- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര വിദഗ്ധ സമിതിയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള തെറ്റിദ്ധാരണയും പാടില്ല; ബ്രേക് ത്രൂ ഇൻഫെക്ഷനിൽ ആശങ്ക വേണ്ട ; വാക്സിൻ എടുത്തവർക്ക് രോഗം ഗുരുതരമാകുന്നില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : പത്തനംതിട്ട ജില്ലയിൽ കോവിഡ് വാക്സിൻ രണ്ട് ഡോസുമെടുത്തിട്ടും വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന കേന്ദ്ര റിപ്പോർട്ടിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. യഥാർത്ഥത്തിൽ കേന്ദ്ര റിപ്പോർട്ട് വാക്സിനേഷന്റെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നുവെന്നാണ് മന്ത്രി പറയുന്നത്. വാക്സിൻ എടുത്തശേഷം കോവിഡ് വന്നതുമായി ബന്ധപ്പെട്ട വാർത്തകളിൽ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ നടത്തിയ പഠനം അനുസരിച്ച് രണ്ടു ഡോസ് വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞ 258 പേർക്കാണ് രോഗബാധ ഉണ്ടായത്. ഇതിൽ 254 പേർക്കും ചെറിയ പനിയോ, ജലദോഷമോ പോലെ രോഗം വന്നു മാറുകയാണ് ചെയ്തത്.
ബ്രേക് ത്രൂ ഇൻഫെക്ഷൻ ( വാക്സിൻ സ്വീകരിച്ചശേഷം കോവിഡ് വരുന്നത്) സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്. ഇക്കാര്യം നിയമസഭയിലും താൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ബ്രേക് ത്രൂ ഇൻഫെക്ഷനിൽ രോഗം ഗുരുതരമാകുന്ന അവസ്ഥ വളരെ കുറവാണ്. അതിനാണ് വാക്സിനേഷൻ എടുക്കുന്നത്. വാക്സിൻ എടുക്കാത്ത ഒരാൾക്ക് രോഗം ഉണ്ടാക്കുന്നതിനേക്കാൾ വളരെ തീവ്രത കുറവാണ് വാക്സിനേഷൻ എടുത്ത ഒരാൾക്ക് കോവിഡ് വരുമ്പോഴെന്നും മന്ത്രി സൂചിപ്പിച്ചു.വാക്സിനെടുത്തവരിൽ നാലുപേർക്ക് മാത്രമാണ് മരണം സംഭവിച്ചത്. അവർ 80 വയസ്സിന് മുകളിൽ പ്രായമുള്ളവരോ, മറ്റ് രോഗങ്ങളുള്ളവരോ ആയിരുന്നെന്ന് മന്ത്രി ചുണ്ടിക്കാട്ടി.
കേന്ദ്ര വിദഗ്ധ സമിതിയുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള തെറ്റിദ്ധാരണയും പാടില്ല. പത്തനംതിട്ട ജില്ലയിൽ കോവിഡ് വന്നവരുടെ കണക്കെടുത്താൽ, രണ്ടു ഡോസ് വാക്സിൻ എടുത്തശേഷം കോവിഡ് വന്നത് 258 പേർക്ക് മാത്രമാണ്. ഇതിൽ 254 പേർക്കും ഒട്ടു തീവ്രമായിരുന്നില്ല എന്നതും വാക്സിനേഷൻ ഫലപ്രദമാണെന്ന് തെളിയിക്കുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ പഠന റിപ്പോർട്ട് നല്ല ഡേറ്റ തന്നെയാണ്. ഇതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കേണ്ടതില്ല. ഇക്കാര്യത്തിൽ പഠനം തുടരുകയാണ്. എല്ലാ ജില്ലകളിലും ഇത് പരിശോധിക്കുന്നുണ്ട്. ബ്രേക് ത്രൂ ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ അത് കാറ്റഗറി ബിയോ, സിയോ ആകുന്നില്ല എന്നതും വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
അതേസമയം വാക്സിനേഷൻ സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങളുണ്ടാകാതിരിക്കാൻ മാധ്യമങ്ങളുടെ സഹകരണം വേണമെന്നും അവർ കൂട്ടിച്ചേർത്തു. രണ്ടാം ഡോസ് വാക്സിനെടുത്ത ശേഷം 5042 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 15 ദിവസം കഴിഞ്ഞ ശേഷം വൈറസ് ബാധിച്ചത് 258 പേർക്കാണ്. 15 ദിവസം കഴിഞ്ഞ ശേഷമാണ് വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൃത്യമായി അറിയാൻ കഴിയുക.
മറുനാടന് മലയാളി ബ്യൂറോ