ആറന്മുള: ഇര മാപ്പ് പറയണം എന്നത് വേട്ടക്കാരന്റെ ക്രൂരതയാണെന്ന് ആറന്മുളയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ വീണാ ജോർജ്. തനിക്കെതിരെ കഴിഞ്ഞ ദിവസം ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് മാദ്ധ്യമപ്രവർത്തകയുമായ വീണ ജോർജ് രംഗത്ത് എത്തിയത്.

റിപ്പോർട്ടർ ചാനലിൽ ചീഫ് ന്യൂസ് എഡിറ്ററായിരിക്കെ വീണ ജോർജ് നൽകിയ തെറ്റായ പരാതിയുടെ അടിസ്ഥാനത്തിൽ ജയിലിലടയ്ക്കപ്പെട്ട സനോജ് എന്ന യുവാവിനോട് അവർ മാപ്പു പറയണമെന്ന് മാദ്ധ്യമപ്രവർത്തകൻ ഗിരീഷ് ജനാർദ്ദനൻ കഴിഞ്ഞ ദിവസം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് വീണാ ജോർജ് കാര്യങ്ങൾ വിശദീകരിക്കുന്നത്.

വീണാ ജോർജിന്റെ പോസ്റ്റ് ഇങ്ങനെ

ഇര മാപ്പ് പറയണം എന്നത് വേട്ടക്കാരന്റെ ക്രൂരത

കുഞ്ഞുങ്ങളെ സ്‌കൂളിൽ വിട്ടതിനു ശേഷം മടങ്ങുമ്പോൾ ഞങ്ങളുടെ വാടകവീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ പതിയിരുന്ന് ആക്രമിക്കുകയും ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത അജ്ഞാതനായ അക്രമിയെ കണ്ടുപിടിച്ച് നീതിന്യായവ്യവസ്ഥയ്ക്ക് മുന്നിൽ കൊണ്ടുവരണം എന്ന് ഞാൻ പരാതി കൊടുത്തു. സംഭവം നടന്നിട്ട് അഞ്ചു മാസമാകുന്നു. ബഹളം കേട്ട് ആളുകൾ ഓടി വന്നപ്പോഴാണ് അക്രമി ബൈക്കിൽ രക്ഷപെട്ടത്. അന്ന് ആളുകൾ ഓടി വന്നില്ലായിരുന്നെങ്കിൽ മറ്റൊരു സൗമ്യ കൂടി ഉണ്ടാകുമായിരുന്നു. അവിടെ ആളുകൾ ഉണ്ടാകുമെന്ന് പ്രതി കരുതിയില്ല. വളരെ ആസൂത്രിതമായി നിർവ്വഹിക്കാൻ ശ്രമിച്ച കുറ്റകൃത്യത്തിലെ പ്രതിയെ അന്വേഷിച്ചതും കണ്ടെത്തിയതും പൊലീസാണ്. ഞാനല്ല. എനിക്ക് അയാളെ അതിന് മുൻപ് അറിയുകയുമില്ല. പിടിക്കപ്പെട്ടാൽ രക്ഷപെടാൻ പ്രതി ഏതു മാർഗവും സ്വീകരിക്കുമെന്നുള്ളത് ഇപ്പോൾ കൂടുതൽ വ്യക്തമാകുന്നു.

അഞ്ചു മാസം മുൻപ് നടന്ന സംഭവം ഇപ്പോൾ കോടതിക്ക് മുന്നിലാണ്. ഇക്കാലയളവിൽ ഇല്ലാതിരുന്ന ആരോപണം ഇപ്പോൾ എങ്ങനെ ഉണ്ടായി. ഇരയാക്കപ്പെട്ട ആൾ മാപ്പ് പറയണം എന്നത് നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു. തെളിവുകളും സാക്ഷികളും ഉള്ള കേസിൽ നുണപ്രചരണം വിലപ്പോവില്ല. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കള്ളക്കഥകൾ മെനഞ്ഞ് സോഷ്യൽ മീഡിയയിലൂടെ ഉള്ള അസത്യപ്രചരണത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. സ്ത്രീകൾ സുരക്ഷിതരെന്ന് കരുതുന്ന ഇവിടെ ഇതിന് മുൻപും പിൻപും ഈ ദുരനുഭവം എത്രയോ സ്ത്രീകൾക്ക് ഉണ്ടായി കാണും. തിരഞ്ഞെടുപ്പ് രംഗത്ത് നുണപ്രചരണം നടത്തിയാൽ ഞാൻ ഭയന്നോടും എന്ന് ചിലർ സ്വപ്‌നം കണ്ടുകാണും. ഇര അക്രമിയുടെ മുന്നിൽ മാപ്പ് പറയണം എന്ന നീതി ശാസ്ത്രം കേരളീയസമൂഹത്തിൽ വിലപ്പോവില്ല.

ഒരു സ്ത്രീയും ഇങ്ങനെ ആക്രമിക്കപ്പെടരുത്. ഇനി ഒരിയക്കലും ഈ ദുരനുഭവം ഒരു സ്ത്രീയ്ക്കും ഉണ്ടാകരുത്. സ്വന്തം അമ്മയും സഹോദരിയും ഭാര്യയുമാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നതെങ്കിൽ അവരെകൊണ്ട് പ്രതിയോട് മാപ്പ് പറയിക്കുമോ. നീതി ലഭിക്കാൻ എന്റെ അവസാന നിമിഷം വരെ ഞാൻ പോരാടും.

(ഗിരീഷ് എന്ന ഒരാളുടെ പോസ്റ്റ് കണ്ടു. ഗിരീഷ് എന്നു പറയുന്ന ആളെ എനിക്ക് അറിഞ്ഞു കൂടാ. അദ്ദേഹത്തിന്റെ പ്രിയപെട്ടവർക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നതെങ്കിൽ , ആക്രമിച്ചു അവളെ കൊന്നുകൊള്ളൂ എന്ന് പറയുമായിരിക്കാം. അദ്ദേഹത്തിന് പരാതിയും കാണില്ലായിരിക്കാം. അദ്ദേഹത്തിന്റെ പോസ്റ്റിലെ വീണയും തബലയും പ്രയോഗവും ,ഓർത്തഡോക്‌സ് ദമ്പതി പ്രയോഗവും അദ്ദേഹത്തിന്റെ ഇന്റൻഷൻ വ്യക്തമാക്കുന്നു. രാഷ്ട്രീയപ്രവർത്തനം നടത്തുന്ന സ്ത്രീയുടെ ഭർത്താവിന് അദ്ദേഹം നൽകുന്ന വിശേഷണവും കൊള്ളാം . അദ്ദേഹത്തെ പൊതുസമൂഹം വിലയിരുത്തട്ടെ. )

 

 

ഇര മാപ്പ് പറയണം എന്നത് വേട്ടക്കാരന്റെ ക്രൂരത...

Posted by Veena George on Thursday, April 7, 2016
 

വല്ലാതെ ശൂന്യമാവുന്ന നേരങ്ങളിൽ അഭയാർത്ഥിയായി ചെന്നുപറ്റുന്ന പ്രിയപ്പെട്ട ചിലയിടങ്ങളുണ്ട്. പറവൂരിൽ അംജാദലിയുടെ വക്ക...

Posted by Gireesh Janardhanan on Tuesday, April 5, 2016