- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഏൽപ്പിച്ച ഏജൻസിയുടെ തലവൻ അലോക് വർമ പുറത്തു വിട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ; ലിഡാർ സർവെ എന്നത് തട്ടിക്കൂട്ടിയ സർവെ; സിൽവർ ലൈനിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സിൽവർ ലൈനിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ ഏൽപ്പിച്ച ഏജൻസിയുടെ തലവൻ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും പദ്ധതിയിൽ നിന്നും അടിയന്തരമായി സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി കാണുന്ന കെ- റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ കെട്ടുകഥയാണെന്ന് കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവൻ അലോക് വർമ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിൽവർ ലൈനിൽ നിന്ന് സർക്കാർ എത്രയും പെട്ടെന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
സർക്കാർ ഏൽപ്പിച്ച ഏജൻസിയുടെ തലവൻ അലോക് വർമ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ലിഡാർ സർവെ എന്നത് തട്ടിക്കൂട്ടിയ സർവെ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നേരത്തെ തന്നെ പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞ കാര്യമാണ്. ഏരിയൽ സർവെ നടത്തിയാൽ ഒരിക്കലും കൃത്യമായ വിവരങ്ങൾ ലഭിക്കില്ല. എത്ര വീടുകൾ പൊളിക്കേണ്ടി വരും? എത്ര പേരെ കുടിയൊഴിപ്പിക്കേണ്ടി വരും? എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങളൊക്കെ നേരിട്ട് നടത്തുന്ന സർവെയിലൂടെയാണ് വ്യക്തമാകുക.
വ്യക്തമായ ഒരു റിപ്പോർട്ട് പോലും ഇല്ലാതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പാരിസ്ഥികാഘാത പഠനം നടത്തിയിട്ടില്ല, സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല, കേന്ദ്ര സർക്കാരിന്റെ അനുമതിയില്ല, നേരായ രീതിയിൽ സർവെ നടത്തിയിട്ടില്ല. പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച എല്ലാ കാര്യങ്ങളും ശരിവെക്കുന്നതാണ് ഇപ്പോൾ ഇന്ത്യൻ സിസ്ട്രയുടെ തലവൻ അലോക് വർമ വെളിപ്പെടുത്തിയിരിക്കുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു.
സർക്കാർ ഇതുവരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവനും ജനങ്ങളേയും ഇരകളായി മാറുന്ന പാവങ്ങളേയും കബളിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതിയാണ്. അതുകൊണ്ടുതന്നെ ഇതിൽ നിന്ന് സർക്കാർ അടിയന്തിരമായി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.