കൊച്ചി: ഇന്ത്യാവിഷൻ ചാനലിനെക്കുറിച്ച് മലയാളി മനസിൽ ഓർക്കുന്ന മുഖങ്ങളിൽ പ്രധാനമാണ് വീണ ജോർജ്ജിന്റേത്. മാദ്ധ്യമപ്രവർത്തനത്തിൽ ഔപചാരിക വിദ്യാഭ്യാസമില്ലാതെ മാദ്ധ്യമരംഗത്തിന്റെ മുൻ നിരയിൽ എത്തിയ വീണ വാർത്താ അവതരണത്തിൽ മാനേജ്‌മെന്റിന്റെ സ്വാർത്ഥ താൽപ്പര്യങ്ങളോട് സമരസപ്പെടാനില്ലെന്ന പ്രഖ്യാപനവുമായി അടുത്തിടെ ചേംബർ ഓഫ് കോമേഴ്‌സിന്റെ ടി വി ന്യൂ ചാനലിൽ നിന്നും പടിയിറങ്ങിയിരുന്നു. മലയാളം വാർത്താ ചാനലുകളിലെ ആദ്യ വനിതാ എക്‌സിക്യൂട്ടീവ് എഡിറ്റർ എന്ന പദവിയിൽ എത്തിയ വീണാ ജോർജ് ഇടവേളയ്ക്ക് ശേഷം വീണ്ടും ചാനൽ രംഗത്ത് സജീവമാകുന്നു. റിപ്പോർട്ടർ ചാനലിന്റെ വാർത്താ മുഖമായാണ് വീണ വീണ്ടും എത്തുന്നത്.

ഇന്നെലെയാണ് മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ ജോർജ്ജ് റിപ്പോർട്ടർ ചാനലിൽ ചീഫ് ന്യൂസ് എഡിറ്ററായി ചുമതലേറ്റത്. ടി വി ന്യൂ വിട്ടശേഷം താൽക്കാലികമായി മാദ്ധ്യമപ്രവർത്തന രംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു വീണാ ജോർജ്ജ്. ഇതിനിടെ കൊച്ചിയിൽ ഒരു ആധുനിക വസ്ത്രശാലയുടെ അമരക്കാരിയായും തുടരുകയായിരുന്നു. ഇതിനിടെ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ചാനലിൽ നിന്നും വീണയ്ക്ക് അവസരം വന്നിരുന്നു. ഇതൊക്കെ നിരസിച്ചു കൊണ്ടാണ് എം വി നികേഷ് കുമാറിന്റെ ഭാഗമായി വീണ ജോർജ്ജ് ചേർന്നിരിക്കുന്നത്. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ചാനലിന് പ്രതീക്ഷയായിരിക്കുകയാണ് വീണയുടെ കടന്നുവരവ്.

എം വി നികേഷ് കുമാറിനും ഭഗത് ചന്ദ്രശേഖറിനും ശേഷം ഇന്ത്യാവിഷൻ ചാനലിന്റെ മുഖമായത് വീണയായിരുന്നു. നികേഷും ഭഗത്തും ചെയ്തിരുന്ന മുഖാമുഖം പരിപാടിയുടെ അവതാരകയും വീണയായിരുന്നു. കഴിഞ്ഞ മാർച്ചിൽ ചാനൽ സംപ്രേഷണം അവസാനിക്കുന്നതുവരെ വീണ തുടരുകയും ചെയ്തു. പിന്നീടാണ് ചേംബർ ഓഫ് കോമേഴ്‌സിന്റെ ടിവി ന്യൂവിൽ ചേർന്നത്. മലയാളത്തിലെ ഒരു മാദ്ധ്യമസ്ഥാപനത്തിന്റെ ഏറ്റവും ഉന്നത പദവിയിലെത്തുന്ന വനിത എന്ന പെരുമയോടെയാണ് വീണ ടി വി ന്യൂവിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററായി ചുമതലയേറ്റിരുന്നത്.

ഇന്ത്യാവിഷനിലുണ്ടായിരുന്ന കെ പി അഭിലാഷ്, ഡി ധനസുമോദ് തുടങ്ങിയ മാദ്ധ്യമപ്രവർത്തകരും വീണയോടൊപ്പം ടി വി ന്യൂവിൽ പോയിരുന്നു. എന്നാൽ, ചേംബർ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിന്റെയും ചാനൽ ചെയർമാനായിരുന്ന കെ എൻ മർസൂക്കിന്റെയും ചില നിലപാടുകൾ വാർത്തയിൽ പ്രതിധ്വനിക്കാൻ തുടങ്ങിയപ്പോൾ വീണ പടിയിറങ്ങുകയായിരുന്നു. ദളിത്, ആദിവാസി വിഷയങ്ങളിലും സാധാരണക്കാരുടെ പ്രശ്‌നങ്ങളിലും ഇടപെടാൻ മടിക്കുന്നതും ചർച്ചകളിൽ അതിഥികളെ വിളിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് വീണയുടെ രാജിയിലെത്തിയത്. കൃത്യമായി ശമ്പളം നൽകാതെയും അലവൻസുകൾ നൽകാതെയും മികച്ച ഒരു പറ്റം മാദ്ധ്യമപ്രവർ്ത്തകർ അടക്കമുള്ളവരെ പീഡിപ്പിക്കുന്ന മാനേജ്‌മെന്റ് നിലപാടിനെതിരെയും വീണ ശബ്ദമുയർത്തിയിരുന്നു. തുടർന്നാണ് മാദ്ധ്യമപ്രവർത്തന രംഗത്തു നിന്നും അവർ ഇടവേള എടുത്തത്.

ഇതിനിടെ മാതൃഭൂമി ചാനലിൽ നിന്നും വന്ന ഓഫർ ചാനൽ നിരസിക്കുകയും ചെയ്തിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കാനുള്ള താൽപ്പര്യം കൊണ്ടായിരുന്നു ഇത്. ഇതിനിടെ പി കെ പ്രകാശ് എക്‌സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം ഒഴിഞ്ഞപ്പോൾ റിപ്പോർട്ടറിൽ നികേഷിനു ശേഷം നായകസ്ഥാനത്തുണ്ടായ ഒഴിവ് നികത്താനാണ് വീണയുടെ വരവ്. കഴിഞ്ഞദിവസം എം വി നികേഷ് ക്ഷണിച്ചത് അനുസരിച്ച് ചാനലിൽ ചേരാൻ വീണ തീരുമാനിക്കുകയായിരുന്നു. അതേസമയം മൂന്നു മാസമായി ശമ്പളം മുടങ്ങിക്കിടക്കുന്ന റിപ്പോർട്ടർ ചാനലിലേക്ക് വീണയൊടൊപ്പം പ്രമുഖമായ ബിസിനസ് ഗ്രൂപ്പിന്റെ നിക്ഷേപവും വരുമെന്ന റിപ്പോർട്ടുമുണ്ട്.

നേരത്തേ ഇന്ത്യാവിഷനിൽ ഓഹരിയുണ്ടായിരുന്ന ഗ്രൂപ്പ് റിപ്പോർട്ടറിൽ വൻ തുക നിക്ഷേപിച്ചേക്കും എന്നും അറിയുന്നു. ഇതോടെ, കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സ്ഥാപനത്തിലെ ജീവനക്കാരും പ്രതീക്ഷയിലാണ്. ശമ്പള പ്രശ്‌നത്തെ തുടർന്ന് ചാനലിൽ നിന്നും നിരവധി മാദ്ധ്യമപ്രവർത്തകർ നേരത്തെ തന്നെ രാജിവച്ചിരുന്നു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നികേഷ് കുമാർ മത്സരിക്കാനുള്ള സാധ്യതയിരിക്കേ വീണ ചാനലിന്റെ തലപ്പത്തേക്ക് എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടറിന്റെ തുടക്കത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകരുടെ നിരതന്നെ പ്രവർത്തിച്ചിരുന്നു. ഇവരിൽ വേണു ബാലകൃഷ്ണനും സബിൻ ഇക്‌ബാലും ആദ്യം പടിയിറങ്ങി. പിന്നാലെ സ്മൃതി പരുത്തിക്കാടും പി ടി നാസറും മറ്റിടങ്ങളിലേക്കു പോയി. സുരേഷ് വെള്ളിമറ്റം, രാജീവ് രാമചന്ദ്രൻ മറ്റ് ചാനലിലേക്ക് ചേക്കറി. ഇടക്കാലത്തു വന്ന അനുപമ അമേരിക്കയിൽ സ്ഥിരതാമസമാക്കിയതോടെ അവധിയിലാണ്.

ഇതിനിടെയാണ് നികേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പി കെ പ്രകാശും ചാനൽ വിട്ടത്. ഈ സാഹചര്യത്തിൽ കനത്ത പ്രതിസന്ധി നേരിട്ട ചാനലിന്റെ തലപ്പത്തേക്കാണ് ഇപ്പോൾ നീണ ജോർജ്ജ് എത്തുന്നത്.