കൊച്ചി: ലോട്ടറി തർക്കത്തിൽ തോമസ് ഐസക്കിനെ മലർത്തിയടിച്ചതോടെയാണ് വിഡി സതീശന്റെ നിലപാട് കരുത്ത് മലയാളി തിരിച്ചറിയുന്നത്. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ ലോട്ടറി നയത്തെ സതീശൻ നേരിട്ടത് ഇരുത്തം വന്ന ധനശാസ്ത്ര വിദഗ്ധനെ പോലെയായിരുന്നു. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി നടന്ന പരസ്യ സംവാദം. അതും ജയിച്ച് രണ്ടാം നിരയിലെ പ്രമുഖനായി. ഇപ്പോൾ പറവൂരിന്റെ ഈ എംഎൽഎ നേട്ടങ്ങളുടെ നെറുകയിലാണ്. ഏത് വിഷയവും ആഴത്തിൽ പഠിക്കുകയും നിയമസഭയിലും പുറത്തും സമർത്ഥമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്റെ വലിയ മികവ്. 1116 വോട്ടിനായിരുന്നു കന്നിയങ്കത്തിൽ 1996ൽ പറവൂരിൽ വിഡി സതീശൻ തോറ്റത്. അടുത്ത തവണ ജയിച്ചു. 20 കൊല്ലം കൊണ്ട് ജനപ്രീതി ഉയർന്ന് ഇത്തവണ ഭൂരിപക്ഷം 21,301 വോട്ടായി.

കല്ലും മുള്ളും നിറഞ്ഞതായിരുന്നു ആ യാത്ര. ജി കാർത്തികേയന്റെ ശിഷ്യനായിരുന്നു അന്നും ഇന്നും വിഡി. ഇടയ്ക്ക് രാഷ്ട്രീയം വിട്ട് അഭിഭാഷകനായി. ഇതിന് ശേഷം കാർത്തികേയൻ വീണ്ടും രാഷ്ട്രീയത്തിൽ രണ്ടാം ജന്മം സതീശന് നൽകി. അതു രണ്ടു കൈയും നീട്ടി സ്വീകരിച്ച് പറവൂരിനെ കോൺഗ്രസ് കോട്ടയാക്കി മാറ്റി. ഒരു കാലത്ത് ഇടതു വേരോട്ടമുള്ള മണ്ണായിരുന്നു പറവൂരിന്റേത്. സിപിഐയുടെ കുത്തക മണ്ഡലം. ഇതിനെയാണ് വിശ്വാസത്തിലൂന്നിയ പ്രവർത്തനത്തിലൂടെ സതീശൻ മാറോട് ചേർത്തത്. ആ വിശ്വാസം തന്നെയാണു യുഡിഎഫും കോൺഗ്രസും നേരിടുന്ന പ്രതിസന്ധിയുടെ വേളയിൽ സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിക്കുന്നത്.

കേരള, എംജി സർവകലാശാലകളിൽ ദീർഘകാലം യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. എംജി സർവകലാശാലാ യൂണിയൻ ചെയർമാനുമായിരുന്നു. സതീശൻ സംഘടനാ നേതൃത്വത്തിൽ നിന്നു മാറുകയാണെന്നു തോന്നിച്ച സമയത്താണ് എൻഎസ്യു സെക്രട്ടറിയായി നിയമിതനായത്. കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റാകുമെന്നു കരുതിയെങ്കിലും നടന്നില്ല. കാർത്തികേയനൊപ്പം കൂടു മാറിയതാണ് ഇതിന് കാരണം.

നെട്ടൂർ സ്വദേശിയായ സതീശൻ 1996 ലെ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കാനെത്തുമ്പോൾ പറവൂർ ഇടതു കോട്ടയായിരുന്നു. ആദ്യ വട്ടം സിപിഐയിലെ പി.രാജുവിനോടു പരാജയപ്പെട്ടെങ്കിലും മടങ്ങിയില്ല. പറവൂരിനെ പ്രവർത്തന കേന്ദ്രമാക്കി അങ്ങനെ ആ നാട് സതീശന്റേതായി. 2001 ൽ രണ്ടാം പോരിൽ സിറ്റിങ് എംഎൽഎ പി.രാജുവിനെ വീഴ്‌ത്തി. പിന്നീടു കെ.എം.ദിനകരൻ, മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, പികെവിയുടെ മകൾ ശാരദ മോഹൻ, സിപിഐ സംസ്ഥാന സമിതി അംഗം എം ടി. നിക്‌സൺ എന്നിവരെ എല്ലാം തോൽപ്പിച്ച് മുന്നേറ്റം.

കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സതീശനുമുണ്ടാകുമെന്നു പ്രതീക്ഷിച്ചവർ ഏറെയെങ്കിലും നടന്നില്ല. പിന്നീട്, കോൺഗ്രസ് പുനഃസംഘടനയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി. കേരള രാഷ്ട്രീയത്തിൽ നിന്നു പുറത്തായെന്നു തോന്നിച്ചപ്പോഴാണു കെപിസിസി വൈസ് പ്രസിഡന്റായി നിയോഗിക്കപ്പെട്ടത്. നിയമസഭയിൽ ഏതു വിഷയവും സൂക്ഷ്മതയോടെ തലനാരിഴ കീറി പരിശോധിക്കുന്ന പാർലമെന്റേറിയനാണ് വിഡി.

മികച്ച എംഎൽഎയ്ക്കുള്ള 2 ഡസനിലേറെ അവാർഡുകളാണ് അദ്ദേഹത്തിനു ലഭിച്ചിട്ടുള്ളത്.ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ, സതീശൻ സഭയിൽ അവതരിപ്പിച്ചത് 33 അടിയന്തര പ്രമേയങ്ങൾ. അതു കേരള നിയമസഭാ ചരിത്രത്തിലെ റെക്കോർഡാണ്. കഴിഞ്ഞ 5 വർഷത്തിനിടെ അവതരിപ്പിച്ചത് 25 അടിയന്തര പ്രമേയം. അതാകട്ടെ, കഴിഞ്ഞ സഭയിലെ റെക്കോർഡ്. ഒരു പതിറ്റാണ്ടിനിടെ നിയമസഭ പാസാക്കിയ മിക്കനിയമങ്ങളിലും അദ്ദേഹത്തിന്റെ സ്വാധീനവും സംഭാവനയും ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനായിരുന്നു.

സാമ്പത്തിക വിഷയങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യാൻ കഴിവുള്ള സതീശൻ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ധനമന്ത്രിയാകുമെന്നാണ് കരുതിയിരുന്നത്. ലോട്ടറി, മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളിൽ ധനമന്ത്രി തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശനാണ്. എറണാകുളം മരട് സ്വദേശിയായ സതീശൻ 2001ലാണ് പറവൂരിൽ ആദ്യം മത്സരിച്ചത്. സിപിഐയിലെ കെ.എം.ദിനകരനായിരുന്നു എതിരാളി. 7,792 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 2006ലും ദിനകരനെ തോല്പിച്ചു. 2011ലും 2016 ലും വിജയം ആവർത്തിച്ചു. പി.കെ. വാസുദേവൻനായരുടെ മകൾ ശാരദാ മോഹനനെയാണ് 2016ൽ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 20,634 വോട്ട്. ഇത്തവണ 21,301 വോട്ടുകളുടെ ഭൂരിപക്ഷം.

പ്രളയ പുനരധിവാസത്തിന് സതീശന്റെ നേതൃത്വത്തിൽ ആരംഭിച്ച പുനർജനി പദ്ധതിക്ക് നിയമവിരുദ്ധമായി വിദേശസഹായം സ്വീകരിച്ചെന്ന പരാതിയുൾപ്പെടെ പ്രചാരണ വിഷയമാക്കിയായിരുന്നു ഇത്തവണ ഇടതു പ്രചരണം. എന്നാൽ ഇതെല്ലാം പറവൂരുകാർ തള്ളിക്കളഞ്ഞു.