- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആശംസകൾക്ക് പകരം ആദരാഞ്ജലികൾ! വീക്ഷണത്തിലെ ഐശ്വര്യ കേരള യാത്രാ സപ്ലിമെന്റിൽ അവസാനനിമിഷം തിരിമറി; അട്ടിമറി നടന്നത് പേജ് ഫൈനൽ പ്രൂഫ് അംഗീകരിച്ച ശേഷം; സിപിഎമ്മിന് ഒത്താശ ചെയ്തെന്ന് ആരോപിച്ച് ഡിസൈനറെ പുറത്താക്കി; നിയമനടപടിയെന്ന് വീക്ഷണം
കോഴിക്കോട്: സംശുദ്ധം സദ് ഭരണം എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കത്തിൽ തന്നെ കല്ലുകടി. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ ഇന്ന് പ്രസിദ്ധീകരിച്ച ജാഥയുടെ സപ്ലിമെന്റിൽ ജാഥയ്ക്ക് ആശംസകൾ നേർന്നുള്ള വിവിധ ബാങ്കുകളുടെ പരസ്യത്തിന് മേൽ ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്ന് അടിച്ചുവന്നതാണ് വിവാദമായത്.
തുടക്കം തന്നെ ചാവാൻ പോകുന്ന ജാഥയ്ക്ക് ഈ വാക്ക് തന്നെയാണ് നല്ലതെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ സി പി എം പ്രവർത്തകർ രംഗത്തെത്തിയതോടെ നടപടിയുമായി വീക്ഷണം മാനേജ്മെന്റ് രംഗത്തെത്തി. ജീവനക്കാർക്ക് പറ്റിയ കൈപ്പിഴയല്ലെന്നും ബോധപൂർവ്വം ജാഥയെ അവഹേളിക്കാൻ നടത്തിയ നീക്കമാണ് ഇതെന്നുമാണ് വീക്ഷണം മാനേജ്മെന്റിന്റെ വിശദീകരണം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയുടെയും രാഷ്ട്രീയ പ്രാധാന്യത്തിന്റെയും തിളക്കം കെടുത്താൻ ആസൂത്രിത നീക്കമാണ് നടന്നത്. സിപിഎമ്മുമായ് ചേർന്ന് വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും കെപിസിസി മുഖപത്രത്തിൽ അട്ടിമറി ശ്രമം നടത്തുകയും ചെയ്തവർക്കെതിരെ നിയമനടി സ്വീകരിച്ചെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
യാത്രയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്റിലാണ് ആശംസകൾ എന്നതിന് പകരം മറ്റൊരു വാക്ക് കടന്നുവന്നത്. പേജ് ഫൈനൽ പ്രൂഫ് വായന കഴിഞ്ഞ് അംഗീകാരം നൽകിയ ശേഷമാണ് ഇത്തരമൊരു അട്ടിമറി നടന്നത്. പിഡിഎഫ് എടുക്കുന്നതിനിടയിലാണ് ഡിസൈനർ കൂടിയായ ഡിടിപി ഓപ്പറേറ്റർ പേജിലെ ആശംസകൾ എന്നത് മാറ്റി മറ്റൊരു വാക്ക് പകരം ചേർത്തത്. പത്രം പ്രിന്റ് ചെയ്ത ശേഷമാണ് ചതി മനസ്സിലായത്.
വീക്ഷണത്തിനെതിരെ സിപിഎമ്മിന് വാർത്തകൾ ചോർത്തി നൽകുന്ന വ്യക്തിയാണ് ഇത് ചെയ്തതെന്നും ഇദ്ദേഹത്തെ പുറത്താക്കിയെന്നും നിയമനടപടി സ്വീകരിച്ചെന്നും വീക്ഷണം വ്യക്തമാക്കി. സിപിഎമ്മിനുവേണ്ടിയാണ് ഇത്തരമൊരു തരംതാണ വേല ചെയ്തത്. അംഗീകരിച്ച് വിട്ട മാറ്ററിൽ തിരുത്ത് വരുത്തിയ ശേഷം അയാൾ സ്ഥാപനം വിട്ടുപോകുകയും ചെയ്തു. യാത്രയുടെ ശോഭ കെടുത്താൻ തലേ ദിവസം തന്നെ ദേശാഭിമാനിയിൽ വ്യാജ വാർത്ത പ്രചരിച്ചിരുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ബന്ധപ്പെടുത്തിയായിരുന്നു ഈ വ്യാജ വാർത്ത. ഇത്തരം വ്യാജ വാർത്ത നൽകിയതിന് പിന്നിലും കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് പാർട്ടിയും പത്രവും ചൂണ്ടിക്കാട്ടി.
അതേസമയം ദുരുദ്ദേശത്തോടെയാണ് ഡിടിപി ഓപ്പറേറ്റർ പ്രസ്തുത തിരുത്ത് വരുത്തിയതെങ്കിലും പ്രയോഗപരമായി തെറ്റല്ലെന്ന അഭിപ്രായം ഭാഷാ വിദഗ്ദ്ധർ ഉയർത്തുന്നുണ്ട്. ആദരവോടെയുള്ള കൂപ്പുകൈ എന്നർത്ഥത്തിലാണ് സാധാരണ അത്തരം പ്രയോഗങ്ങൾ നടത്താറുള്ളത്. ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഫൈനൽ പ്രൂഫിന് ശേഷം അത്തരമൊരു തിരുത്ത് വരുത്താൻ ആർക്കും അധികാരമില്ലെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നിയമനടപടിയുമായ് മുന്നോട്ടു പോകുമെന്നും പത്രം ഉറപ്പിച്ചു പറയുന്നു.
വീക്ഷണത്തിനെതിരെ സിപിഎമ്മിന് വാർത്തകൾ ചോർത്തി നൽകുന്ന വ്യക്തികളുടെ സ്വാധീനത്തിലാണ് സ്വകാര്യ കമ്പനി ഇത് ചെയ്തതെന്നും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും വീക്ഷണം വ്യക്തമാക്കി. സിപിഎമ്മിനുവേണ്ടിയാണ് ഇത്തരമൊരു തരംതാണ വേല ചെയ്തത്. അംഗീകരിച്ച് വിട്ട മാറ്ററിൽ തിരുത്ത് വരുത്തിയ ശേഷം സ്വകാര്യ കമ്പനി നടത്തിയ അട്ടിമറി ഗൗരവത്തോടെയാണ് മാനേജ്മെന്റ് കാണുന്നത്.