- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് സാഹസികയാത്ര; ജീവൻ പണയം വച്ചുള്ള കോവിഡ് പ്രതിരോധത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനവുമായി മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവർത്തകരുടെ ദൃശ്യങ്ങൾ പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിന്റെ പ്രത്യക്ഷസാക്ഷ്യമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇത് പറഞ്ഞത്. പുതൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സുകന്യ, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ വാസു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സൈജു, ഡ്രൈവർ സജേഷ് എന്നിവരാണ് ജീവൻ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്. ഡോക്ടർ സുകന്യയുമായി മന്ത്രി ഫോണിൽ സംസാരിച്ചു.
മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂർ ഡൊമിസിലറി കെയർ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവർക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകി. ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നൽകുകയെന്നതായിരുന്നു ഏറെ പ്രധാനം. അത് സാധ്യമാക്കിയതായി ഡോക്ടർ സുകന്യ പറഞ്ഞു. ഡോക്ടർ സുകന്യയ്ക്കും സഹപ്രവർത്തകർക്കും മന്ത്രി സ്നേഹാഭിവാദ്യം നേർന്നു.
സംസ്ഥാനത്തെ മുഴുവൻ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ പരിശോധന ഊർജ്ജിതമാക്കാനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി കുറിപ്പിൽ പറഞ്ഞു.