പത്തനംതിട്ട: കഴിഞ്ഞ ദിവസം കായംകുളം എംഎൽഎ യു പ്രതിഭ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ വിളിച്ചാൽ ഫോൺ എടുക്കാത്ത സംസ്ഥാനത്തെ ഒരു മന്ത്രിയെ കുറിച്ച് പറഞ്ഞു. മാധ്യമങ്ങൾ എല്ലാം ആ മന്ത്രി ആരെന്ന് അറിയാൻ നെട്ടോട്ടമോടുമ്പോൾ പത്തനംതിട്ടയിലെ സിപിഎഎം നേതാക്കൾ ഊറിച്ചിരിക്കുകയായിരുന്നു. സംസ്ഥാനത്ത് വിളിച്ചാൽ ഫോൺ എടുക്കാത്ത ഏക മന്ത്രി വീണാ ജോർജാണെന്ന് അവർ എന്നേ ആരോപണം ഉന്നയിച്ചതാണ്. പത്തനംതിട്ടയിലെ നേതാക്കളും പ്രവർത്തകരും വോട്ടർമാരും വിചാരിച്ചിരുന്നത് ഇത് തങ്ങളോട് മാത്രമേ ഉള്ളൂ എന്നായിരുന്നു. പക്ഷേ, പ്രതിഭയുടെ പ്രസ്താവന വന്നു കഴിഞ്ഞപ്പോൾ അവർക്ക് മനസിലായി സംസ്ഥാന തലത്തിലും മന്ത്രിയുടെ പണി ഇതു തന്നെ.

മന്ത്രിയാകുന്നതിനും മുൻപും വീണാ ജോർജ് ഇങ്ങനെയായിരുന്നു. ആറന്മുളയിൽ ആദ്യ ടേം എംഎൽഎയായപ്പോഴും വീണയ്ക്ക് എതിരായ പ്രധാന പരാതിയും വിളിച്ചാൽ ഫോൺ എടുക്കില്ല എന്നതായിരുന്നു. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ അടക്കം ഈ വിവരം വീണയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടും ശൈലി മാറ്റാൻ അവർ തയാറായിരുന്നില്ല. ഇപ്പോഴിതാ വീണയ്ക്കെതിരേ പത്തനംതിട്ടയിലെ നേതാക്കളും ലോക്കൽ കമ്മറ്റികളും എൽഡിഎഫ് സംവിധാനവും ഒറ്റക്കെട്ടായി രംഗത്തു വന്നിരിക്കുന്നു. പാർട്ടി സംവിധാനങ്ങളെ മാനിക്കാത്ത മന്ത്രി എന്ന വിശേഷണം അവർ വീണയ്ക്ക് മേൽ ചാർത്തി കഴിഞ്ഞു.

എൽഡിഎഫ് മുനിസിപ്പൽ കമ്മറ്റി യോഗം ചേർന്ന് വീണയ്ക്കെതിരേ പരാതിയുമായി മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചു. ഇതിനായി ഘടക കക്ഷി നേതാക്കളെ ഉൾപ്പെടുത്തി ഉപസമിതിയും രൂപീകരിച്ചു കഴിഞ്ഞു. സിപിഎം പത്തനംതിട്ട ടൗൺ നോർത്ത്, സൗത്ത് ലോക്കൽ കമ്മറ്റികളിൽ മന്ത്രിക്കെതിരേ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നഗരസഭാ പാർലമെന്റ് പാർട്ടിയിലും എൽഡിഎഫ് മുനിസിപ്പൽ കമ്മറ്റിയും അത് ഏറ്റു പിടിച്ചത്.

എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് ഭരിക്കുന്ന നഗരസഭയാണ് പത്തനംതിട്ട. ഇവിടുത്തെ ചെയർമാനെയും കൗൺസിൽ അംഗങ്ങളെയും മന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിൽ നിന്നൊഴിവാക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട ഒരു പരാതി. ഇനി പങ്കെടുപ്പിച്ചാൽ തന്നെ അപ്രധാനമായ സ്ഥാനം നൽകും. കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഹൈടെക് അമ്മത്തൊട്ടിൽ ഉദ്ഘാടന ചടങ്ങളിൽ ചെയർമാനെ ആശംസാ പ്രാസംഗികനാക്കി. വാർഡ് കൗൺസിലറെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനെയും യോഗത്തിൽ പങ്കെടുപ്പിച്ചതുമില്ല.

ജനറൽ ആശുപത്രി നഗരസഭയുടെ അധീനതയിലുള്ളതാണ്. അവിടെ നടക്കുന്ന പരിപാടിയുടെ അധ്യക്ഷനാകേണ്ടത് നഗരസഭാധ്യക്ഷനാണ്. ഇവിടെ പക്ഷേ, ശിശുക്ഷേമ സമിതി സംസ്ഥാന അധ്യക്ഷൻ ഷിജു ഖാൻ ആണ് അധ്യക്ഷത വഹിച്ചത്. സംഭവം വിവാദമായതോടെ കൗൺസിലർമാരെ നേരിട്ട് വിളിച്ച് വിശദീകരണം നൽകാനും മന്ത്രി ശ്രമിച്ചു.

നഗരസഭ യുഡിഎഫ് ഭരിക്കുമ്പോൾ എംഎൽഎ കൊണ്ടു വന്ന സ്വപ്ന പദ്ധതിയായിരുന്നു ജില്ലാ സ്റ്റേഡിയം കോംപ്ലക്സ്. സ്പോർട്സ് കൗൺസിലുമായി ധാരണാ പത്രം ഒപ്പു വച്ചാൽ സ്റ്റേഡിയത്തിന്റെ ഉടമാവകാശം തങ്ങളിൽ നിന്ന് പോകുമെന്ന് പറഞ്ഞ് അന്നത്തെ യുഡിഎഫ് ഭരണ സമിതി അതിന് തയാറായില്ല. ഇക്കുറി ഭരണം കിട്ടിയതിന് പിന്നാലെ ആദ്യം ചേർന്ന കൗൺസിൽ യോഗത്തിൽ ആദ്യ അജണ്ടയായി സ്റ്റേഡിയത്തിന്റെ ധാരണാ പത്രം പാസാക്കി. തൊട്ടുപിന്നാലെ ഒപ്പിടുകയും ചെയ്തു. വർഷമൊന്നാകാറായിട്ടും എംഎൽഎയുടെ സ്വപ്ന പദ്ധതിക്ക് അനക്കമില്ല. കിഫ്ബിയിൽ ഈ വിഷയം കൊണ്ടു വരാൻ വീണാ ജോർജ് ശ്രമിച്ചിട്ടില്ല എന്നാണ് പരാതി.

മന്ത്രി, സ്ഥലം എംഎൽഎ എന്നീ നിലകളിൽ വീണയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് പാർട്ടിക്കുള്ളിൽ വിമർശനം ഉയരുന്നു. മുതിർന്ന നേതാക്കൾ വിളിച്ചാൽ പോലും ഫോണെടുക്കില്ല. അവരെ തിരിച്ചു വിളിക്കാറില്ല. ജില്ലയിൽ നിന്നുള്ള മന്ത്രിയായിട്ടു കൂടി വികസന കാര്യങ്ങളിൽ വീണയുടെ പങ്കാളിത്തം ഉണ്ടാകുന്നില്ല. നഗരസഭ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളോട് മന്ത്രി മുഖം തിരിക്കുന്നുവെന്ന് നഗരസഭ പാർലമെന്ററി പാർട്ടി യോഗത്തിലും സിപിഎം ലോക്കൽ കമ്മറ്റി യോഗത്തിലും വിമർശനമുണ്ടായി.

സ്വന്തം മണ്ഡലത്തിലെ വോട്ടർമാരെയും പാർട്ടി പ്രവർത്തകരെയും ജില്ലാ നേതാക്കളെയുമെല്ലാം മന്ത്രി അവഗണിക്കുന്നുവെന്ന പരാതി നേരത്തേ തന്നെ ഉണ്ട്. കഴിഞ്ഞ നാലിന് ചേർന്ന എൽഡിഎഫ് മുനിസിപ്പൽ കമ്മറ്റി യോഗം ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തിരുന്നു. സിപിഎം സംസ്ഥാന കമ്മറ്റിയംഗം ആർ. ഉണ്ണികൃഷ്ണ പിള്ള യോഗത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ ഘടക കക്ഷി നേതാക്കൾ രൂക്ഷവിമർശനം ഉന്നയിച്ചു. പ്രത്യേക ഉപസമിതി രൂപീകരിച്ച് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. സിപിഎം സംസ്ഥാന കമ്മറ്റിയിലും വിഷയം അവതരിപ്പിക്കും.

കഴിഞ്ഞ ദിവസം പുറത്തു വന്ന ആറന്മുള നിയോജക മണ്ഡലം കമ്മറ്റിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വീണയ്ക്കെതിരേ പാർട്ടിയിൽ നിന്ന് പ്രവർത്തനമുണ്ടായതായി പരാമർശമുണ്ട്. പത്തനംതിട്ട ടൗൺ, കുമ്പഴ, കുളനട ലോക്കൽ കമ്മറ്റികളിലാണ് ഏറ്റവും കൂടുതൽ പ്രവർത്തകർ വിട്ടു നിന്നത്. തന്നെ കാലുവാരാൻ ശ്രമിച്ചവരോട് വീണ പകപോക്കുകയാണെന്ന വാദവും ഉയരുന്നു.