- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവിച്ച അമ്മയുടെ ആവശ്യം ന്യായം; അമ്മയുടെ അടുത്ത് കുഞ്ഞ് കഴിയണം; കോടതിയുടെ അവസാന വിധി വന്നതിന് ശേഷം സങ്കീർണമായ നിയമപ്രശ്നങ്ങളിലേക്ക് പോകും; അനുപമയെ അതിലേക്ക് തള്ളിവിടാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്; രണ്ട് നടപടികൾ സർക്കാർ സ്വീകരിച്ചു എന്നും മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ കണ്ടെത്തി നൽകണമെന്നുള്ള അനുപമയുടെ ആവശ്യത്തിന്മേൽ വനിത ശിശുവികസന വകുപ്പ് രണ്ട് നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അതിലൊന്ന് ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വകുപ്പ് തല അന്വേഷണം നടത്താൻ പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ സെക്രട്ടറി അതനുസരിച്ചുള്ള തുടർനടപടി സ്വീകരിക്കുകയും ചെയ്തു.
രണ്ടാമത്തേത് നിയമപരമായ നടപടിയാണ്. അനുമപയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിന്റെ ദത്തെടുക്കൽ നടപടി വഞ്ചിയൂർ കോടതിയിൽ അവസാനഘട്ടത്തിലാണ്. അനുപമയുടെ ആവശ്യം സംബന്ധിച്ചും കുഞ്ഞിനെ ലഭിക്കുന്നത് സംബന്ധിച്ചും സ്റ്റേറ്റ് അഡോപ്ഷൻ ഏജൻസി ഒരു പെറ്റീഷൻ ഫയൽ ചെയ്തു. ഇതോടൊപ്പം വകുപ്പ് അന്വേഷണം നടത്തുന്ന വിവരവും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കോടതിയുടെ അവസാന വിധി വന്നതിന് ശേഷം സങ്കീർണമായ നിയമപ്രശ്നങ്ങളിലേക്ക് പോകും. അതിലേക്ക് അനുപമയെ തള്ളിവിടാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അനുപമയെ ഫോണിൽ വിളിച്ചിരുന്നു. പ്രസവിച്ച അമ്മയുടെ ആവശ്യം ന്യായമാണ്. അമ്മയുടെ അടുത്ത് കുഞ്ഞ് കഴിയണം.
കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ കണ്ടെത്തിയതു മുതൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന കൃത്യമായ റിപ്പോർട്ടാണ് ചോദിച്ചത്. പ്രാഥമിക റിപ്പോർട്ട് അടുത്ത ദിവസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫൈനൽ റിപ്പോർട്ട് ഏതാനും ദിവസത്തിനകം ലഭിക്കും. വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ഇനി ആവർത്തിക്കാതിരിക്കാനുള്ള തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ