ശിരോവസ്ത്രമണിയാതെ സ്ത്രീകൾ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടരുതെന്നാണ് സൗദിയിലെ നിയമം. എന്നാൽ, സൗദിയിലെ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ ഡിസ്‌കൗണ്ട് സെയിൽ നടക്കുന്നിടത്ത് ബുർഖയണിഞ്ഞ സ്ത്രീകൾ നടത്തിയ പിടിവലി ഇപ്പോൾ വൈറലായിരിക്കു കയാണ്. ടിഷർട്ടുകളും ചെറിയ പാവാടകളുമടക്കമുള്ള വസ്ത്രങ്ങൾക്കായാണ് നൂറുകണക്കിന് സ്ത്രീകൾ തിക്കിത്തിരക്കിയെത്തിയത്.

പിടിവലി കൂടിയതോടെ, വസ്ത്രങ്ങൾ ശേഖരിച്ചുവച്ചിരുന്ന റാക്കുകൾ അപ്പാടെ മറിഞ്ഞു വീഴുന്നതും ദൃശ്യങ്ങളിൽക്കാണാം. പെണ്ണുങ്ങളുടെ തിക്കിത്തിരക്ക് കണ്ട് ചിരിച്ചുകൊണ്ടുനിൽക്കന്ന സെക്യൂരിറ്റി ഗാർഡിനെയും മറ്റൊരു യുവാവിനെയും ദൃശ്യങ്ങളിൽ കാണാം. ഈ തിരക്കുകളൊക്കെ ചിത്രീകരിക്കുന്ന മറ്റൊരാളിനെയും കാണാം.

ശിരോവസ്ത്രം അണിയാതെ അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ജർമൻ ചാൻസലർ ആംഗല മെർക്കലും സൗദി രാജാവിനെ സന്ദർശിക്കാനെത്തിയത് വലിയ വാർത്തയായിരുന്നു. മിഷേൽ ഒബാമയും ഹിലരി ക്ലിന്റണും സമാനമായ രീതിയിൽ ശിരോവസ്ത്രം ധരിക്കാതെയാണ് സൗദി സന്ദർശിച്ചിട്ടുള്ളത്.

വസ്ത്രത്തിന്റെ കാര്യത്തിൽ കടുത്ത നിഷ്‌കർഷയുള്ള സൗദിയിൽപ്പോലും ഫാഷനോടുള്ള സ്ത്രീകളുടെ ഭ്രമത്തിന് തെല്ലും കുറവില്ലെന്നാണ് ഈ വിഡിയോ തെളിയിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.