- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാകില്ല; എൽഡിഎഫ് നാൽപതിൽ ഒതുങ്ങും; ഏഴ് മന്ത്രിമാർ പരാജയപ്പെടും; പിൻവാതിൽ നിയമനവും 'ശബരിമല'യും ആഴക്കടൽ വിവാദവും തിരിച്ചടിയാവും; സർക്കാരിനെതിരെ നിശബ്ദ തരംഗമെന്ന് ഐ ബി റിപ്പോർട്ട്! കേന്ദ്ര ഏജൻസിയുടെ സർവ്വേ ചർച്ചയാക്കുന്നത് വീക്ഷണം പത്രം
കോഴിക്കോട്: സർക്കാറിനെതിരായ നിശബ്ദ തരംഗം കേരളത്തിൽ യുഡിഎഫിന് ചരിത്ര വിജയം നേടാൻ വഴിയൊരുക്കുമെന്ന് കേന്ദ്ര സർക്കാറിന് കീഴിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ടെന്ന് വീക്ഷണം വാർത്ത. കേന്ദ്ര ഏജൻസിയെ ഉദ്ദരിച്ച് കോൺഗ്രസ് പത്രമാണ് റിപ്പോർട്ട് നൽകുന്നതെന്നാണ് വസ്തുത. എന്നാൽ കേന്ദ്ര ഏജൻസികൾ ആരും ഈ റിപ്പോർട്ട് സ്ഥിരീകരിക്കുന്നുമില്ല.
സംസ്ഥാനത്ത് 92 മുതൽ 101 സീറ്റ് വരെ യുഡിഎഫ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗ(ഐ ബി) മാണ് റിപ്പോർട്ട് നൽകിയത് എന്ന് വീക്ഷണം വാർത്ത പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് ഐ ബി സമർപ്പിച്ച റിപ്പോർട്ടാണിത്. സമാനമായ കണ്ടെത്തലാണ് പിണറായി വിജയന് കീഴിലുള്ള സംസ്ഥാന ഇന്റലിജൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലും ഉള്ളത്. 75 മുതൽ 84 സീറ്റ് വരെ യുഡിഎഫ് നേടുമെന്ന് സംസ്ഥാന ഇന്റ്ലിജൻസ് റിപ്പോർട്ട്.
2001-ലാണ് ഇതിന് മുമ്പ് യുഡിഎഫ് നൂറ് സീറ്റിന്റെ വിജയം നേടിയത്. കഴക്കൂട്ടത്തു നിന്ന് സ്വതന്ത്രനായി വിജയിച്ച എം എ വാഹിദ് ഉൾപ്പെടെയായിരുന്നു ഇത്. സമാനമായ വിജയമാണ് ഇത്തവണ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിലുള്ളത്. അടിത്തട്ടിൽ സർക്കാറിനെതിരായ വികാരം ശക്തമാണെന്നും ഏഴ് മന്ത്രിമാർ പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്നും വീക്ഷണം റിപ്പോർട്ട് പറയുന്നു.
സ്വർണക്കടത്ത് വലിയ ചർച്ചയായിട്ടില്ലെന്നും എന്നാൽ പിൻവാതിൽ നിയമനവും ഉദ്യോഗാർത്ഥികളുടെ സമരവും ശബരിമല വിശ്വാസികളുടെ വികാരവും ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് അനുമതി നൽകാനുള്ള ശ്രമവും സർക്കാറിന് വലിയ തിരിച്ചടിയാവുമെന്നുമാണ് കണ്ടെത്തൽ.
റിപ്പോർട്ട് പ്രകാരം നാല് ജില്ലകളിൽ യുഡിഎഫിന് സമ്പൂർണ വിജയമാവും ഉണ്ടാവുക. എന്നാൽ ഏതെല്ലാം ജില്ലകളാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. തീരദേശ മേഖലയിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കും. മധ്യകേരളത്തിൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വിള്ളൽ വീഴ്‌ത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നതായി വീക്ഷണം വാർത്ത ചൂണ്ടിക്കാട്ടുന്നു.
സി പി എമ്മിനുള്ളിൽ നിന്ന് യുഡിഎഫിന് അനുകൂലമായ് അടിയൊഴുക്കുണ്ടാവാനുള്ള സാധ്യതയും ഐ ബിയുടെ വിലയിരുത്തലിലുണ്ട്. ബിജെപിക്ക് രണ്ട് സീറ്റ് വരെയാണ് സാധ്യത പറയുന്നത്. എന്നാൽ ഒരു സീറ്റ് പോലുമില്ലാത്ത സാഹചര്യവും ഉണ്ടായേക്കാമെന്നും റിപ്പോർട്ടിലുണ്ട്. അഞ്ച് സീറ്റിൽ ബിജെപി രണ്ടാം സ്ഥാനത്തു വരും. എന്നാൽ ഇതുൾപ്പെടെ ഏഴ് സീറ്റിൽ എൽ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇരുപത് ലോക്സഭാ മണ്ഡലത്തിലും യുഡിഎഫ് ആധിപത്യം നേടുമെന്നായിരുന്നു ഐ ബി റിപ്പോർട്ട്. ഫലം വന്നപ്പോൾ 19 സീറ്റിൽ വിജയിച്ചിരുന്നു. ഐ ബിയുടെ കണ്ടെത്തൽ ഒരേസമയം കേന്ദ്ര-സംസ്ഥാന സർക്കാറുകളെ അലോസരപ്പെടുത്തുന്നതാണ്. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇന്റലിജൻസ് മാർച്ച് ഏഴിന് മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നാണ് കോൺഗ്രസ് മുഖപത്രത്തിന്റെ വാർത്ത.
മറുനാടന് മലയാളി ബ്യൂറോ