തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനർഥി വീണ എസ് നായരുടെ കെട്ടുകണക്കിന് പോസ്റ്ററുകൾ ആക്രിക്കടയിൽ. ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററുകളാണ് കിലോയ്ക്ക് 10 രൂപയ്ക്ക് ആക്രിക്കടയിൽ വിറ്റിരിക്കുന്നത്. നന്തൻകോഡ് വൈഎംആർ ജംക്ഷനിൽ ഉള്ള ആക്രിക്കടയിലാണ് പോസ്റ്ററുകൾ കെട്ടികിടക്കുന്നത്.

കഴക്കൂട്ടത്തും കൂട്ടിയിട്ട പോസറ്ററുകൾ കണ്ടെടുത്തിട്ടുണ്ട്. ഇതും ആക്രിക്കടയിൽ കൊടുക്കാൻ വച്ചിരുന്നതെന്നാണ് സൂചന. കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും സ്ഥാനാർത്ഥികളുടെ പോസ്റ്റർ വാങ്ങിയവർ ഒട്ടിച്ചില്ലെന്ന ആരോപണമാണ് ഇതോടെ ശക്തമാകുന്നത്. കഴക്കൂട്ടത്ത് ഡോ എസ് എസ് ലാലായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. ലാലിന്റെ പോസ്റ്ററുകൾ കൂട്ടിയിട്ടിരിക്കുന്നത് പിടിച്ചത് കോൺഗ്രസുകാരാണ്. ഈ വീഡിയോ കോൺഗ്രസ് ഗ്രൂപ്പുകളിൽ വൈറലാകുന്നുണ്ട്.

വട്ടിയൂർക്കാവിൽ കുറവൻകോണത്താണ് അട്ടിമറി നടന്നതെന്നാണ് ആരോപണം. ക്ലീറ്റസ്, ബാലു എന്നീ രണ്ട് പേരാണ് സംശയ നിഴലിലുള്ളത്. അതിനിടെ ഉപയോഗിക്കാത്ത പോസ്റ്ററുകൾ ആക്രിക്കടയിൽ ഉപേക്ഷിച്ചത് പാർട്ടി അന്വേഷിക്കുമെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായർ പ്രതികരിച്ചു. പാർട്ടി അന്വേഷിക്കുമെന്ന ഉറപ്പ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നൽകിയതായും അവർ അറിയിച്ചു.

പാർട്ടി ഏൽപിച്ച ജോലി ഞാൻ ആത്മാർത്ഥമായി ചെയ്തു. മറ്റു വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് പാർട്ടിയാണ്. വീഴ്ചയുണ്ടെങ്കിൽ പാർട്ടിക്ക് ദോഷമാണ്. സ്ഥാനാർത്ഥിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തി. ഉറങ്ങാൻ പോലും സാധിക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നു. വാർത്തകൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മണ്ഡലത്തിൽ നിന്ന് പ്രാദേശിക നേതാക്കളുടെ സഹകരണം ലഭിച്ചിരുന്നു. കോൺഗ്രസ്-ബിജെപി ബാന്ധവമെന്ന ആരോപണത്തോട് മറുപടി പറയാനില്ലെന്നും വീണ പറഞ്ഞു.

കടുത്ത മത്സരം നടന്ന വട്ടിയൂർക്കാവിൽ മുന്നണികളെല്ലാം വിജയപ്രതീക്ഷയിലാണ്. മണ്ഡലം രൂപീകൃതമായതിന് ശേഷമുണ്ടായ രണ്ട് തെരഞ്ഞെടുപ്പുകളിൽ മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു. എന്നാൽ 2019 ലെ ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് പിന്തുണച്ചത് എൽഡിഎഫിനെയും. ഇത്തരത്തിലൊരു മണ്ഡലത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഒട്ടിക്കാത്തത്. കഴക്കൂട്ടത്തും അതിശക്തമായ ത്രികോണപ്പോരാണ്.

തിരുവനന്തപുരത്തെ നന്തൻകോട്ടെ വൈഎംആർ ജംഗ്ഷനിലുള്ള ആക്രിക്കടയിലാണ് സ്ഥാനാർത്ഥിയുടെ ഉപയോഗിക്കുന്ന പോസ്റ്ററുകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായി കണ്ടെത്തിയത്. 50 കിലോയോളം തൂക്കം വരുന്ന പോസ്റ്ററുകളാണ് കടയിൽ കെട്ടിക്കിടക്കുന്നത്. തനിക്ക് പരിചയമുള്ള ഒരാളാണ് പോസ്റ്ററുകൾ ഇവിടേക്ക് കൊണ്ടുവന്നതെന്നാണ് കടക്കാരൻ പറയുന്നത്. 'ബാബു' എന്നാണ് കൊണ്ടുവന്നയാളുടെ പേരെന്നും കിലോ പത്ത് രൂപ എന്ന കണക്കിലാണ് പോസ്റ്ററുകൾ താൻ അയാളിൽ നിന്നും വാങ്ങിയതെന്നും കടക്കാരൻ പറയുന്നു.

വട്ടിയൂർക്കാവിലെ മറ്റ് സ്ഥാനാർത്ഥികളായ ഇടതുമുന്നണിയുടെ വികെ പ്രശാന്ത്. എൻഡിഎയുടെ വിവി രാജേഷ് പ്രചാരണവുമായി താരതമ്യം ചെയ്യുമ്പോൾ വീണയുടെ പോസ്റ്ററുകളും ബോർഡുകളും താരതമ്യേന കുറഞ്ഞ അളവിലാണ് പ്രചാരണത്തിനായി ഉപയോഗിക്കപ്പെട്ടത്. മണ്ഡലത്തിൽ വീണ എസ് നായർ മത്സരരംഗത്തില്ല എന്ന് ഇവിടത്തെ എംഎൽഎ കൂടിയായ വികെ പ്രശാന്ത് നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റർ വിൽപ്പന വിവാദമാകുന്നത്.