തിരുവനന്തപുരം: ജന്മ ദിനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നിയമസഭയിൽ നേരിടേണ്ടി വന്നത് കടന്നാക്രമണങ്ങൾ. മന്ത്രിയെ 'ഫ്‌ളോറൻസ് നൈറ്റിങ്‌ഗേൽ' ആയി വരെ വാഴ്‌ത്തിയ ഭരണപക്ഷം ജന്മദിനം ആദ്യം ഓർമിച്ചില്ല. പിന്നീട് ആശംസയുമായി എത്തി. എന്നാൽ പ്രതിപക്ഷം കടന്നാക്രമിക്കുകയായിരുന്നു.

കേരളം രോഗക്കിടക്കയിൽ ആയപ്പോൾ മന്ത്രി വീണ വായിക്കുകയാണെന്നു വരെ ലീഗിലെ കെ.പി.എ.മജീദ് ആക്ഷേപിച്ചു. ഇതോടെ കെടി ജലീൽ മന്ത്രിക്ക് വേണ്ടി രംഗത്തു വന്നു. മന്ത്രിയക്ക് ജന്മദിന ആശംസ അർപ്പിച്ച ജലീൽ, ഭാവം തന്നെ മാറ്റി പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ തിരിഞ്ഞു.' 5 വർഷം നിങ്ങൾ എന്നെ വേട്ടയാടി, ഇനി ഞാൻ നിങ്ങൾക്കു പിന്നാലെയുണ്ടാകും.'-ഇതായിരുന്നു ജലീലിന്റെ താക്കീത്.

കൊറോണയെ കേരളം പിടിച്ചുകെട്ടുകയാണോ അഴിച്ചു വിട്ടിരിക്കുകയാണോ എന്ന ആശയക്കുഴപ്പമാണ് ചർച്ചകളിൽ ഉയർന്നത്. യു.പ്രതിഭയും ഒ.എസ്.അംബികയും ടി.ഐ.മധുസൂദനനും പി.ബാലചന്ദ്രനും നേട്ടങ്ങൾ പറഞ്ഞു. കുടുംബക്ഷേമ മന്ത്രി കൂടിയായ വീണ സ്വന്തം കുടുംബത്തിന്റെ ക്ഷേമം നോക്കുന്നതിൽ അദ്ദേഹത്തിനു സന്തോഷമേയുള്ളൂ. മന്ത്രിയുടെ സഹോദരി പ്ലീഡർ പട്ടികയിലുണ്ടെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തി.

ക്രമപ്രശ്‌നത്തിലൂടെ എ.എൻ.ഷംസീർ പ്രശ്‌നത്തിൽ ഇടപെടരുത്. ' മന്ത്രിയുടെ കുടുംബത്തെ ആക്ഷേപിക്കുകയാണ്. യോഗ്യതയുള്ള ആർക്കും പ്ലീഡറാകാം, സർ!'. ഡോക്ടർ കൂടിയായ സുജിത് വിജയൻ പിള്ള ആധികാരികമായി കോവിഡ് ക്ലാസ് എടുത്താണ് വ്യത്യസ്തനായത്. ശൈലജ ടീച്ചറിനേയും പുകഴ്‌ത്തി. അങ്ങനെ സുജിത് വ്യത്യസ്തനായി.

സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ സംബന്ധിച്ച പട്ടിക കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പ്രസിദ്ധീകരിക്കണമെങ്കിൽ അതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് വിമർശനങ്ങൾക്ക് നിയമസഭയിൽ മറുപടിയും പറഞ്ഞു. അധികം വൈകാതെ ഇതുസംബന്ധിച്ച വിവരം പുറത്തുവിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനാഭ്യർഥനക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ കോവിഡ് രണ്ടാംതരംഗം ഡെൽറ്റ വകഭേദമാണ്. ഈ ഘട്ടത്തിൽ കോവിഡാനന്തര രോഗങ്ങൾ കൂടുതലാണ്. പേശീ സംബന്ധമായവ, ന്യൂറോ രോഗങ്ങൾ, ക്ഷയരോഗം എന്നിവ വരെ കാണപ്പെടുന്നു. ജീവിതശൈലി രോഗം, മുതിർന്ന പൗരന്മാരുടെ ശതമാനം എന്നിവ കണക്കിലെടുക്കുേമ്പാൾ കേരളം സ്വീകരിച്ച പ്രതിരോധരീതിയാണ് ശരിയെന്നാണ് സീറോ സർവലൻസ് പഠനം വ്യക്തമാക്കുന്നത്.

ഐ.സി.എം.ആറിന്റെ 42.7 ശതമാനം പോസിറ്റിവിറ്റിയിൽ രോഗം വന്നവരും വാക്‌സിൻ എടുത്തവരുമുണ്ട്. വാക്‌സിൻ എടുത്തവരുടെ ശതമാനത്തിന് വളരെതാഴെയാണ് രോഗം വന്നവരുടെ ശതമാനം. ഏപ്രിൽ പകുതിയോടെയാണ് കേരളത്തിൽ രണ്ടാംതരംഗം ആരംഭിക്കുന്നത്. രാജ്യത്തെ ആകെ കേസുകളിൽ നല്ലൊരു ശതമാനം സംസ്ഥാനത്താണ്.

കേരളത്തിലെ മരണനിരക്ക് രാജ്യത്ത് ഏറ്റവും കുറവാണ്. ശ്രദ്ധയോടെയുള്ള പരിശോധന നടത്തുന്നതിനാലാണ് ടി.പി.ആർ ഉയർന്നുനിൽക്കുന്നത്. ഒരാൾ പോസിറ്റീവായാൽ സമ്പർക്കമുള്ള എല്ലാവരെയും പരിശോധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.