തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര മൾട്ടി ഡിസിപ്ലിനറി ടീം. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തവേയാണ് സംഘം സംതൃപ്തി രേഖപ്പെടുത്തിയത്. ആരോഗ്യ വകുപ്പ് വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം ജനറൽ ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ്, കോലഞ്ചേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കി. ഇങ്ങനെ ഫീൽഡ് തലത്തിൽ നിന്നും നേരിട്ട് കിട്ടിയ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.

ആശുപത്രികളിലെ രോഗീ പരിചരണം, അടിസ്ഥാന സൗകര്യങ്ങൾ, വാക്സിനേഷൻ എന്നിവയിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം കൈക്കൊണ്ടിട്ടുള്ള നിലപാടുകളിലും നടപടികളിലും ഇപ്പോൾ പ്രവർത്തിക്കുന്ന രീതിയിലും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ടി.പി.ആർ. സംബന്ധിച്ച ആശങ്ക വേണ്ടെന്നാണ് കേന്ദ്ര സംഘം പറഞ്ഞത്.

രണ്ടാം തരംഗത്തിൽ ഈ രീതിയിൽ തന്നെ മുന്നോട്ട് പോകുന്നത് കേരളത്തിന്റെ ശക്തമായ പ്രതിരോധം കൊണ്ടാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കേസ് കുറവായിരുന്നു. രണ്ടാം തരംഗം ഇതേ രീതിയിൽ തന്നെ അവസാനിക്കുമെന്നാണ് കരുതുന്നത്. ഓക്സിജന്റേയും ഐസിയു കിടക്കകളുടേയും ക്ഷാമം ഉണ്ടാകാത്ത വിധത്തിൽ കൃത്യമായ ഇടപെടലുകൾ നടത്താനായത് നേട്ടമായെന്നും കേന്ദ്ര സംഘം വിലയിരുത്തി.

സംസ്ഥാനത്തിന് 90 ലക്ഷം ഡോസ് വാക്സിൻ അധികമായി അനുവദിക്കണമെന്ന് മന്ത്രി കേന്ദ്ര സംഘത്തോട് അഭ്യർത്ഥിച്ചു. പ്രതിദിനം രണ്ടര മുതൽ 3 ലക്ഷം വരെ പേർക്ക് വാക്സിൻ നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാൽ തന്നെ കൂടുതൽ വാക്സിൻ ഒരുമിച്ച് നൽകുന്നത് പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.

റിജിയണൽ ഡയറക്ടർ ഓഫീസർ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. റുചി ജെയിൻ, ജിപ്മർ പൾമണറി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. സക വിനോദ് കുമാർ എന്നിവരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻഎച്ച്എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് വിങ്ങുമായും സംഘം ചർച്ച നടത്തി.