തിരുവനന്തപുരം: തനിക്കെതിരെ സിപിഎം സൈബർ വിഭാഗം തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.ഫേസ്‌ബുക്കിലൂടെ ഒരു സ്ത്രീയോട് മോശമായി പ്രതികരിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടുകളെക്കുറിച്ച് ഉണ്ടായ വിവാദത്തെക്കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് കാര്യങ്ങൾ വിശദീകരിച്ചത്.

'തെറ്റായ പ്രചാരണങ്ങളാണ് സിപിഎം സൈബർ വിഭാഗം നടത്തുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. എന്റെ ഫേസ്‌ബുക്കിലൂടെ ഒരു സ്ത്രീക്കെതിരെ ഞാൻ മോശമായി സംസാരിച്ചെന്ന രീതിയിലാണ് പ്രചാരണം. ആ പരാതിയെക്കുറിച്ച് പൊലീസും ഫേസ്‌ബുക്കും അന്വേഷിച്ചതാണ്. ഞാനോ എന്റെ അഡ്‌മിനോ അതിൽ പങ്കില്ലെന്നും മറ്റാരോ നുഴഞ്ഞുകയറിയതാണെന്നും ഈ സർക്കാരിന്റെ പൊലീസ് തന്നെ കണ്ടുപിടിച്ചതാണ്. ആ കേസ് അവസാനിപ്പിച്ചതുമാണ്.

ഞാൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇതു വീണ്ടും പ്രചരിപ്പിക്കുകയാണ്. ഇത് ഇന്ത്യ മുഴുവൻ ഉള്ളതാണ്. എന്നാൽ കേരളത്തിൽ കുറച്ച് കൂടുതലാണ്. സിപിഎമ്മിന്റെ സൈബർ വിഭാഗം ആളുകളെ വ്യക്തിഹത്യ ചെയ്യുകയാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ അത് നേരിട്ടിട്ടുണ്ട്. ശക്തമായി മറികടക്കുകയും ചെയ്യും.' വിഡി സതീശൻ പറഞ്ഞു.