തിരുവനന്തപുരം: സത്യപ്രതിജ്ഞയിൽ വീണാ ജോർജാണ് താരം. കെ കെ ശൈലജ ടീച്ചറിൽ നിന്നും ആരോഗ്യം ഏറ്റുവാങ്ങുന്ന മന്ത്രി. ലോകത്തിന്റെ ശ്രദ്ധപിടിച്ച ടീച്ചറമ്മയിൽ നിന്ന് വീണയിലേക്ക് അധികാരം എത്തുമ്പോൾ ഇടതുപക്ഷം പ്രതീക്ഷയിലാണ്. ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തപ്പോഴെല്ലാം മികവു കാട്ടിയ ഓൾറൗണ്ടറാണ് വീണ. ഈ മികവിനെ മാധ്യമങ്ങളും പുകഴ്‌ത്തുന്നു. മികച്ച വിദ്യാർത്ഥിയും അദ്ധ്യാപികയും മാധ്യമ പ്രവർത്തകയുമായ വീണയുടെ പഠനകാലത്തെ ലക്ഷ്യം ഐഎഎസായിരുന്നു. ഇപ്പോൾ ഐഎഎസിനെ നിയന്ത്രിക്കുന്ന മന്ത്രിയായി അവർ മാറുന്നു. ജനാധിപത്യത്തിന്റെ ഈ കരുത്ത് കേരളത്തിലെ ആരോഗ്യ വകുപ്പിന് മുതൽകൂട്ടാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

2012 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിക്കുന്ന അഞ്ച് ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു. മലയാള മാധ്യമ രംഗത്തെ കേരളത്തിലെ പ്രഥമ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. സബർമതി അവാർഡ്, പി ഭാസ്‌കരൻ ഫൗണ്ടേഷൻ അവാർഡ്, കന്യക മിന്നലേ അവാർഡ്, സുരേന്ദ്രൻ നീലേശ്വരം അവാർഡ്, കേരള ടി വി അവാർഡ് (മികച്ച മലയാളം ന്യൂസ് റീഡർ), ലോഹിതദാസ് മിനി സ്‌ക്രീൻ അവാർഡ്, രാജീവ് ഗാന്ധി സ്റ്റഡി സെന്റർ അവാർഡ്, ജേസി ഫൗണ്ടേഷൻ അവാർഡ്, നോർത്ത് അമേരിക്കൻ പ്രസ് ക്ലബ് അവാർഡ്, ഗ്രീൻ ചോയിസ് യുഎഇ അവാർഡ്, ആദർശ് യുവ സാമാജിക് അവാർഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 18 വർഷമായി പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ് കോളജിൽ ബിഎഡ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് റഫറൻസ് ആണ് 2002-2003 ബാച്ചിലെ 'വീണ കുര്യാക്കോസിന്റെ ' ഉത്തരക്കടലാസ്. എങ്ങനെ മനോഹരമായി പരീക്ഷയെഴുതാം എന്നതിന് ഉദാഹരണമായി പൂർവവിദ്യാർത്ഥി വീണയുടെ പരീക്ഷാ പേപ്പർ, പിന്നീട് വന്ന എല്ലാ ബാച്ചിലെയും വിദ്യാർത്ഥികളെയും കാണിച്ചിട്ടുണ്ട് അദ്ധ്യാപിക ഡോ.റോസമ്മ ഫിലിപ്. ആ ഉത്തരക്കടലാസ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ്, കോളജിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ കൂടിയായ ഡോ.റോസമ്മ ഫിലിപ് തന്റെ വിദ്യാർത്ഥിയുടെ മന്ത്രി നേട്ടത്തിലുള്ള സന്തോഷം പങ്കുവച്ചത്. ബിഎഡുകാർ മാത്രമല്ല, എല്ലാ വിദ്യാർത്ഥികളും മനസ്സിലാക്കേണ്ട ചില പാഠങ്ങൾ മന്ത്രിയുടെ ഉത്തരക്കടലാസിൽ ഉണ്ടെന്ന് ഡോ.റോസമ്മ പറയുന്നു.

'എല്ലാ ഉത്തരങ്ങളും പെർഫെക്ട് ആയൊരു പേപ്പറായിരുന്നു അത്. ഞാൻ ക്ലാസിൽ പഠിപ്പിച്ചതൊന്നുമല്ല വീണയുടെ പേപ്പറിൽ കണ്ടത്. അതാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്. ചിന്തിച്ച് സ്വയം കണ്ടെത്തിയ ഉത്തരങ്ങളായിരുന്നു അവ. പകർത്തിവയ്ക്കലല്ല, അറിവ് നിർമ്മിക്കലാണ് പഠനത്തിന്റെ ലക്ഷ്യം. - ഡോ.റോസമ്മ പറയുന്നു. വീണ വിദ്യാർത്ഥി ആയിരുന്നപ്പോൾ അദ്ധ്യാപന പരിശീലനത്തിന്റെ ഭാഗമായി പത്തനാപുരം മൗണ്ട് താബോർ ഗേൾസ് ഹൈസ്‌കൂളിൽ ക്ലാസ് എടുത്തിരുന്നു. അതുകൊണ്ടു തന്നെ ശൈലജയെന്ന ടീച്ചറമ്മ പോകുമ്പോൾ പകരം എത്തുന്നതും ടീച്ചർ തന്നെ. അതും മാധ്യമ പ്രവർത്തകയെന്ന നിലയിൽ രാഷ്ട്രീയക്കാരെ മുൾമുനയിൽ നിർത്തിയ വീണ.

ഐഎഎസ്‌കാരിയാകണമെന്നത് വീണാ ജോർജിന്റെ വലിയ ആഗ്രഹമായിരുന്നു. തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് മൂന്നാം റാങ്കോടെ ഊർജതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. അന്ന് ഡിജിപിയായിരുന്ന ഡോ. അലക്‌സാണ്ടർ ജേക്കബാണ് ഐഎഎസ് നേടണമെന്ന് ഉപദേശിച്ചത്. ഇതിനായി ഐഎംജിയിൽ ചേർന്നു. കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പഠനം ഉപേക്ഷിച്ചു. അന്ന് ഒപ്പം ഉണ്ടായിരുന്ന അനു ജോർജ് ഇപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സെക്രട്ടറിയാണ്. ഐഎഎസ് മോഹം പൊലിഞ്ഞപ്പോഴാണ് ബി എഡിന് ചേരുന്നത്. ഒന്നാം റാങ്കോടെ വിജയിച്ചു. തുടർന്ന് കുറച്ചു കാലം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ഊർജതന്ത്രം വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററായി. അതിനു ശേഷം മാധ്യമ പ്രവർത്തന രംഗത്തേക്ക് ഇറങ്ങി.

മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലാണ് എൽകെജി മുതൽ പത്തുവരെ പഠിച്ചത്. ഭരതനാട്യം, മോഹനിയാട്ടം, നാടോടി നൃത്തം, മോണോ ആക്ട്, മൈം തുടങ്ങി എല്ലാ ഇനങ്ങളിലും വീണയുണ്ടായിരുന്നു. 1992ൽ തിരൂരിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. മികച്ച പ്രകടനം കണ്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ നേരിട്ട് അഭിനന്ദിച്ചു. 600ൽ 559 മാർക്കോടെയാണ് എസ്എസ്എൽസി പരീക്ഷ വിജയിച്ചത്.

കോളജിൽ പഠിക്കുമ്പോൾ എസ്എഫ്‌ഐ അംഗമായിരുന്നതൊഴിച്ചാൽ മറ്റ് രാഷ്ട്രീയം ഇല്ലായിരുന്നു. മാധ്യമ മേഖലയിൽ നിന്ന് 2016ൽ ആറന്മുള മണ്ഡലത്തിൽ നിയമസഭാ സ്ഥാനാർത്ഥിയാകുന്നത് അപ്രതീക്ഷിതമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ് ഇതിന് സഹായിച്ചത്. കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന ആറന്മുളയിൽ 7646 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്. ഇത്തവണ ഭൂരിപക്ഷം 19003 ആയി ഉയർന്നു.