- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവയ്ക്കണം; നിയമവിരുദ്ധമായ കാര്യങ്ങൾക്ക് മേലൊപ്പ് ചാർത്തേണ്ടയാളല്ല ഗവർണർ; സർവ്വകലാശാലാ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ അനധികൃതമായും വഴിവിട്ടും ഇടപെട്ട ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചാൻസലർ കൂടിയായ ഗവർണറാണ് കണ്ണൂർ വി സിക്ക് പുനർ നിയമനം നൽകിയതെന്നും സർക്കാരിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി അയച്ച രണ്ട് കത്തുകളും സർക്കാർ ഇടപെടൽ വ്യക്തമാക്കുന്നതാണ്. മന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ തെറ്റായ തീരുമാനമെടുത്തത്.
സർക്കാരിന്റെ നിയമവിരുദ്ധമായ കാര്യങ്ങൾക്ക് മേലൊപ്പ് ചാർത്തേണ്ടയാളല്ല ഗവർണർ. അന്നു താൻ ചെയ്തത് തെറ്റായിപ്പോയെന്ന് ഗവർണർ ഇപ്പോൾ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്യാൻ സർക്കാരിനെ പ്രേരിപ്പിച്ചതും സമ്മർദ്ദം ചെലുത്തിയതും സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമാണ്. നിയമവിരുദ്ധമായാണ് ചാൻസലർ നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിലേക്കും ചാൻസലറുടെ അധികാരങ്ങളിലേക്കുമുള്ള കടന്നുകയറ്റമാണ് മന്ത്രി നടത്തിയത്. നിയമത്തിനുള്ളിൽ നിന്നു മാത്രമെ മന്ത്രിമാർക്ക് പ്രവർത്തിക്കാനാകൂ. ഇതിനു വിരുദ്ധമായി പ്രവർത്തിച്ച് സത്യ പ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജി വയ്ക്കണം.
സർവകലാശാലകളിലെ എല്ലാ നിയമനങ്ങളിലും ആരോപണം ഉയരുകയാണ്. ഒഴിവുകളിലേക്ക് പാർട്ടി നേതാക്കളുടെ ബന്ധുക്കളെയാണ് നിയമിച്ചിരിക്കുന്നത്. ഇതിനുള്ള ഉപകാരസ്മരണയായാണ് വി സിയുടെ പുനർനിയമനം. സേർച്ച് കമ്മിറ്റിയിലെ ചാൻസലറുടെ നോമിനിയെ കൂടി സർക്കാർ നിയമിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഗവർണറാണ് പുനർനിയമനം നടത്തിയെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. അഴിമതിയും സ്വജനപക്ഷപാതവും നിയമലംഘനവുമാണ് സർവകലാശാലകളിൽ നടക്കുന്നത്-വിഡി സതീശൻ പറഞ്ഞു