തിരുവനന്തപുരം: കെ എം മാണിയെ വിമർശിച്ച എഡിറ്റോയലുകളുടെ പേരിൽ പത്രത്തിനുള്ളിൽ നിന്നും വിമർശനം ഉയർന്നതോടെ വീക്ഷണത്തിലെ മാധ്യമപ്രവർത്തകർ രാജിവെച്ചു. വീക്ഷണത്തിലെ വിവാദമായ മുഖപ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ പി മുഹമ്മദാലിയാണ് രാജിവെച്ചത്. രാജിവിവരം അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കെ എം മാണിയെ വിമർശിച്ച എഡിറ്റോയലുകളുടെ പേരിലാണ് രാജിവെക്കേണ്ടി വന്നതെന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പൽ എഴുതി.

ഇപ്പോൾ കീ ബോർഡിനോടും വിട പറയുകയാണ്. മാണി എന്ന മാരണം ആയിരുന്നു അവസാനത്തെ എഡിറ്റോറിയൽ. കെ എം മാണിക്ക് ഇത്രയേറെ നിഗ്രഹ ശക്തി ഉണ്ടെന്നറിഞ്ഞില്ല. ഉമ്മൻ ചാണ്ടി മുതൽ ശശി തരൂർ വരെ എന്റെ എഡിറ്റോറിയയിലൂടെ വിമർശിക്കപ്പെട്ടിട്ടും ഒരു പോറൽ പോലും ഏറ്റിരുന്നില്ല. കെ എം മാണിക്കെതിരെയും മുൻപും എഴുതിയിട്ടുണ്ട് അന്നും അനുമോദനമല്ലാതെ വിമർശനമുണ്ടായിട്ടില്ല. മാണിക്കെതിരെ എഴുതിയ എഡിറ്റോറിയലിന്റെ പേരിൽ ഡെസ്‌ക്കിൽ നിന്ന് വിമർശനമുയർന്നതിനെ തുടർന്നാണ് പേന താഴെയിട്ടത്.- അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചും.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

വിട പറയും മുൻപ്

വിരലുകളും പേനയും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചിട്ട് മാസങ്ങളായി. ഇപ്പോൾ കീ ബോർഡിനോടും വിട പറയുകയാണ്. മാണി എന്ന മാരണം ആയിരുന്നു അവസാനത്തെ എഡിറ്റോറിയൽ. കെ എം മാണിക്ക് ഇത്രയേറെ നിഗ്രഹ ശക്തി ഉണ്ടെന്നറിഞ്ഞില്ല. ഉമ്മൻ ചാണ്ടി മുതൽ ശശി തരൂർ വരെ എന്റെ എഡിറ്റോറിയയിലൂടെ വിമർശിക്കപ്പെട്ടിട്ടും ഒരു പോറൽ പോലും ഏറ്റിരുന്നില്ല. കെ എം മാണിക്കെതിരെയും മുൻപും എഴുതിയിട്ടുണ്ട് അന്നും അനുമോദനമല്ലാതെ വിമർശനമുണ്ടായിട്ടില്ല. മാണിക്കെതിരെ എഴുതിയ എഡിറ്റോറിയലിന്റെ പേരിൽ ഡെസ്‌ക്കിൽ നിന്ന് വിമർശനമുയർന്നതിനെ തുടർന്നാണ് പേന താഴെയിട്ടത്.

പത്രത്തേക്കാൾ പ്രചാരണം പത്രത്തിന്റെ എഡിറ്റോറിയലുകൾക്ക് നൽകാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്. സ്വരം പിഴയ്ക്കുന്നതിനു മുൻപേ എഴുത്തു നിർത്തുന്നതാണ് നല്ലത്. മുൻപത്തെ വിവാദമായ പല എഡിറ്റോറിയലുകൾക്കും സ്വയം ഉത്തരവാദത്തിത്വം ഏറ്റെടുത്ത മരിച്ചു പോയ എ സി ജോസേട്ടനെ നന്ദിപൂർവം സ്മരിക്കുന്നു.

37 വർഷത്തെ ആത്മബന്ധമുള്ള പി ടി തോമസിന്റെ അധികാര കാലത്തു പടിയിറങ്ങേണ്ടി വന്നു എന്ന കാര്യത്തിൽ സങ്കടമുണ്ട്. വീട്ടി തീരാത്ത പല കടങ്ങളും കടപ്പാടുകളും പി ടി യോടുണ്ട്. തൃപ്പൂണിത്തറ ഗവ. ആശുപത്രി മുതൽ ആസ്റ്റർ മെഡിസിറ്റി വരെ പാർക്കിൻസൺസ് ചികിത്സയ്ക്കു പിന്നാലെ നിർബന്ധപൂർവം 10 വർഷമായി പി ടിയും ഉമയും ഉണ്ടായിരുന്നു ഇനിയും ഉണ്ടാകും.
വീക്ഷണത്തോട് മാത്രമാണ് വിട എല്ലാവർക്കും നന്ദി.
പി മുഹമ്മദാലി....