പത്തനംതിട്ട: സംസ്ഥാനത്ത് വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി വീണ ജോർജ്ജ്. സംസ്ഥാനത്ത് 45നു മേൽ പ്രായമുള്ള എല്ലാവർക്കും 2 മുതൽ 3 മാസത്തിനകം വാക്‌സീൻ ലഭ്യമാക്കാനാണു മുൻഗണനയെന്ന് വീണ വ്യക്തമാക്കി. എന്നാൽ കേന്ദ്രം അനുവദിക്കുന്ന വാക്‌സീൻ അളവ് കുറവാണെന്നത് അലട്ടുന്നുണ്ട്. നിലവിൽ 3 ദിവസത്തേക്കുള്ള വാക്‌സീൻ മാത്രമാണുള്ളത്.

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാനായിട്ടില്ല. വീടുകളിലടക്കം കർശനമായ സാമൂഹിക അകലവും സമ്പർക്ക വിലക്ക് വ്യവസ്ഥകളും പാലിക്കുന്നതിലൂടെ മാത്രമേ രോഗവ്യാപനം തടയാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മൂന്നാം തരംഗം 18 വയസ്സിൽ താഴെയുള്ളവരെ കൂടുതലായി ബാധിക്കുമെന്നാണു വിലയിരുത്തൽ. അതിനാൽ പ്രധാന ആശുപത്രികളിലെല്ലാം മികച്ച ശിശു പരിചരണ വിഭാഗം ഉറപ്പാക്കും. ഇതിനായി പ്രത്യേക പരിശീലനം നൽകുന്നുണ്ട്.50 കിടക്കകളിൽ കൂടുതലുള്ള ആശുപത്രികളിൽ ഓക്‌സിജൻ പ്ലാന്റ് നിർബന്ധമാക്കും. പിഎം കെയർ അടക്കമുള്ള പദ്ധതികൾ ഇതിനായി പ്രയോജനപ്പെടുത്തും. മന്ത്രി പറഞ്ഞു.