- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭ അടിച്ച് പൊളിക്കുന്നതല്ല ശക്തമായ പ്രവർത്തനം; ഗ്രൂപ്പ് മാനേജർമാരുടെ പരാതിയിൽ പ്രതികരണവുമായി വി ഡി സതീശൻ; ഇങ്ങനെ തുടർന്നാൽ മതിയെന്ന് മുതിർന്ന് നേതാക്കളുടെ പൂർണ പിന്തുണയുണ്ട്; പ്രതിപക്ഷത്തിന്റെ പ്രവർത്തനം നല്ല നിലയ്ക്കാണ് പോകുന്നതെന്നും പ്രതിപക്ഷ നേതാവ്
കൊച്ചി: പ്രതിപക്ഷത്തിനും സംസ്ഥാന നേതൃത്വത്തിനും സംസ്ഥാന സർക്കാരിനോട് മൃദുസമീപനമാണെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പ് മാനേജർമാർ ഹൈക്കമാൻഡിന് നൽകിയ പരാതികൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിനോട് മൃദുസമീപനമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നോ അത്തരം പരാതികളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ അടിച്ച് പൊളിക്കുന്നതല്ല ശക്തമായ പ്രവർത്തനമെന്നും സതീശൻ കൂട്ടിച്ചേർത്തു.
പുതിയ നേതൃത്വവും പ്രതിപക്ഷ നേതാവും നടത്തിയ ആദ്യ അഞ്ച് മാസത്തെ പ്രവർത്തനം വിലയിരുത്തിയാൽ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ചിലർ ഹൈക്കമാൻഡിന് കത്തയച്ചതായ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനോടുള്ള സമീപനമെന്താണെന്ന് എല്ലാവരും കാണുന്നതല്ലേ. എല്ലാ ദിവസവും നിയമസഭയിൽ ബഹളം ഉണ്ടാക്കുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നില്ലെന്നത് ശരിയാണ്. പരാതികളുണ്ടെന്ന് പറയുന്നതിനെക്കുറിച്ച് അറിയില്ല, പ്രതിപക്ഷത്തിന്റെ പ്രവർത്തനം നല്ല നിലയ്ക്കാണ് പോകുന്നതെന്നും ഇങ്ങനെ തുടർന്നാൽ മതിയെന്നും പൂർണ പിന്തുണയുണ്ടെന്നുമാണ് മുതിർന്ന് നേതാക്കൾ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുട്ടിൽ മരംമുറി കേസ്, മന്ത്രി എ കെ ശശീന്ദ്രനെതിരായ പീഡനക്കേസ് ഒത്തുതീർപ്പ് ആരോപണം, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളിലൊന്നും സർക്കാരിനെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിരോധത്തിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് മാനേജർമാർ ഹൈക്കമാൻഡിന് നൽകിയ പരാതി.
പ്രതിപക്ഷം ദുർബലമാണ്. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തേണ്ട വിഷയങ്ങളിൽ സമരത്തിന് കരുത്തില്ല. നിരാശപ്പെടുത്തുന്ന പ്രകടനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റേതും എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെ മുൾമുനയിൽ നിർത്താവുന്ന വിഷയങ്ങൾ ലഭിച്ചിട്ടും പ്രതിപക്ഷനേതൃത്വവും കെപിസിസി പ്രസിഡന്റും മൃദു സമീപനമാണ് കൈക്കൊള്ളുന്നതെന്നും കത്തിൽ ആരോപിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ