തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പ്രചാരണത്തിനാവശ്യമായ തുക എത്തിച്ചിട്ടും യു.ഡി.എഫ്. സ്ഥാനാർത്ഥി വീണ എസ്. നായരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം ശക്തമായിരുന്നില്ലെന്നു പ്രാഥമിക വിലയിരുത്തൽ. പോസ്റ്ററുകൾ ആക്രികടയിൽ കണ്ടത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഫണ്ട് വെട്ടിപ്പിലെ ആരോപണവും എത്തുന്നത്.

ബൂത്ത് തലത്തിൽപോലും കെപിസിസി. നൽകിയ ഫണ്ടിലെ തുക എത്തിയില്ല. ഇതിനിടെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി എത്തിയ 75 ലക്ഷം രൂപയെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണെന്ന് മംഗളമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ തുക എവിടെപ്പോയി എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

എ.ഐ.സി.സിയിൽ നിന്നു തുക എത്തിയെന്ന് ഒരു വിഭാഗവും ഇല്ലെന്ന് മറുവിഭാഗവും പറയുന്നു. മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷ് സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് തിരുവനന്തപുരം ഇന്ദിരാഭവനിലെത്തി തലമുണ്ഡനം ചെയ്ത പശ്ചാത്തലത്തിലാണ് യൂത്ത് കോൺഗ്രസ് സെക്രട്ടറി വീണാ നായർക്ക് സീറ്റ് കിട്ടിയതെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇവിടെ പ്രചരണം വേണ്ട രീതിയിൽ നടന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് പോയെന്നും ആക്ഷേപമുണ്ട്.

ലതികയുടെ വിഷയം ഉയർത്തിക്കാട്ടിയ എ.ഐ.സി.സി. നേതൃത്വം വനിതകളായ ജ്യോതി വിജയകുമാർ, വീണാ നായർ എന്നിവരിൽനിന്ന് ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർദ്ദേശം നൽകി. എന്നാൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ കെപിസിസി. തയാറാക്കിയ പട്ടികയിൽ ഇടംനേടിയത് പി.സി. വിഷ്ണുനാഥ്, പരേതനായ കോൺഗ്രസ് എംഎ‍ൽഎ: ബി. വിജയകുമാറിന്റെ മകനും അഭിഭാഷകനുമായ വി. വിവേക്, ജ്യോതി വിജയകുമാർ, ശാസ്തമംഗലം മോഹൻ എന്നിവരായിരുന്നു.

എന്നാൽ പി.സി. വിഷ്ണുനാഥ് തദ്ദേശവാസിയല്ലെന്ന കാരണത്താൽ ഒരു വിഭാഗം കോൺഗ്രസുകാർ എതിർത്തു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ജ്യോതി വിജയകുമാർ എടുത്ത നിലപാട് വട്ടിയൂർക്കാവിലെ നായർ സമുദായത്തെ പ്രകോപിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡി.സി.സിയിലെ ഒരു വിഭാഗം രംഗത്തുവന്നു. ഇതിനിടയിലാണ് വീണാ നായരുടെ പേര് കടന്നുവന്നതും സ്ഥാനാർത്ഥിയായതും. ഈ മണ്ഡലത്തിലെ പ്രചരണത്തിൽ മുതിർന്ന നേതാക്കൾ പോലും പങ്കെടുത്തില്ലെന്ന വാദമാണ് ഉയരുന്നത്.

വീണാ നായരുടെ പോസ്റ്റർ ആക്രിക്കടയിൽ വിറ്റതോടെയാണ് സംഭവം വിവാദമായത്. ലക്ഷക്കണക്കിനു രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിയെങ്കിലും പ്രവർത്തനച്ചെലവിനുള്ള പണം പ്രവർത്തകരുടെ െകെവശം എത്താത്തതാണ് പോസ്റ്റർ ഒട്ടിക്കാതിരിക്കാൻ കാരണമായി ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ ഒട്ടിക്കണമെങ്കിൽ പശയടക്കമുള്ളവ ആവശ്യമാണെന്നും തങ്ങളുടെ പക്കൽ അതിനാവശ്യമായ തുക എത്തിയിരുന്നില്ലെന്നും ആരോപണ വിധേയരായ കോൺഗ്രസുകാർ പറയുന്നുണ്ടെങ്കിലും കെപിസിസി. നേതൃത്വം അതൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് മംഗളം വാർത്ത.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. പി.സി.സി. ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം, സെക്രട്ടറിമാരായ എൽ.കെ. ശ്രീദേവി, സതീഷ് കൊച്ചുപറമ്പിൽ എന്നിവരാണ് മറ്റംഗങ്ങൾ. വട്ടിയൂർക്കാവിൽ അട്ടിമറി മണക്കുന്നുവെന്നും ഗുരുതരമായ അച്ചടക്കലംഘനം നടന്നതായും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുതിർന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പുകളിൽ നടന്നതുപോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

അതിനിടെ കെപിസിസി. അധ്യക്ഷനെ നേരിൽ കണ്ട് സ്ഥാനാർത്ഥി വീണാനായർ പരാതി നൽകി. തനിക്ക് പറയാനുള്ളതെല്ലാം മനസ് തുറന്ന് പറയുമെന്ന് അവർ വ്യക്തമാക്കി. വട്ടിയൂർക്കാവിലെ വോട്ടർമാരിൽ വിശ്വാസമുണ്ടെന്നും ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണം സിപിഎമ്മിന്റേതുമാത്രമാണെന്നും അവർ പറഞ്ഞു.