- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രി ശശീന്ദ്രനെ വെറുതെ വിട്ടു; മുട്ടിൽ മരം മുറിയിൽ പരാജയമായി; ശിവൻകുട്ടിയെ രാജിവയ്പ്പിക്കുന്നതിൽ തോറ്റു തുന്നംപാടി; കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ വാചക കസർത്തിൽ മാത്രമൊതുക്കി സർക്കാരിനെ രക്ഷിച്ചു; വിഡി സതീശനെതിരെ പടപ്പുറപ്പാട്; 'ഹണിമൂൺ' കഴിയും മുമ്പേ പരാതി
കൊച്ചി: വിഡി സതീശൻ പ്രതിപക്ഷ നേതാവായിട്ട് മാസങ്ങൾ ഏറെയായിട്ടില്ല. കൺറ്റോൺമെന്റ് ഹൗസിലെ ഹണിമൂൺ കാലവും തീർന്നില്ല. അതിന് മുമ്പേ പരാതികൾ സജീവമാകുകയാണ്. ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ ഹൈക്കമാണ്ട് എടുത്ത തീരുമാനങ്ങൾ പാളിയെന്ന് വരുത്താനാണ് നേരത്തെയുള്ള ഈ പരാതി. കേരളത്തിലെ പ്രതിപക്ഷ നേതാവിനും പാർട്ടി നേതൃത്വത്തിനുമെതിരേ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി കിട്ടിയെങ്കിലും അതിനെ തൽകാലം ഗൗരവത്തോടെ എടുക്കില്ല.
മന്ത്രിയായ എകെ ശശീന്ദ്രനെ വെട്ടിലാക്കാൻ കിട്ടിയ സുവർണ്ണാവസരം പ്രതിപക്ഷം പാഴാക്കിയെന്നതാണ് പ്രധാന ആക്ഷേപം. മുട്ടിൽ മരം മുറിയിലും നേട്ടം ഉണ്ടാക്കിയില്ല. മന്ത്രി വി ശിവൻകുട്ടിക്കെതിരെയുള്ള കോടതി പരമാർശവും വേണ്ട വിധം ഉപയോഗിച്ചില്ല. നിയമസഭയിൽ മുഖ്യമന്ത്രിയുമായി ഒത്തുകളിക്കുന്നുവെന്ന സൂചനകളുമായാണ് പരാതി. സർക്കാരിനെതിരായ വിമർശനം ഭരണപക്ഷത്തെ കെകെ ശൈലജ ടീച്ചറും കെബി ഗണേശ് കുമാറുമാണ് പൊതു സമൂഹത്തിന് മുന്നിലെത്തിച്ചതെന്നാണ് കണ്ടെത്തൽ.
സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തേണ്ട വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും നേതൃത്വം മൃദുസമീപനം സ്വീകരിച്ചുവെന്നാണ് കത്തിൽ പറയുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവരെ ലക്ഷ്യംവച്ചാണ് കത്ത് അയച്ചിരിക്കുന്നത്. സതീശനും മുഖ്യമന്ത്രി പിണറായിയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്ന് വരുത്താനാണ് ശ്രമം. ലോക്‌സഭാ ടിവിയിൽ പിണറായിയെ അഭിമുഖം ചെയ്തത് സതീശനായിരുന്നു. ഇതടക്കം ചർച്ചയാക്കുകയാണ് പരാതിയിലൂടെ ലക്ഷ്യമിടുന്നത്.
ഗ്രൂപ്പ് നേതാക്കളുടെ അറിവോടെ അവരുമായി ചേർന്ന് നിൽക്കുന്ന ചില നേതാക്കളാണ് കത്തിന് പിന്നിലെന്നാണ് വിവരം.പുതിയ നേതൃത്വവും പ്രതിപക്ഷ നേതാവും നടത്തിയ ആദ്യ അഞ്ച് മാസത്തെ പ്രവർത്തനം വിലയിരുത്തിയാൽ പരാജയമാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. യുഡിഎഫ് കൺവീനറായി കെ മുരളീധരനെ കൊണ്ടു വരാനുള്ള നീക്കത്തെ ഗ്രൂപ്പ് മാനേജർമാർ എതിർത്ത് തോൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ മുൾമുനയിൽ നിർത്തുന്ന കോൺഗ്രസിന്റെ കത്ത്.
മുട്ടിൽ മരംമുറി കേസ്, മന്ത്രി എ.കെ ശശീന്ദ്രനെതിരായ പീഡനക്കേസ് ഒത്തുതീർപ്പ് ആരോപണം, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളിലൊന്നും സർക്കാരിനെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിരോധത്തിലാക്കാൻ കഴിഞ്ഞില്ലെന്നാണ് പരാതി. സഭ സ്തംഭിപ്പിച്ച് പോലും ശശീന്ദ്രന്റെ രാജി ഉറപ്പാക്കണമായിരുന്നു. ഇതിനൊപ്പം ശിവൻകുട്ടിയുടെ മന്ത്രിയായുള്ള കറങ്ങി നടക്കലും പ്രതിപക്ഷത്തിന്റെ പരാജയമാണ്. കൊടകരയിലെ കള്ളപ്പണത്തിൽ ബിജെപിയെ തുറന്നു കാട്ടാനും കഴിഞ്ഞില്ലെന്നാണ് കത്ത്.
പാർട്ടിയിൽ ഒരുതരത്തിലുള്ള കൂടിയാലോചനയും നടക്കുന്നില്ല. സർക്കാരിനെതിരെ പ്രതിഷേധങ്ങൾ സഭയ്ക്ക് അകത്തും പുറത്തും ഏകോപിപ്പിക്കുന്നതിന് പാർട്ടിയും പ്രതിപക്ഷവും ഒരുമിച്ച് നിൽക്കുന്നില്ല. മാധ്യമങ്ങളിൽ വന്ന് പ്രസ്താവന നടത്തി മടങ്ങുക എന്നതിനപ്പുറം ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല. ഇത് ആദ്യമായാണ് പ്രതിപക്ഷ നേതാവിനെതിരെ പരാതികൾ കോൺഗ്രസിനുള്ളിൽ നിന്ന് ഉയരുന്നതും അത് കത്തായി ഹൈക്കമാണ്ടിന് മുമ്പിലെത്തുന്നത്. മുമ്പ് പ്രതിപക്ഷ നേതാവായ കോൺഗ്രസ് നേതാക്കൾക്കൊന്നും ഈ പ്രതിസന്ധിയെ നിരിടേണ്ടി വന്നിട്ടില്ല.
പാർട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ കഴിയാതിരുന്നതോടെയാണ് നേതൃമാറ്റമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയത്. വി.ഡി സതീശനും, കെ സുധാകരനും അതിന്റെ ഗുണമെത്തി. ഇത് ഗ്രൂപ്പ് മാനേജർമാർക്ക് പിടിച്ചിരുന്നില്ല. സുധാകരനെക്കാൾ ഇവർ സതീശനെയാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ