- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി നേതാവ് മകളുടെ കൈയിൽ പിടിച്ച വിഷയമല്ലേയെന്ന് പതാവ് ചോദിച്ചപ്പോൾ അതേ എന്നായിരുന്നു മന്ത്രിയുടെ മറുപടി; ജാള്യതകൊണ്ട് തലകുനിച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇരിക്കുന്നത്; വനം മന്ത്രിയെ മുഖ്യമന്തി സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്ത്രീപീഡന പരാതിയിൽ ഇടപെട്ട് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു പെൺകുട്ടി പരാതി നൽകിയിട്ട് 22 ദിവസം എഫ്.ഐ.ആർ പോലും ഇടാതെ മന്ത്രിയുടെ ഇടപെടലിൽ പരാതി പൊലീസ് ഫ്രീസറിൽ വച്ചു.
സ്ത്രീപീഡന പരാതിയിൽ മന്ത്രി ഇടപെട്ട് അട്ടിമറിക്കാൻ ശ്രമിച്ചെന്ന വിഷയത്തിൽ മറുപടി പറയാനാകാതെ ജാള്യതകൊണ്ട് തലകുനിച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇരിക്കുന്നത്. മന്ത്രിക്കു വേണ്ടി അനാവശ്യമായ ന്യായീകരണമാണ് മുഖ്യമന്ത്രി നടത്തിയത്. പരാതി നൽകിയ പെൺകുട്ടിയുടെ പതാവിനെ ഫോണിൽ വിളിച്ച് മന്ത്രി സംസാരിച്ചത് കേരളം മുഴുവൻ കേട്ടു.
പാർട്ടി നേതാവ് മകളുടെ കൈയിൽ പിടിച്ച വിഷയമല്ലേയെന്ന് പതാവ് ചോദിച്ചപ്പോൾ അതേ എന്നായിരുന്നു മന്ത്രിയുടെ മറുപടി. അപ്പോൾ സ്ത്രീപീഡനമാണെന്ന് അറിയാതെയാണ് വിഷയത്തിൽ ഇടപെട്ടതെന്ന മന്ത്രിയുടെ വിശദീകരണം അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന ആരോപണം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പാർട്ടി നേതാവിനെതിരെ മകൾ നൽകിയ കേസ് നല്ല രീതിയിൽ തീർക്കണമെന്നാണ് മന്ത്രി പിതാവിനോട് ഫോണിൽ ആവശ്യപ്പെട്ടത്. സ്ത്രീ പീഡനത്തിന്റെ പരിധിയിൽ വരുന്നൊരു കേസ് എങ്ങനെയാണ് നല്ലരീതിയിൽ തീർക്കുന്നത്? സ്ത്രീ പീഡന കേസുകൾ അദാലത്ത് വച്ച് തീർക്കാനാകുമോ? പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ചെയ്തിരിക്കുകയാണ്.
വന്മതിലിനെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും സ്ത്രീപക്ഷത്തെ കുറിച്ചുമൊക്കെയാണ് സിപിഎം പറയുന്നത്. ഇതാണോ സിപിഎമ്മിന്റെ സ്ത്രീപക്ഷം? സ്ത്രീ പീഡനങ്ങളുടെയും സ്ത്രീധന മരണങ്ങളുടെയും നടക്കുന്ന ഈ കെട്ടകാലത്ത് എല്ലാവരും ക്യാമ്പയിനുകൾ നടത്തുകയാണ്. ഇതിനിടയിലാണ് സ്ത്രീപീഡന കേസ് ഒതുക്കാൻ മന്ത്രി ശ്രമിച്ചത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ നവോത്ഥാനം.
മുഖ്യമന്ത്രി എന്ന നിലയിൽ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് അങ്ങ് ഇപ്പോൾ മന്ത്രിയെ സംരക്ഷിക്കാനായി പറയുന്നത്. 22 ദിവസമായിട്ടും എഫ്.ഐ.ആർ ഇടാത്ത പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പരാതി ഒതുക്കാൻ പെൺകുട്ടിയുടെ പിതാവിനെ വിളിച്ച മന്ത്രി ആരെയൊക്കെ വിളിച്ചുകാണും? സ്ത്രീപീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയ മന്ത്രി ഒരു നിമിഷം പോലും മന്ത്രിസഭയിൽ തുടരാൻ പാടില്ല. മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം- പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ