തിരുവനന്തപുരം: അൾഷിമേഴ്സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അൽഷിമേഴ്സ് രോഗമാണ് മേധാക്ഷയത്തിന്റെ (മറവി രോഗം) സർയ സാധാരണമായ കാരണം. അതുകൊണ്ട് തന്നെ ഇത് നേരത്തെ കണ്ടെത്തുവാനും ചികിത്സയിലേയ്ക്ക് എത്തിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി നേരത്തെ തന്നെ മറവി രോഗത്തിന്റെ അപകട സാധ്യതകൾ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിർണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിൽ അൽഷിമേഴ്സ് രോഗം കണ്ടെത്തുന്നതിനും ചികിത്സക്കുമായി വിവിധ സംവിധാനങ്ങളുണ്ട്. മെഡിക്കൽകോളേജ് ന്യുറോളോജി, സൈക്യാട്രി വിഭാഗങ്ങൾ, ജില്ലാ, ജനറൽ ആശുപത്രികളിലെ സൈക്യാട്രി യുണിറ്റുകൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മാനസികാരോഗ്യ പരിപാടി ക്ലിനിക്കുകൾ എന്നിവയിലെല്ലാം ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.

ഓർമ്മകൾ നഷ്ടപ്പെട്ട് പോയവരെ ഓർമ്മിക്കാനായി ഒരു ദിനമാണ് അൽഷിമേഴ്സ് ദിനം. 'മേധാക്ഷയത്തെ അറിയൂ, അൽഷിമേഴ്സ് രോഗത്തെ അറിയൂ' (Know Dementia, Know Alzheimer's) എന്നതാണ് ഈ വർഷത്തെ പ്രമേയം. അൽഷിമേഴ്സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇതിനോടുള്ള ഭയം കുറയ്ക്കുകയുമാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം.

മറവി, സാധാരണ ചെയുന്ന കാര്യങ്ങൾ ചെയ്യുവാൻ ബുദ്ധിമുട്ട്, സാധനങ്ങൾ വെച്ച് മറക്കുക, തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരിക, വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ, ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകൾ ഒക്കെ ഇതിന്റെ ലക്ഷണങ്ങളായി വരാം. ഇതിനെ കുറിച്ചുള്ള അവബോധം എല്ലാവരിലേയ്ക്കും എത്തിക്കുവാൻ ഈ ലോക അൽഷിമേഴ്സ് ദിനത്തിൽ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.