കൊച്ചി: പ്ലേറ്റ് എത്തിയത് വൈകി. ടെക്‌നിക്കൽ പ്രശ്‌നമുള്ളതിനാൽ ഫയൽ ഓപ്പൺ ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് ഓപ്പൺ ചെയ്തപ്പോൾ പ്രസിൽ അനുവദിച്ച സമയം ആയിരുന്നു. അതിനാൽ വേണ്ടത്ര ശ്രദ്ധിക്കാതെ പ്രിന്റിംഗിന് വിട്ടു- വീക്ഷണത്തിലെ ആദരാജ്ഞലി വിവാദത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കിട്ടുന്ന വിശദീകരണം ഇതാണ്. നേതാക്കൾക്കിടയിലെ ഗൂഢാലോചന ആരും സംശയിക്കുന്നില്ല. എന്നാൽ വീക്ഷണം ജീവനക്കാർക്കിടയിലെ അസംതൃപ്തിയിൽ സംശയമുണ്ട്. ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നവർ പ്രതികാരം തീർത്തതാണോ ചെന്നിത്തലയുടെ കേരള ഐശ്വര്യയാത്രയുടെ സപ്ലിമെന്റിൽ ആദരാജ്ഞലിയെ എത്തിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

പാർട്ടി സ്ഥാപനങ്ങൾ ഒരാളെ ചുമതല ഏൽപ്പിച്ചാൽ ആയാളുടെ തലവേദനയാണ്. അവിടെ സർവ്വാധികാരം കിട്ടും. വിവാദം വരുമ്പോൾ മാത്രമാണ് പാർട്ടി ഇടപെടുന്നത്. അല്ലെങ്കിൽ കാശു തീരുമ്പോൾ. പലപ്പോഴും നേതൃത്വത്തിൽ എത്തുന്നവർ യോഗ്യത ഇല്ലാത്ത സ്വന്തക്കാരെ നിയമിക്കുന്നതാണ് എല്ലാത്തിനും പ്രശ്‌നം. വീക്ഷണത്തിൽ ബിജെപി അനുഭാവിയെ എച്ച് ആർ മാനേജർ ആക്കിയതുൾപ്പെടെയുള്ള വിഷയങ്ങൾ ഇപ്പോൾ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രദ്ധയിൽ എത്തിയിട്ടുണ്ട്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട ആളാണ് പിന്നീട് ജനറൽ മാനേജരായി ഉയർന്നത്. ഇതിലെല്ലാം ജീവനക്കാർക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനൊപ്പം ശമ്പളമില്ലായ്മയും പ്രതിസന്ധിയായി. ഇത്തരം വിഷയങ്ങൾ പുതിയ വിവാദത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

വാർഷിക വരിക്കാർക്ക് പത്രം കൊടുക്കാത്ത സ്ഥിതിയും പലപ്പോഴും ഉണ്ടാകുന്നുണ്ട്. നിലവിൽ തിരുവനന്തപുരം എഡിഷനാണ് കൃത്യമായി പ്രവർത്തിക്കുന്നത്. യൂണിറ്റ് ബ്രേക്ക് ഇവനിലേക്ക് പോകുന്നു. സെൻട്രൽ ഡസ്‌ക് കൊച്ചയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ജയ്ഹിന്ജ് പോലെ വീക്ഷണവും പൂട്ടുന്ന അവസ്ഥയിലാണെന്ന പരാതിയും ജീവനക്കാർക്കുണ്ട്. പാർട്ടി നേതൃത്വം രണ്ട് സ്ഥാപനങ്ങളിലും ഇടുപെടുന്നില്ലെന്നാണ് ആക്ഷേപം. പെട്ടിയെടുപ്പുകാരെ വെച്ച് ആള് കളിപ്പിക്കുന്നു എന്ന് ജീവനക്കാർ പരാതിപ്പെടുന്നു. ജയ്ഹിന്ദിൽ ഇടതു അനുഭാവിയെ എക്‌സിക്യൂട്ടീവ് എഡിറ്ററാക്കാനുള്ള തീരുമാനവും കോൺഗ്രസ് നേതാക്കളുടെ ശ്രദ്ധയിൽ വീക്ഷണത്തിലെ ജീവനക്കാർ തന്നെ കൊണ്ടു വരുന്നു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള പാർട്ടിപത്രത്തിലെ സപ്ലിമെന്റിൽ ആശംസകൾക്കു പകരം ആദരാഞ്ജലികൾ എന്ന് അച്ചടിച്ചതു വലിയ വിവാദമായി മാറിയിട്ടുണ്ട്. കേരളയാത്ര തുടങ്ങുന്ന ദിവസം കാസർഗോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് വീക്ഷണം പത്രം പുറത്തിറക്കിയ പ്രത്യേക പേജിലാണ് വിവാദ വാചകം കടന്നുകൂടിയത്. ജാഥയ്ക്ക് ആശംസകൾ നേർന്നുള്ള വിവിധ സഹകരണ ബാങ്കുകളുടെ പരസ്യത്തിന് മേൽ ആദരാഞ്ജലികൾ എന്ന് അച്ചടിച്ചുവന്നത് പാർട്ടിക്കുള്ളിൽ വലിയ തർക്കങ്ങൾക്ക് വഴിവച്ചു.

സംഭവത്തെ പരിഹസിച്ച് സിപിഎം. പ്രവർത്തകർ സാമൂഹികമാധ്യമങ്ങളിൽ എത്തിയതോടെ, വീക്ഷണം മാനേജ്മെന്റ് ജാഥയെ അവഹേളിക്കാൻ ചിലർ നടത്തിയ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി. പരസ്യത്തിന്റെ പ്രൂഫ് വായന പൂർത്തിയാക്കിയശേഷമാണ് തിരുത്തുവരുത്തിയിട്ടുള്ളതെന്നു പത്രം ചൂണ്ടിക്കാട്ടി. കാസർഗോഡ് ബ്യൂറോയുടെ മേൽനോട്ടത്തിലാണ് സപ്ലിമെന്റ് പുറത്തിറക്കിയത്. പിശകിന് ഉത്തരവാദികളായവർക്കെതിരേ നടപടിയുണ്ടാകുമെന്ന് പത്രത്തിന്റെ മാനേജിങ് ഡയറക്ടറുടെചുമതലയുള്ള ജെയ്സൺ ജോസഫ് ചൂണ്ടിക്കാട്ടി.

യാത്രയുടെ ശോഭകെടുത്താൻ സിപിഎം. അറിവോടെ നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ജാഥ ആരംഭിക്കുന്ന കാസർഗോട്ടേക്ക് പുറപ്പെട്ട പത്രവിതരണ വാഹനം കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചുവിട്ടു. കോഴിക്കോട് യൂണിറ്റിൽനിന്നാണ് പത്രം അച്ചടിച്ച് കാസർഗോട്ട് എത്തിക്കേണ്ടിയിരുന്നത്.