- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾ കോവിഡ് മൂലം ഡൽഹിയിൽ കിടന്ന് കഷ്ടപെട്ടപ്പോഴും അങ്ങയുടെ സഹായം ആർക്കും കിട്ടിയില്ല; കാബിനറ്റ് റാങ്കിൽ ഡൽഹിയിലെ സർക്കാരിന്റെ പ്രതിനിധി ആയി താങ്കൾ ചെയ്ത ജോലി എന്തായിരുന്നു? എന്തൊക്കെ സഹായങ്ങൾ മലയാളിക്ക് ചെയ്യാൻ സാധിച്ചു? എ സമ്പത്തിന് തുറന്ന കത്തുമായി വീണ എസ് നായർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവച്ച എ.സമ്പത്തിന് കത്തുമായി യൂത്ത്കോൺഗ്രസ് നേതാവ് അഡ്വ. വീണ.എസ്.നായർ. ക്യാബിനറ്റ് റാങ്കുകാരനും പരിവാരത്തിനും പ്രതിമാസം ശമ്പളം 20 ലക്ഷം രൂപയാകും. എന്നാൽ കോവിഡ് മൂലം മലയാളികൾ ഡൽഹിയിൽ കഷ്ടപ്പെട്ടപ്പോഴും പ്രത്യേക പ്രതിനിധിയായ സമ്പത്തിന്റെ സഹായം ആർക്കും ലഭിച്ചില്ലെന്ന് വീണാ നായർ കുറ്റപ്പെടുത്തി.
ജോലിസ്ഥലം ഡൽഹിയിലാണെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയെങ്കിലും ഒരുമാസം പോലും ഡൽഹിയിൽ സമ്പത്ത് ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റിൽ പറയുന്നു. ചെയ്ത സഹായങ്ങൾ എന്തൊക്കെയാണെന്ന് പറയാനുള്ള ബാദ്ധ്യത എ.സമ്പത്തിനുണ്ടെന്നും വീണ ഫേസ്ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു.
വീണ.എസ്.നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനത്ത് നിന്ന് രാജി വച്ച മുൻ എം പി സമ്പത്തിന് തുറന്ന കത്ത് ,ലോകസഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്ന് തോറ്റതിനു ശേഷം പിണറായി സർക്കാർ കാബിനറ്റ് റാങ്കിൽ അങ്ങയെ ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി ആയി നീയമിച്ചിരുന്നല്ലോ. കാബിനറ്റ് റാങ്കുകാരനെ തീറ്റിപോറ്റാൻ, സ്റ്റാഫും പരിവാരങ്ങൾക്കും വാഹനത്തിനും അടക്കം പ്രതിമാസം 20 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്ന് ആകും. സംസ്ഥാനത്തെ സഹായിക്കാൻ റസിഡന്റ് കമ്മീഷണറടക്കം നിരവധി സന്നാഹങ്ങൾ ഡൽഹിയിൽ ഉള്ളപ്പോഴായിരുന്നു ഈ നീയമനം.
മലയാളികൾ കോവിഡ് മൂലം ഡൽഹിയിൽ കിടന്ന് കഷ്ടപെട്ടപ്പോഴും അങ്ങയുടെ സഹായം ആർക്കും കിട്ടിയില്ല എന്ന് ദൃശ്യ മാധ്യമങ്ങൾ തെളിവു സഹിതം പുറത്തുകൊണ്ട് വന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഞാൻ ഇക്കാലയളവിൽ പലപ്പോഴും കാണുന്ന സ്ഥിര കാഴ്ചകളിൽ ഒന്നായിരുന്നു സർക്കാർ കാറിൽ തിരുവനന്തപുരം നഗരത്തിലൂടെ അങ്ങയുടെ ഓട്ടപാച്ചിൽ. അങ്ങയുടെ ജോലി സ്ഥലവും ഓഫിസും ഡൽഹിയിൽ ആണന്നാണ് ഉത്തരവിൽ രേഖപ്പെടുത്തിയിരുന്നതെങ്കിലും ഒരു മാസം പോലും അങ്ങ് ഡൽഹിയിൽ ഉണ്ടായിരുന്നില്ല. പ്രളയത്തെ തുടർന്ന് ജനങ്ങൾ കഷ്ടപ്പെടുമ്പോഴായിരുന്നു അങ്ങയുടെ നീയമനം.
എനിക്ക് അങ്ങയോട് ചോദിക്കാനുള്ളത് ഒന്ന് മാത്രം , കാബിനറ്റ് റാങ്കിൽ ഡൽഹിയിലെ സർക്കാരിന്റെ പ്രതിനിധി ആയി താങ്കൾ ചെയ്ത ജോലി എന്തായിരുന്നു ? എന്തൊക്കെ സഹായങ്ങൾ മലയാളിക്ക് ചെയ്യാൻ സാധിച്ചു ? . ഉത്തരം പറയേണ്ടത് അങ്ങയുടെ ബാധ്യതയാണ്. കാരണം അങ്ങയുടെ വായിലോട്ടു പോയ ഓരോ അരിമണിയും ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്.
മറുനാടന് ഡെസ്ക്