പത്തനംതിട്ട: സിപിഐയല്ല, മാണിഗ്രൂപ്പാണ് തങ്ങൾക്ക് വലുതെന്ന് സിപിഐഎം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് റാന്നിക്ക് അടുത്ത വെച്ചൂച്ചിറ പഞ്ചായത്തിൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി നാടകീയമായ കാര്യങ്ങളാണ് പഞ്ചായത്തിൽ സംഭവിക്കുന്നത്. സിപിഐഎം-മാണി ഗ്രൂപ്പ് ബാന്ധവത്തിനായി രക്തസാക്ഷിത്വം വരിക്കേണ്ടി വന്നത് സിപിഐക്കും. ഭരണത്തിലുണ്ടായിരുന്ന സിപിഐ പഞ്ചായത്ത് പ്രസിഡന്റിനെ കോൺഗ്രസ് പിന്തുണയോടെ വലിച്ചു താഴെയിട്ടാണ് കേരളാ കോൺഗ്രസി(എം)ന്റെ അംഗം റോസമ്മ സ്‌കറിയ ഒമ്പതു മാസം മുൻപ് ഇവിടെ പ്രസിഡന്റായത്. ഈ നീക്കം പാർട്ടി നേതൃത്വത്തിന് സുഖിച്ചില്ല. അവർ അയോഗ്യത കൽപ്പിക്കുന്നതിനുള്ള നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. കാര്യം കുഴയുമെന്ന് കണ്ട് പ്രസിഡന്റ് രാജിവച്ചു. വീണ്ടും ഇന്നലെ തെരഞ്ഞെടുപ്പ് നടന്നപ്പോൾ റോസമ്മ തന്നെ പ്രസിഡന്റായി. പിന്തുണ നൽകിയത് എൽഡിഎഫിലെ സിപിഐഎമ്മും എൻസിപിയും.

സിപിഐയിലെ അംഗങ്ങൾ വിട്ടു നിന്നപ്പോൾ സിപിഎമ്മും എൻസിപിയും ചേർന്ന് വെച്ചൂച്ചിറ പഞ്ചായത്ത് ഭരണം കേരളാ കോൺഗ്രസി(എം)ന് നേടിക്കൊടുത്തു. യു.ഡി.എഫ് പിന്തുണയിൽ ഒമ്പതു മാസം പ്രസിഡന്റായി പഞ്ചായത്ത് ഭരിച്ചയാളെയാണ് ഇപ്പോൾ ഇടതുപക്ഷം അതേ കസേരയിൽ തന്നെ കയറ്റിയത്.

ഓലക്കുളം വാർഡിനെയാണ് റോസമ്മ പ്രതിനിധീകരിക്കുന്നത്. 15 അംഗപഞ്ചായത്തു ഭരണ സമിതിയിൽ കോൺഗ്രസ്- അഞ്ച്, സി.പി.എം-മൂന്ന്, സിപിഐ, എൻസിപി, കേരളാ കോൺഗ്രസ് (എം) എന്നീ പാർട്ടികൾക്ക് രണ്ടു വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. മാണി ഗ്രൂപ്പുകാരനായ സ്‌കറിയ ജോൺ രണ്ടാം വാർഡിൽ നിന്നും സ്വതന്ത്രനായി വിജയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം സ്‌കറിയ ജോണിന്റെ പിന്തുണ നേടി അദ്ദേഹത്തെ വൈസ്പ്രസിഡന്റാക്കി ഇടതുപക്ഷം ഭരണത്തിലെത്തി.

കൂത്താട്ടുകുളം വാർഡു മെമ്പർ സിപിഎമ്മിലെ രേണുകാ മുരളീധരനായിരുന്നു ആദ്യ പ്രസിഡന്റ്. പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി സിപിഐ നിരന്തരം അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് രേണുക രാജിവച്ചു. പിന്നാലെ വൈസ്പ്രസിഡന്റ് സ്ഥാനം രാജിവച്ച സ്‌കറിയാ ജോൺ പ്രസിഡന്റ് സ്ഥാനത്തേക്കു സിപിഐയെ പിന്തുണയ്ക്കാൻ തയാറായില്ല. ഇതോടെ ഭരണം ഇടതുപക്ഷത്തിനു നഷ്ടമായി. കഴിഞ്ഞ നവംബറിൽ കോൺഗ്രസിലെ അഞ്ചംഗങ്ങളുടേയും സ്വതന്ത്രന്റേയും പിന്തുണയിൽ മാണിഗ്രൂപ്പിലെ റോസമ്മ സ്‌കറിയ പ്രസിഡന്റായി.

കോൺഗ്രസിലെ ഷാജി തോമസാണ് വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മാണി ഗ്രൂപ്പിന്റെ പ്രാദേശിക നേതൃത്വത്തിന്റേയും ജില്ലാ ഘടകത്തിന്റേയും നിർദ്ദേശം മറി കടന്നായിരുന്നു കോൺഗ്രസ് പിന്തുണയിലുള്ള വിജയം. ഇതിനെ തുടർന്ന് റോസമ്മ സ്‌കറിയയെ അയോഗ്യ ആക്കണമെന്നാവശ്യപ്പെട്ടുള്ള കേസ് തെരഞ്ഞെടുപ്പു കമ്മിഷനിലും എത്തി. കേസ് പുരോഗമിക്കുന്നതിനിടയിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. മൂന്നാഴ്ച മുമ്പ് റോസമ്മ സ്‌കറിയ പ്രസിഡന്റ് സ്ഥാനം രാജി വച്ചു. തെരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യ ആക്കുന്നത് അടക്കമുള്ള നടപടികളിൽ നിന്നും രക്ഷ നേടുന്നതിന്റെ ഭാഗമായാണ് രാജി ഉണ്ടായതെന്നു പറയുന്നു.

കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു രാജി. പിന്നീട് ഇരു മുന്നണികളും തിരക്കിട്ട ചർച്ചകൾ നടത്തിയെങ്കിലും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കങ്ങൾ. പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ വീണ്ടും അവകാശ വാദം ഉന്നയിച്ചെങ്കിലും സി.പി.എം പ്രാദേശിക നേതൃത്വം അത് അവഗണിച്ചു. ജില്ലാ, താലൂക്ക് ഘടകങ്ങൾ തങ്ങൾക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചപ്പോഴും സി.പി.എം വെച്ചൂച്ചിറ ലോക്കൽ കമ്മറ്റി അത് അംഗീകരിച്ചില്ലെന്നാണ് സിപിഐ ആരോപണം. ഇതിനെ തുടർന്നാണ് ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് സിപിഐയുടെ അംഗങ്ങളായ ടിപി അനിൽകുമാറും ജൈനമ്മ തോമസും ബഹിഷ്‌കരിച്ചത്. എന്നാൽ സിപിഐയ്ക്ക് വിജയ സാധ്യത ഇല്ലാതിരുന്നതു കൊണ്ടും കോൺഗ്രസിനെ അധികാരത്തിൽ നിന്നും മാറ്റി നിർത്താനുമായിട്ടാണ് പാർട്ടി മേൽഘടകങ്ങളുടെ അനുമതിയോടെ മാണി ഗ്രൂപ്പുകാരിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നാണ് സിപിഐഎം വിശദീകരണം.

റോസമ്മ സ്‌കറിയായുടെ പേര് വത്സമ്മ നിർദ്ദേശിക്കുകയും സിപിഐഎമ്മിലെ മറിയാമ്മ പിന്തുണയ്ക്കുകയും ചെയ്തു. കോൺഗ്രസിലെ പൊന്നമ്മ ചാക്കോ ആയിരുന്നു എതിർ സ്ഥാനാർത്ഥി. ഇവരുടെ പേര് എസ് അമ്പിളി നിർദ്ദേശിക്കുകയും വൈസ്പ്രസിഡന്റ് ഷാജി തോമസ് പിന്തുണയ്ക്കുകയും ചെയ്തു. സിപിഐയുടെ രണ്ടംഗങ്ങൾ ബഹിഷ്‌കരിച്ചതോടെ പതിമൂന്ന് അംഗങ്ങൾ മാത്രമായി ചുരുങ്ങിയ സമിതിയിൽ അഞ്ചിനെതിരെ എട്ടു വോട്ടുകൾ നേടിയാണ് റോസമ്മ സ്‌കറിയ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായത്. അഞ്ച് കോൺഗ്രസ് അംഗങ്ങളുടേയും രണ്ട് സിപിഐഎം അംഗങ്ങളുടേയും സ്വതന്ത്രനായ സ്‌കറിയാ ജോണിന്റേയും പിന്തുണ ഇവർക്കു ലഭിച്ചു.

ഇനി വൈസ്പ്രസിഡന്റിനെ പുറത്താക്കുക എന്നതായിരിക്കും പുതിയ ഭരണ സമിതിയുടെ നീക്കം. കോൺഗ്രസിലെ ഷാജി തോമസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വക്കുന്നില്ലെങ്കിൽ ഉടൻ തന്നെ അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടു വരാനാണ് തീരുമാനം. തുടർന്നു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഈ സമിതിയുടെ ആദ്യ പതിനൊന്നു മാസത്തെ വൈസ്പ്രസിഡന്റായിരുന്ന സ്‌കറിയാ ജോണിനെ വീണ്ടും ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കാനാണ് ധാരണ എന്നറിയുന്നു. വെച്ചൂച്ചിറ പഞ്ചായത്ത് ഭരണ സമിതിയിൽ അഞ്ചംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി ആയിട്ടും ഭരണത്തിൽ എത്താൻ കഴിയാത്ത ഗതികേടിലാണ് കോൺഗ്രസ്.