹമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ