- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോകുൽ കൃഷ്ണന്റെ അമ്മയ്ക്ക് താൽകാലിക നിയമനം നൽകി ആരോഗ്യ വകുപ്പ്; നിപയെ അതിജീവിച്ച കുടുംബത്തിന് ആശ്വാസം
എറണാകുളത്ത് നിപയെ അതിജീവിച്ച കുടുംബത്തിന് ആശ്വാസമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രതിസന്ധിയിലായ നിപയെ അതിജീവിച്ച എറണാകുളം സ്വദേശിയായ ഗോകുൽ കൃഷ്ണയുടെ അമ്മ വി എസ്. വാസന്തിക്ക് താത്ക്കാലിക തസ്തികയിൽ നിയമനം നൽകി. സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വനിത വികസന കോർപറേഷനിൽ ലോൺ/ റിക്കവറി അസിസ്റ്റന്റായാണ് നിയമനം. വാസന്തി ജോലിയിൽ പ്രവേശിച്ചു.
ഒരു മാധ്യമ പ്രവർത്തക പറഞ്ഞാണ് ഗോകുൽ കൃഷ്ണയുടെ കുടുംബത്തിന്റെ അവസ്ഥ മന്ത്രിയറിഞ്ഞത്. ഗോകുൽ കൃഷ്ണയെ മന്ത്രി നേരിട്ട് വിളിച്ചപ്പോൾ കാര്യങ്ങൾ തുറന്ന് പറഞ്ഞു. എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് 2019ൽ ഗോകുൽ കൃഷ്ണയെ നിപ വൈറസ് ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയിൽ ഫാർമസി ഇൻ ചാർജ് ആയാണ് ജോലി ചെയ്തിരുന്നത്. മകന് നിപ വൈറസ് ബാധിച്ചതോടെ അവർ ആശുപത്രിയിൽ നിന്നും വിട്ടുനിന്നു. മകന്റെ ചികിത്സ കഴിഞ്ഞിട്ട് ആശുപത്രിയിലെത്തിയപ്പോഴേക്കും അവരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു. 28 വർഷം അവർ അവിടെ സേവനമനുഷ്ഠിച്ചിരുന്നു എന്നാണ് പറയുന്നത്. കോവിഡ് വ്യാപനം കാരണം അച്ഛന് ജോലി നഷ്ടപ്പെട്ടിരുന്നു. ഗോകുൽ കൃഷ്ണയ്ക്കാണെങ്കിൽ നിപയ്ക്ക് ശേഷം മറ്റ് പല അസുഖങ്ങളുമുണ്ട്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ആരോടും സഹായമഭ്യർത്ഥിച്ച് പോയില്ല. കടം കയറി വീട് ജപ്തിയുടെ വക്കിലുമാണ്.
ജീവിതം വല്ലാത്തൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്നത്തിലിടപെട്ടത്. മന്ത്രിയുടെ വകുപ്പിന് കീഴിലുള്ള വനിത വികസന കോർപറേഷനിൽ ഉടൻ തന്നെ ജോലി നേടിക്കൊടുത്തു. ജോലിയിൽ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ലേബർ വകുപ്പിന്റെ സഹായം തേടി. ജപ്തിനടപടികളിൽ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റേയും സഹായം തേടും. ഗോകുൽ കൃഷ്ണയുടെ തുടർ ചികിത്സ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും ലഭ്യമാക്കുന്നതാണ്.