- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളങ്ങളിൽ കർശന പരിശോധന; വിദേശത്ത് നിന്നെത്തുന്നവർക്ക് ഹോം ക്വാറന്റൈൻ കർശനമാക്കും; ഓമിക്രോണിൽ ജാഗ്രതയ്ക്ക് കേന്ദ്ര നിർദ്ദേശം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്; പുതിയ വകഭേദത്തെ തിരിച്ചറിയാൻ കേരളവും നിരീക്ഷണം ശക്തമാക്കുന്നു; വീണ്ടും കോവിഡ് ഭീതി
കൊല്ലം: പുതിയ കോവിഡ് വകഭേദം ഒമിക്രോൺ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം ലഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഹോം ക്വാറന്റൈൻ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം.
കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ പ്രകാരമുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.നിലവിൽ ഉള്ളത് പോലെ കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.പുതിയ വകഭേദം വാക്‌സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടനയുടെ പരിശോധന നടക്കുകയാണ്. കേരളത്തിൽ വൈറസിന്റെ ജനിതക വകഭേദങ്ങളെപ്പറ്റി പഠനം നടക്കുന്നുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗം പുരോഗമിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്‌സിനേഷൻ പുരോഗതിയും ചർച്ചയാകും.
നിലവിലെ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.
നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രയേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനവും അനിശ്ചിതത്വത്തിലായി. നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യൻ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി. ഒമിക്രോണിന്റെ വരവ് വീണ്ടും ലോകത്തെ സാമ്പത്തിക അവസ്ഥയെ തകിടം മറിക്കുമെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ