നാട്ടിൽ നിന്നും വിസിറ്റിങിലെത്തി ജോലി തേടി അലഞ്ഞിട്ടും ലഭിക്കാതിരുന്ന മലയാളി യുവാവിന്റെ ആത്മഹത്യാ ഭീഷണി വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുന്നു.അൽ ഖുവൈറിൽ താമസിച്ചിരുന്ന മലയാളി യുവാവാണ് കെട്ടിടത്തിന്റെ ബാൽക്കണിയിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒടുവിൽ രണ്ട് മണിക്കൂർ നീണ്ട ശ്രമങ്ങൾക്ക് ശേഷം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി ക്രെയ്ൻ ഉപയോഗിച്ചാണ് യുവാവിനെ താഴെ ഇറക്കിയത്.

സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയ വഴിയും വൈറലായി. ജോലി ലഭിക്കാതിരുന്നത് മൂലമുണ്ടായ മാനസിക സമ്മർദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

ഒരാഴ്ച മുമ്പാണ് 25 വയസുകാരനായ യുവാവ് ജോലി തേടി ഒമാനിൽ എത്തിയത്. ബന്ധുക്കൾക്കൊപ്പമാണ് അൽ ഖുവൈറിൽ താമസിച്ചിരുന്നത്. ജോലി ശരിയാകാതായതോടെ യുവാവ് കടുത്ത മാനസിക സമ്മർദത്തിലായി. തുടർന്ന് ബുധനാഴ്ച രാത്രി എട്ട് മണിയോടെ ബന്ധുക്കൾ മുറിയിൽ ഇല്ലാത്ത സമയം കതക് അടക്കുകയും ബാൽക്കണിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നു. യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ റോയൽ ഒമാൻ പൊലീസും പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഡിഫൻസും തയാറായിട്ടില്ല.