- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് സ്ഥാനാർത്ഥിയാകണമെങ്കിൽ വീക്ഷണം പത്രത്തിന്റെ വരിക്കാരനാകണം; പാർട്ടി ചിഹ്നം അനുവദിക്കുമ്പോൾ അച്ചടക്കം പാലിക്കുമെന്ന് എഴുതി നൽകണം; പാർട്ടി നിശ്ചയിക്കുന്ന ലെവിയും നിർബന്ധം; പ്രതിസന്ധിയിലായ പാർട്ടി പത്രത്തെ രക്ഷപ്പെടുത്താനുൾപ്പെടെ തീരുമാനങ്ങളുമായി കോൺഗ്രസ്
കോഴിക്കോട്: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാർട്ടി പത്രത്തെ രക്ഷപ്പെടുത്താൻ തദ്ദേശ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തി കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർത്ഥികൾ നിർബന്ധമായും പാർട്ടിയുടെ മുഖപത്രമായ വീക്ഷണം ദിനപത്രത്തിന്റെ ആറു മാസത്തെയോ ഒരു വർഷത്തേയോ വരിക്കാരനാകണമെന്ന നിർദ്ദേശമാണ് പാർട്ടി നൽകുന്നത്.
പാർട്ടി ചിഹ്നം അനുവദിക്കുമ്പോൾ മാർഗരേഖയിൽ നിർദ്ദേശിച്ചതുപോലെ പാർട്ടിക്ക് പൂർണ്ണമായി വിധേയരായി പ്രവർത്തിക്കുമെന്നും പാർട്ടി അച്ചടക്കം പാലിക്കുമെന്നും പാർട്ടി നിശ്ചയിക്കുന്ന ലെവി നൽകുമെന്നുമുള്ള ഒരു അഫിഡവിറ്റും പൂർണ്ണ ബയോഡാറ്റയുമാണ് ഓരോ സ്ഥാനാർത്ഥിയിൽ നിന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒപ്പിട്ട് വാങ്ങേണ്ടതാണ്. ഇതിനൊപ്പമാണ് പാർട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്റെ ആറു മാസത്തേയോ ഒരു വർഷത്തേയോ വരിക്കാരനാകാനും സ്ഥാനാർത്ഥികളോട് നേതൃത്വം നിർദ്ദേശിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അയച്ച ഉത്തരവിലുള്ളത്. കെ പി സി സി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കുമാണ് കത്ത് അയച്ചിട്ടുള്ളത്.
സ്ഥാനാർതഥി നിർണ്ണയവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടാകാം. എല്ലാ തർക്കങ്ങളും രമ്യമായി പരിഹരിച്ച് അംഗീകൃത സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കണം. ഒരു തരത്തിലുള്ള വിമത പ്രവർത്തനങ്ങളും അനുവദിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ തുടർന്നു വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുള്ളതുകൊണ്ട് പരമാവധി വിജയം കൈവരിക്കാനുള്ള എല്ലാ പരിശ്രമങ്ങളും തന്ത്രങ്ങളും സ്വീകരിക്കണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു. സ്ഥാനാർത്ഥികൾ ഒരു പ്രതിജ്ഞാപത്രവും എഴുതി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വേളയിൽ ഞാൻ പൂർണ്ണമായും പാർട്ടിക്കു വിധേയനായിരിക്കുമെന്നും പാർട്ടി തീരുമാനങ്ങളും നിർദ്ദേശങ്ങളും അനുസരിച്ചു മാത്രം പ്രവർത്തിക്കുമെന്നും പാർട്ടി കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന ലെവി കൃത്യമായി അടയ്ക്കുമെന്നും വ്യക്തമാക്കുന്നതാണ് പ്രതിജ്ഞാപത്രം.
മറുനാടന് ഡെസ്ക്