തിരുവനന്തപുരം: സമയബന്ധിതമയി ഫയലുകൾ തീർപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് വളരെയേറെ സുപ്രധാന ഫയലുകളാണ്. ജനങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ജീവനക്കാരുടെ സർവീസുമായും പ്രമോഷനുമായും ബന്ധപ്പെട്ടും ധാരാളം ഫയലുകൾ എത്തുന്നുണ്ട്.

ഈ ഫയലുകളൊന്നും താമസിപ്പിക്കാതെ തീർപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എൻഎച്ച്എം, ഇ ഹെൽത്ത് എന്നീ ഓഫീസുകൾ സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി നേരിട്ട് നടത്തിയ ആശയ വിനിമയത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

ഈ ഓഫീസുകളിലെ വിവിധ സെക്ഷനുകൾ സന്ദർശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ മീറ്റിംഗും വിളിച്ചു ചേർത്തു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ മെഡിക്കൽ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം ഈ വർഷം യാഥാർത്ഥ്യമാക്കും. സർവീസിലുള്ളവർക്കും ഫയലുകൾ ട്രാക്ക് ചെയ്യുന്നതിനും മറ്റും ഇ ഓഫീസ് സംവിധാനം നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ഇതോടൊപ്പം പൊതുജനങ്ങൾക്കും ഫയലുകളുടെ നീക്കം മനസിലാക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.