പത്തനംതിട്ട: സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമാണെന്നും അവ തുടർന്നും ഉണ്ടാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് കൊടുന്തറ ഗവ. എൽപി സ്‌കൂളിൽ നടത്തിയ സ്‌കൂൾ ശുചീകരണ മാസാചരണം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യക്തിജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും രാഷ്ട്ര ജീവിതത്തിലെയും ശുചിത്വത്തെ കുറിച്ചും ശുദ്ധിയെ കുറിച്ചും എന്നും സംസാരിച്ച, ചിന്തകൾ പങ്കുവച്ച, ദർശനങ്ങൾ സമൂഹത്തിന് നൽകിയ രാഷ്ട്രപിതാവിന്റെ സ്മരണ ശക്തമായി പുതുക്കുന്ന ദിനമാണ് ഒക്ടോബർ രണ്ട്. വർത്തമാന കാലത്തിൽ ഗാന്ധിജി പഠിപ്പിച്ച പാഠങ്ങൾ ഏതൊക്കെ തലങ്ങളിൽ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നുണ്ടെന്നു കൂടി പരിശോധിക്കണം. ഗാന്ധിജിയെ ഓർക്കുന്നതും, എല്ലാവരെയും ഉൾക്കൊള്ളുന്ന സഹിഷ്ണുതയുടെ വലിയ ചിന്തകൾ നമ്മുടെ സാമൂഹിക, വ്യക്തി ജീവിതത്തിലേക്ക് പരിവർത്തനപ്പെടുത്തേണ്ടതും അനിവാര്യമാണ്. ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ ഒട്ടുമിക്ക സ്‌കൂളുകളിലും എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ പൊലീസ് വകുപ്പ് സജ്ജരായിരിക്കുകയാണ്. സംസ്ഥാനതലത്തിൽ തന്നെ മാതൃകയാണ് ഇത്തരത്തിലൊരു പ്രവർത്തനം പൊലീസ് വകുപ്പ് ഏറ്റെടുത്ത് ചെയ്യുന്നത്. 24 സ്‌കൂളുകളിലായി ആരംഭിച്ച പ്രവർത്തനം സ്‌കൂൾ തുറക്കുന്നതിന് മുൻപായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ച് പരിപാടി പൂർത്തീകരിക്കും.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ലോക്ക്ഡൗണിന്റെ സാഹചര്യമുണ്ടായി. ജനങ്ങളുടെ സംരക്ഷണത്തോടൊപ്പം ജീവനോപാധി കൂടി സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന് സർക്കാരിന് നിർബന്ധമുണ്ടായിരുന്നു. പ്രതിരോധം വർധിപ്പിച്ച് ഇളവുകൾ അനുവദിക്കുന്നതിനായി വാക്‌സിനേഷൻ പൂത്തീകരിക്കണം. 92.4 ശതമാനമാണ് ഇപ്പോഴത്തെ വാക്‌സിനേഷൻ റേറ്റ്. അലർജിയുള്ളവർ, കോവിഡ് ബാധിച്ചവർ തുടങ്ങിയവർക്കാണ് ഇനി വാക്‌സിൻ നൽകാനുള്ളത്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് സ്‌കൂൾ തുറക്കാനായി സർക്കാർ തീരുമാനിച്ചത്. ഓൺലൈൻ പഠനം സാധ്യമാണെങ്കിലും സാമൂഹിക ജീവിതം എന്നത് ഒരു വ്യക്തിയുടെ ശാരീരിക, മാനസിക, ബൗദ്ധിക, വൈകാരിക വികാസത്തിന് വേണ്ടിയുള്ളതാണ്.

സാമൂഹിക അന്തരീക്ഷത്തിൽ എങ്ങനെ ഇടപെടണമെന്നത് കുട്ടികൾ പഠിക്കുന്നത് വിദ്യാലയങ്ങളിൽ നിന്നാണ്. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ വിദ്യാഭ്യാസ വകുപ്പാണ് അവസാന തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച് അവലോകനം നടക്കുന്നുണ്ട്. മറ്റ് രോഗങ്ങൾ ഉള്ള വ്യക്തികൾ ഉള്ള വീട്ടിൽ നിന്നും കുട്ടികൾ സ്‌കൂളിൽ വരേണ്ടതില്ല. ഇത്തരത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളുടെ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളാണ് പൊലീസ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, കൗൺസിലർ സുമേഷ് ബാബു, ഡിവൈ.എസ്‌പി. കെ. സജീവ്, എഇഒ സന്തോഷ് കുമാർ, കൊടുന്തറ ഗവ. എൽപി സ്‌കൂൾ ഹെഡ്‌മിസ്ട്രസ് സ്മിതാ കുമാരി, സിഐ ജി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.