തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ ദിവസവും മെഡിക്കൽ സംഘം സന്ദർശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉന്നതതല യോഗത്തിൽ നിർദ്ദേശം നൽകി. അതത് തദ്ദേശസ്ഥാപന പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക്കൽ സംഘമായിരിക്കും ക്യാമ്പുകൾ സന്ദർശിക്കുക. ഇടയ്ക്കിടയ്ക്ക് മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നതാണ്. പ്രശ്നബാധിത മേഖലകളായ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രവർത്തനങ്ങൾ യോഗത്തിൽ പ്രത്യേകം ചർച്ച ചെയ്തു. ഇവിടെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സയും ഉറപ്പ് വരുത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ഈ ജില്ലകളിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ.മാർക്ക് മന്ത്രി നിർദ്ദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്.

രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാർപ്പിക്കണം. കോവിഡ് പോസിറ്റീവായവരെ ഡിസിസികളിലേക്കോ സിഎഫ്എൽടിസികളിലേക്കോ മാറ്റണം. പോസിറ്റീവായവരുടെ കുടുംബാംഗങ്ങളെ പ്രത്യേകമായി നിരീക്ഷിക്കണം. ക്യാമ്പുകളിൽ കഴിയുന്നവരുടെ മാനസികാരോഗ്യം നിലനിർത്താൻ മാനസിക രോഗ വിദഗ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരും ക്യാമ്പിലുള്ളവരും ഉൾപ്പെടെ മലിനജലവുമായി ബന്ധപ്പെടാൻ സാധ്യതയുള്ള എല്ലാവർക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ നൽകേണ്ടതാണെന്നും നിർദ്ദേശം നൽകി.

ക്യാമ്പുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ ഉറപ്പാക്കാണം. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവരിൽ ആദ്യ ഡോസ് വാക്സിൻ എടുക്കാനുള്ളവരുടേയും രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ കാലാവധിയെത്തിവരുടേയും വിവരങ്ങൾ ശേഖരിച്ചു വരുന്നു. അതനുസരിച്ച് അവരുടെ വാക്സിനേഷൻ ഉറപ്പ് വരുത്തുന്നതാണ്. വാക്സിൻ എടുക്കാത്ത ആരും തന്നെ ക്യാമ്പുകൾ സന്ദർശിക്കരുത്.

മഴ തുടരുന്നതിനാൽ മറ്റ് പകർച്ചവ്യാധികൾക്കും സാധ്യതയുണ്ട്. പകർച്ച വ്യാധിയുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. ക്യാമ്പുകളുടെ പരിസരം കൊതുക് വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. അവബോധം ശക്തിപ്പെടുത്തും.

ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീടും പരിസരവും ശുചിയാക്കണം. കിണർ ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാൻ പാടുള്ളൂ. പാമ്പ് കടിയേൽക്കാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻഎച്ച്എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.