കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ കോഴിക്കോട് എത്തുന്നതിന് മുമ്പ് തന്നെ ജില്ലയിൽ പണപ്പിരിവ് തകൃതിയായി. പാർട്ടി നേതൃത്വം നേരിട്ട് പിരിക്കുന്നതിന് പുറമെ വീക്ഷണത്തിന്റെ പേരും പറഞ്ഞ് പണപ്പിരിവ് നടത്തുന്നത് കോൺഗ്രസ് മുഖപത്രത്തിന് തന്നെ തിരിച്ചടിയായി.

യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയർമാൻ അഡ്വ:പി ശങ്കരെന്റ നേതൃത്വത്തിലാണ് പിരിവ് നടക്കുന്നത്. പാർട്ടിയുടെ പേരിൽ പിരിക്കുന്നതിന് പുറമെ വീക്ഷണം പത്രത്തിന്റെ പേരിലും പിരിവുണ്ട്. പത്രത്തിന്റെ സപ്ലിമെന്റിനാണെന്നും പറഞ്ഞാണ് ബാങ്കുകളിലും സൊസൈറ്റികളിലും മറ്റ് സ്ഥാപനങ്ങളിലും കയറിയുള്ള പിരിവ്. എന്നാൽ ഇക്കാര്യം വീക്ഷണത്തിലെ ജീവനക്കാർ അറിഞ്ഞത് വൈകിയാണ്.

പടയൊരുക്കം ജില്ലയിലെത്തുമ്പോൾ സപ്ലിമെന്റ് അടിക്കണമെന്നാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. ഇതിെന്റ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ പരസ്യം ചോദിച്ച് ചെല്ലുമ്പോഴാണ് വീക്ഷണത്തിന് പണം കൊടുത്തല്ലോ എന്ന മറുപടി ലഭിക്കുന്നത്. വീക്ഷണത്തിന്റെ പേരിന് പുറമെ, വീക്ഷണം പ്രവാസി കോൺഗ്രസ് എന്ന സംഘടനയുടെ പേരിലും പിരിവ് നടക്കുന്നുണ്ട്. ഇതേത് സംഘടനയാണെന്ന് വീക്ഷണം ജീവനക്കാർ തന്നെ ചോദിക്കുന്നു.

ജില്ലയിലെ പ്രമുഖ നേതാവിന്റെ ഒത്താശയോടെ നേതാക്കൾ തന്നെ പിരിവിന് ഇറങ്ങുമ്പോൾ ഒന്നും പറയാൻ സാധിക്കാത്ത അവസ്ഥയിലാണ് വീക്ഷണം പ്രവർത്തകർ.പാർട്ടിയുടെ പേരിൽ പിരിച്ചാൽ പോരേയെന്നും എന്തിനാണ് പത്രത്തിന്റെ പേരും പറഞ്ഞ് പണപ്പിരിവ് നടത്തുന്നതെന്നുമാണ് അവരുടെ ചോദ്യം.

വീക്ഷണത്തിന്റെ പേര് പറഞ്ഞ് പിരിക്കുന്ന പണമെല്ലാം ഏത് അക്കൗണ്ടിലേക്കാണ് പോവുന്നതെന്നും അവർ ചോദിക്കുന്നു. കാരന്തൂർ, ചേവായൂർ സർവ്വീസ് സഹകരണ ബാങ്കുകളിലെല്ലാം കയറി വീക്ഷണത്തിന്റെ പേരിൽ പിരിവ് നടത്തിക്കഴിഞ്ഞിട്ടുണ്ട്. മറ്റു വഴികളില്ലാതായതോടെ വീക്ഷണം ജീവനക്കാർ പത്രത്തിന്റെ മാനേജിങ് എഡിറ്റർ ശൂരനാട് രാജശേഖരൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ്.

കാസർക്കോട് ഉപ്പളയിൽ നിന്ന് പ്രയാണം ആരംഭിച്ച ജാഥ കടന്നുപോകുന്നയിടങ്ങളിലെല്ലാം വ്യാപകമായാണ് പിരിവ് നടക്കുന്നത്. മദ്യവ്യാപാരികളിൽ നിന്ന് കോൺഗ്രസിന് കാര്യമായി പണപ്പിരിവ് ലഭിക്കില്ലെന്ന് വ്യക്തമായതോടെ മറ്റ് സ്ഥാപനങ്ങളിൽ നിന്നാണ് പ്രധാനമായും പിരിവ്. ഇതിനിടയിലാണ് ജാഥയുടെ പേരിൽ ചില വ്യക്തികൾ സ്വന്തം പോക്കറ്റിലേക്കായും പിരിവ് നടത്തുന്നത്. നേതാക്കൾ പത്രത്തിന്റെ പേരിൽ പിരിവ് തുടങ്ങിയാൽ ചെന്നിത്തലയെത്തുമ്പോൾ എങ്ങിനെ സപ്ലിമെന്റിറക്കും എന്ന ആശങ്കയിലാണ് വീക്ഷണം ജീവനക്കാർ. യു ഡി എഫ് നേതൃത്വത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി പത്ര മാനേജ്മെന്റ് പരാതി നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. 140 മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന പടയൊരുക്കം ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.