തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും വിജയിച്ചുവരുന്ന എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് അത്യപൂർവമാണ്. ചിലർ അബദ്ധത്തിൽ പ്രതിജ്ഞ ചെയ്യുന്നതൊഴിച്ചാൽ പൊതുവെ കമ്യൂണിസ്റ്റ് പാർട്ടികൾ ദൈവനാമത്തിലുള്ള പ്രതിജ്ഞ അനുവദിക്കാറില്ല. എന്നാൽ പതിവിന് വിപരീതമായി പത്തനംതിട്ടയിൽ നിന്നും അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വിജയിച്ചു വന്ന വീണാ ജോർജ് ഇത്തവണ ആരോഗ്യമന്ത്രിയായി പ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലാണ്. എന്നാൽ മുൻകാലങ്ങളെ പോലെ പാർട്ടിതലത്തിൽ നിന്നും അതിനെതിരെ പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

മുമ്പ് അങ്ങനെ ആയിരുന്നില്ല. പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നത് ഒരിക്കലും സിപിഎം പൊറുത്തിരുന്നില്ല എന്നതാണ് വസ്തുത. എന്നാൽ ഓർത്തഡോക്സ് സഭയുടെ നോമിനി ആയിട്ടുള്ള വീണാ ജോർജിനെ ശാസിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സിപിഎമ്മെന്നാണ് പിന്നാമ്പുറ വർത്തമാനങ്ങൾ. വീണാ ജോർജിനെ ശാസിച്ച് സഭയുടെ അതൃപ്തി വരുത്തി വയ്ക്കാൻ സിപിഎം ഇപ്പോൾ ആഗ്രഹിക്കുന്നില്ല. മാത്രമല്ല പാർട്ടിതല നടപടിയെടുക്കാൻ വീണ പാർട്ടി അംഗമല്ലെന്നതും സിപിഎമ്മിനെ വിഷമസന്ധിയിലാക്കുന്നു.

ഇതിന് മുമ്പ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളതുകൊട്ടാരക്കര എംഎൽഎ ആയിരുന്ന ഐഷാപോറ്റിയും കുന്നത്തുനാട് എംഎൽഎ ആയിരുന്ന അഡ്വ. എംഎം മോനായിയുമായിരുന്നു. 2006 ൽ കന്നി അംഗങ്ങളായി വരുമ്പോൾ പരിചയക്കുറവ് മൂലം അറിയാതെ പറ്റിയ അബദ്ധമായിരുന്നു അത്. എന്നാൽ തുടക്കക്കാരുടെ അറിവില്ലായ്മയായി കണ്ട് പൊറുക്കാൻ അന്ന് പാർട്ടി തയ്യാറായിരുന്നില്ല. പാർട്ടിക്കു ചേരാത്തവിധം പെരുമാറിയതിന് 2006 നവംബർ 4, 5 തീയതികളിൽ എകെജി സെന്ററിൽ ചേർന്ന സംസ്ഥാനക്കമ്മിറ്റിയോഗം വിശ്വാസികളായ ഇരുഎംഎൽഎമാരെ നിശിതമായി വിമർശിച്ചു. വെറും ശാസനയിൽ നിൽക്കാതെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുന്ന വിധം പാർട്ടി അവരെ വേട്ടയാടുകയും, സംഘടനാ രേഖയിൽ പ്രത്യേകം നോട്ട് ചെയ്ത് സാദാ അംഗങ്ങളുടെ കോപതാപങ്ങൾക്ക് ഇരയാകാൻ അവരെ എറിഞ്ഞു കൊടുക്കുകയും ചെയ്തു.

പ്രസ്തുത സംഘടനാരേഖയുടെ ഒമ്പതാം ഖണ്ഡികയുടെ ഏഴാംവരിയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു 'പാർട്ടി അംഗങ്ങളും പാർട്ടി ബന്ധുക്കളും ഇത്തരം അനാചാരങ്ങൾ ഒഴിവാക്കാൻ രംഗത്തു വരേണ്ടതാണ്. പാർട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ എം എം മോനായി, ഐഷാ പോറ്റി എന്നിവർ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അസംബ്ലിയിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് പാർട്ടിക്കാകെ വരുത്തിവെച്ച അപമാനമായിരുന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിൽ ഉറച്ചു നിൽക്കുന്ന ഒരാളാണ് പാർട്ടി അംഗത്വത്തിലേയ്ക്ക് വരുന്നത്. ദീർഘകാലമായി പാർട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കൾക്ക് തങ്ങളുടെ രഹസ്യമാക്കി വച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടായില്ല. ഇത്തരത്തിൽ പരസ്യമായി പാർട്ടിയുടെ നിലപാടുകൾ ധിക്കരിക്കുന്ന പാർട്ടി പ്രവർത്തകരുടെ ചെയ്തികൾ പാർട്ടി ഘടകങ്ങൾ കണ്ടില്ലെന്നു നടിക്കരുത്'.

ആ ഒറ്റതവണത്തേതിന് ശേഷം മോനായി പിന്നെ നിയമസഭാ അങ്കണം കണ്ടിട്ടില്ല. കുന്നത്തുനാട് സംവരണ മണ്ഡലമായപ്പോൾ സീറ്റ് നഷ്ടപ്പെട്ട മോനായിക്ക് മറ്റ് മണ്ഡലങ്ങൾ നൽകാനോ പാർട്ടിതലത്തിൽ മറ്റെവിടെയെങ്കിലും സ്ഥാനം നൽകാനോ സിപിഎം തയ്യാറായില്ല. പാർട്ടി അവഗണനയിൽ മനംനൊന്ത് 2012 ന് ശേഷം മോനായി പാർട്ടി അംഗത്വം പുതുക്കിയതുമില്ല. അങ്ങനെ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് പാർട്ടിക്ക് പുറത്തേയ്ക്കുള്ള വഴിയാണ് മോനായിക്ക് സിപിഎം കാണിച്ചുകൊടുത്തത്.

ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് നിയമസഭയിലെത്തിയ ഐഷാ പോറ്റി അതിവേഗം തന്നെ കൊട്ടാരക്കരയിലെ ജനകീയയായി മാറിയിരുന്നു. അടുത്ത തവണ ദൃഢപ്രതിജ്ഞ ചെയ്ത് ഐഷാ പോറ്റി പാർട്ടിയുടെ വഴിക്ക് വന്നു. പിന്നെയും രണ്ട് തവണ കൂടി മൽസരിക്കാൻ പാർട്ടി അവസരം നൽകിയെങ്കിലും 2016 ൽ സീനിയറായ എംഎൽഎയ്ക്ക് മുന്നിലെത്തിയ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ചത് കന്നിനിയമസഭാ പ്രവേശനത്തിലെ ആ കയ്യബദ്ധമായിരുന്നു. ആ സർക്കാരിൽ മൂന്ന് തവണ എംഎൽഎ ആയ രണ്ട് വനിതാ അംഗങ്ങളിൽ ഒരാളായിരുന്നു ഐഷാ പോറ്റി. പക്ഷെ ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്ത അവരോട് പൊറുക്കാൻ തയ്യാറായില്ല തെറ്റു ചെയ്തവരോട് ഇന്നോളം ക്ഷമിച്ചിട്ടില്ലാത്ത സിപിഎം

പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകിയ അഡ്വ. എംഎം മോനായിയോടും ഐഷാ പോറ്റിയോടും ക്ഷമിക്കാൻ തയ്യാറാകാത്ത സിപിഎം വീണാ ജോർജിന് മുന്നിൽ ആയുധം വച്ച് കീഴടങ്ങാൻ കാരണം ക്രിസ്ത്യൻ സഭകളോടുള്ള ഭയമാണോ അതോ മാറിയ കാലത്ത് ദൈവവിശ്വാസത്തിന്റെ വിഷയത്തിലുണ്ടായ പുനർവിചിന്തനമാണോ എന്നാണ് പാർട്ടി അനുഭാവികളും എതിരാളികളും സാമൂഹ്യമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. എംഎൽഎമാരുടെ സത്യപ്രതിജ്ഞ സമയത്ത് പാർട്ടി ചിഹ്നത്തിൽ വിജയിച്ച മറ്റൊരു പ്രതിനിധി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ എന്തായിരിക്കും സിപിഎം നേതൃത്വത്തിന്റെ നിലപാടെന്നതാണ് ഈ സമയം ഉയരുന്ന ചോദ്യം.