കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം കോവിഡ് വാക്‌സിൻ എടുത്തെന്ന് കരുതി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കരുതെന്നും മന്ത്രി മുന്നറിയിപ്പു നൽകി.ഇനിയും കോവിഡ് തരംഗം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നും വാക്‌സിൻ സ്വീകരിക്കുന്നതിനൊപ്പം ജാഗ്രതയും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ശബരിമലയിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് സർക്കാർ തീരുമാനമെന്നും ഇതിനായി കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.കേരളത്തിൽ കഴിഞ്ഞ ദിവസം 6111 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂർ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂർ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസർഗോഡ് 97 എന്നിങ്ങനെയാണ് ജില്ലകളിൽ കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചത്. അൻപത്തിയൊന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 7202 പേർ രോഗമുക്തി നേടി.