- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അച്ഛനെ എതിർത്തവർക്ക് പോലും ഇപ്പോൾ അച്ഛന്റെ അഡ്മിനിസ്ട്രേഷൻ സ്റ്റൈൽ കാണാൻ പറ്റുന്നുണ്ട്; മുമ്പ് മാധ്യമങ്ങളിൽ വരുന്നതായിരുന്നു വിശ്വസിക്കുന്നത്'; ഇപ്പോൾ എല്ലാവർക്കും നേരിട്ട് കാര്യങ്ങൾ മനസ്സിൽ ആകുന്നുണ്ടെന്ന് പിണറായി വിജയന്റെ മകൾ വീണ; തുടർഭരണം കിട്ടിയാൽ അച്ഛൻ വീണ്ടും മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ
കോഴിക്കോട്: തുടർ ഭരണം ഉണ്ടാകുമോ അതു തന്നെയാണോ സർക്കാർ പ്രതീക്ഷിക്കുന്നത്?വൈകിട്ട് 5.30 ന്റെ പതിവ് വാർത്താസമ്മേളനത്തിൽ ഈ ചോദ്യം മാധ്യപ്രവർത്തകർ ആവർത്തിച്ച് ഉന്നയിച്ചപ്പൊഴും ഒരേ മറുപടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. മുഖത്ത് പെട്ടെന്ന് പൊട്ടിവിരിഞ്ഞ ചിരിയോടെ 'അതിനെപ്പറ്റി നമ്മൾ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവർക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ.... അത് നമുക്ക് മൂന്നാം തിയതി നല്ല നിലയ്ക്ക് തന്നെ കാണാം' - എന്ന് മറുപടി. മൂന്നാം തിയതി തമ്മിൽ കാണാമെന്നും മാധ്യമപ്രവർത്തകരോടായി പറഞ്ഞുനിർത്തിയതും ഒരു ചെറുചിരിയോടെയായിരുന്നു. ഇപ്പോൾ ഇടതിന് തുടർഭരണം കിട്ടിയാൽ അച്ഛൻ വീണ്ടും മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് മകൾ വീണ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
പിണറായി വിജയൻ മുഖ്യമന്ത്രിയാകണോ എന്നത് പാർട്ടിയും എൽഡിഎഫുമാണ് തീരുമാനിക്കുകയെന്ന സുരക്ഷിത മറുപടിയാണ് വീണ പറഞ്ഞത്. 'ഇടതുപക്ഷ സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തിയത്. നല്ല ഭൂരിപക്ഷത്തോടെ എല്ലാവരും ജയിക്കുമെന്നാണ് പ്രതീക്ഷ. എക്സിറ്റ് പോൾ ഫലം ഇന്നലെ കണ്ടതാണ്. എല്ലാവരും അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും നല്ല വിജയം പ്രതീക്ഷിക്കുന്നു. അച്ഛൻ മുഖ്യമന്ത്രിയാകുന്നത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണ്. ജയിച്ചു കഴിഞ്ഞാൽ എൽഡിഎഫൊക്കെ കൂടി തീരുമാനിക്കേണ്ട കാര്യമാണ് അതൊക്കെ. ആര് എന്താവും എന്നൊക്കെയുള്ളത് അതിന് മുന്നേ പറയാൻ പാടില്ലല്ലോ. വളരെ നല്ല ഭരണമാണ് പിണറായി വിജയന് കീഴിൽ സംസ്ഥാന സർക്കാർ കാഴ്ചവെച്ചതെന്നും ചോദ്യത്തിന് മറുപടിയായി വീണ പറഞ്ഞു.
അച്ഛനെ എതിർത്തവർക്കുപോലും ഇപ്പോൾ അച്ഛന്റെ അഡ്മിനിസ്ട്രേഷൻ സ്റ്റൈൽ കാണാൻ പറ്റുന്നുണ്ട്. ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ എല്ലാവരും പ്രശംസിക്കുന്നത് അവർക്ക് അതിനുള്ള അവസരം ലഭിച്ചതുകൊണ്ടാണ്. അതിന് മുമ്പ് മാധ്യമങ്ങളിൽ വരുന്ന കാര്യം വിശ്വസിച്ച് അഭിപ്രായ രൂപീകരണം നടത്തുന്ന രീതിയായിരുന്നു. ഇപ്പോ എല്ലാവർക്കും നേരിട്ട് മനസ്സിലാകുന്നുണ്ടെന്നും വീണ പറഞ്ഞു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും വീണയുടെ ഭർത്താവുമായ റിയാസും വീണയ്ക്ക് ഒപ്പമുണ്ടായിരുന്നു.
സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ചയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ, റിപ്പബ്ലിക്-സിഎൻഎക്സ്, എൻഡിടിവി സർവേ ഫലങ്ങളാണു പുറത്തുവന്നത്.
എൽഡിഎഫിനു 104 മുതൽ 120 വരെ സീറ്റാണ് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. യുഡിഎഫിനു 20-36 സീറ്റും എൻഡിഎയ്ക്ക് 0-2 സീറ്റും സർവേ പറയുന്നു.72-80 സീറ്റാണ് എൽഡിഎഫിനു റിപ്പബ്ലിക്-സിഎൻഎക്സ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. യുഡിഎഫിനു 58-64 സീറ്റ് പ്രവചിക്കുന്ന സർവേ എൻഡിക്ക് ഒന്നു മുതൽ അഞ്ചു വരെ സീറ്റിനും സാധ്യത കൽപ്പിക്കുന്നു.
എൽഡിഎഫിന് 88 ഉം യുഡിഎഫിന് 50 ഉം സീറ്റാണു എൻഡിടിവി പ്രവചിക്കുന്നത്. ബിജെപിക്ക് രണ്ടു സീറ്റ് ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.ഏഷ്യാനെറ്റ് ന്യൂസ്- സി ഫോർ പോസ്റ്റ് പോൾ സർവേ, മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ, മനോരമ-വി എംആർ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ