- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; സിഐക്കെതിരെ നടപടി വേണമെന്ന് വി ഡി സതീശൻ; പെൺകുട്ടികളോടും സ്ത്രീകളോടും സഭ്യമായി പെരുമാറാൻ അറിയാത്തയാൾ നിയമപാലകനായിരിക്കാൻ യോഗ്യനല്ലെന്നും വിമർശനം
തിരുവനന്തപുരം: യുത്ത്‌കോൺഗ്രസ്സ് നേതാക്കൾക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കന്റോൺമെന്റ് സിഐക്കെതിര രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.നവോത്ഥാന ചരിത്രവും സ്ത്രീ സുരക്ഷയും നിരന്തരം ഓർമ്മിപ്പിക്കുന്ന മുഖ്യമന്ത്രി ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പെൺകുട്ടികളോടും സ്ത്രീകളോടും സഭ്യമായി പെരുമാറാൻ അറിയാത്തയാൾ നിയമപാലകനായിരിക്കാൻ യോഗ്യനല്ല.എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയും ജാതീയമായി അപമാനിക്കുകയും ചെയ്തിട്ടും ചെറുവിരൽ അനക്കാതിരുന്ന പൊലീസാണ് ഇവിടുത്തേത്. സിപിഐ മന്ത്രിമാർ മൗനം അലങ്കാരമാക്കിയതു പോലെയാണ് ഞങ്ങളുമെന്നു കരുതരുതെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.ഫേസ്‌ബുക്ക് പോസ്റ്റിലുടെയായിരുന്നു പ്രതികരണം
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സ്ത്രീകളോട് പൊതുസമൂഹം എങ്ങനെ പെരുമാറുന്നുവെന്ന അളവുകോൽ വച്ചാണ് ഒരു സമൂഹം പരിഷ്‌കൃതമാണോയെന്ന് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ കേരളം പരിഷ്‌കൃത സമൂഹമല്ലെന്നു പറയേണ്ടി വരുമെന്ന്, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണ്. നീതി തേടിയെത്തുന്ന സ്ത്രീകളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും പരിഹസിക്കുന്നതും അപമാനിക്കുന്നതും കേരളത്തിൽ പതിവ് രീതിയായി മാറിയിരിക്കുകയാണ്.
സ്വന്തം കുഞ്ഞിനെ തേടുന്ന ഒരമ്മയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളോടുള്ള പൊലീസിന്റെ സമീപനം എന്തായിരുന്നു? പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ വനിതാ നേതാക്കൾക്കെതിരെ കടുത്ത സ്ത്രീവിരുദ്ധ പരാമർശമാണ് കന്റോൺമെന്റ് സിഐ നടത്തിയത്. പൊലീസ് കസ്റ്റഡിയിൽ നേരിട്ട അവഹേളനത്തെ കുറിച്ചും അപമാനത്തെ കുറിച്ചും യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർ ഫേസ്‌ബുക്കിൽ പറഞ്ഞിട്ടുണ്ട്.
ആ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഞാൻ ഇവിടെ ആവർത്തിക്കുന്നില്ല. ഇതാണോ കേരള പൊലീസിന്റെ നയവും ഭാഷയുമെന്ന് മുഖ്യമന്ത്രി പറയണം. നവോത്ഥാന ചരിത്രവും സ്ത്രീ സുരക്ഷയും നിരന്തരം ഓർമ്മിപ്പിക്കുന്ന മുഖ്യമന്ത്രി ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണം. പെൺകുട്ടികളോടും സ്ത്രീകളോടും സഭ്യമായി പെരുമാറാൻ അറിയാത്തയാൾ നിയമപാലകനായിരിക്കാൻ യോഗ്യനല്ല.
എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയും ജാതീയമായി അപമാനിക്കുകയും ചെയ്തിട്ടും ചെറുവിരൽ അനക്കാതിരുന്ന പൊലീസാണ് ഇവിടുത്തേത്. സിപിഐ മന്ത്രിമാർ മൗനം അലങ്കാരമാക്കിയതു പോലെയാണ് ഞങ്ങളുമെന്നു കരുതരുത്.
സമരമുഖത്ത് തല്ലിച്ചതച്ചാലും സൈബർ ആക്രമണം നടത്തിയാലും തകരുന്നതല്ല ഞങ്ങളുടെ പോരാട്ടവീര്യം. ഭരണത്തിന്റെ തണലിൽ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥൻ അഹങ്കാരവും കൈയൂക്കും കാട്ടാമെന്നോ ഞങ്ങളുടെ സഹോദരിമാരെ അപമാനിക്കമെന്നോ കരുതേണ്ട. ഞങ്ങളുടെ പെൺകുട്ടികളെ വാക്കുകൾ കൊണ്ടുപോലും അരക്ഷിതരാക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കും.
മറുനാടന് മലയാളി ബ്യൂറോ