- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തമായ മഴ തുടരുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണാ ജോർജ്; പത്തനംതിട്ടയിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ അടിയന്തിര യോഗം ചേർന്നു
പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ പമ്പ, അച്ചൻകോവിൽ നദികളുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ റവന്യൂ മന്ത്രി കെ.രാജൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ അഡ്വ.മാത്യു ടി തോമസ്, അഡ്വ.പ്രമോദ് നാരായൺ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട ജില്ലയിൽ 70 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ജില്ലയുടെ പലഭാഗത്തും അതിശക്തമായ മഴ പെയ്യുന്നുണ്ട്. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോന്നി കല്ലേലി ഭാഗങ്ങളിൽ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് നിലവിൽ ഉയർന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. എന്നാൽ, കക്കി ഡാമിന് താഴെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതായാണ് റിപ്പോർട്ട്.
ജില്ലയിൽ ഡാമുകളുമായി ബന്ധപ്പെട്ട് നിരന്തരം സ്ഥിതിഗതികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി വരുന്നുണ്ട്. നിലവിൽ നിരണത്തും പന്തളത്തും രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ക്യാമ്പുകളിൽ കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ആവശ്യത്തിന് ആന്റിജൻ കിറ്റുകൾ ഉണ്ട്.
ക്യാമ്പുകളിലേക്ക് വരുന്നതിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകം താമസിപ്പിക്കും. കോവിഡ് പോസിറ്റീവായി വീടുകളിൽ ഐസലേഷനുകളിൽ ഉള്ളവരെ സിഎഫ്എൽടിസികളിലും ഡിസിസികളിലും പാർപ്പിക്കും.ജില്ലയിലെ കുളനടയിൽ എൻ.ഡി.ആർ.എഫിന്റെ 23 അംഗ സംഘം ക്യാമ്പ് ചെയ്തുവരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ