ദോഹ. അത്യാധുനിക സാങ്കേതിക തികവും വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്ന അപൂർവ ദൃശ്യവിരുന്നെന്ന് വിശേഷിപ്പിക്കാവുന്ന വീരം ഗൾഫ് പ്രദർശനത്തിനൊരുങ്ങുന്നു. സിനിമ ലോകം കാത്തിരുന്ന ഇതിഹാസ ചിത്രം വീരത്തിന്റെ ഗൾഫ് റിലിസിങ് ഈ മാസം 16 ന് നടക്കുമെന്ന് നിർമ്മാതാവ് ചന്ദ്രമോഹൻപിള്ള അറിയിച്ചു. ദോഹയിലെ എഫ് റിങ് റോഡിലുള്ള ബി സ്‌ക്വയർ മാളിലെ റോക്സ് തിയേറ്ററിൽ വ്യാഴാഴ്ച വൈരുന്നേരം 6 മണിക്ക് നടക്കുന്ന പ്രദർശനത്തിൽ സംവിധായകൻ ജയരാജും നായകൻ കുനാൽ കപൂറും സംബന്ധിക്കും.

ഖത്തറിലെ സിനിമാസ്വാദകർക്ക് സംവിധായകനും നായകനും നിർമ്മാതാക്കൾക്കുമൊപ്പം സിനിമ കാണാനുള്ള അപൂർവ അവസരമാണ് ഒരുക്കിയിരിക്കുന്നകത്. മൂന്നാഴ്ചയോളമായി കേരളത്തിലെ സിനിമാസ്വാദകരെ വിസ്മയിപ്പിച്ച് പ്രദർശനം തുടരുന്ന വീരം എല്ലാ ഗൾഫ് രാജ്യങ്ങളിലും പ്രദർശനത്തിനെത്തിയിട്ടുണ്ട്. ഇംഗ്ളീഷിലുള്ള പ്രത്യേക സബ്ടൈറ്റിലുകളോടെയാണ് ചിത്രം ഗൾഫിൽ പ്രദർശിപ്പിക്കുന്നത്.

സാങ്കേതികത്തികവും കലാമേന്മയും പ്രമേയത്തിന്റെ വൈവിധ്യവും ഒത്തിണങ്ങിയ വീരം എല്ലാതരം ആസ്വാദകരേയും തൃപ്തിപ്പെടുത്തുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നാട്ടൻപാട്ടുകളും കളരിപ്പയറ്റും ചടുലമായ സംഭാഷണങ്ങളും വീരത്തിന്റെ മാറ്റുകൂട്ടുമ്പോൾ പുതുമയേറിയ അനുഭവ മുഹൂർത്തങ്ങളാണ് ആസ്വാദകർക്ക് ലഭിക്കുക. കണ്ട് പരിചയിച്ചേ മുഖങ്ങളിൽ നിന്നും വ്യത്യസ്തമായി കഥാപാത്രങ്ങൾ അവതരിക്കുമ്പോൾ എല്ലാ ഭാഷക്കാരായ ആസ്വാദകരേയും പിടിച്ചിരുത്തുവാൻ വീരത്തിന് കഴിയും. മനോഹരമായ ഗാനങ്ങളും വശ്യമായ ലൊക്കേഷനുകളുമൊക്കെ ഒന്നിനൊന്ന് മെച്ചപ്പെട്ട കലാനുഭൂതിയാണ് സമ്മാനിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

മാക്‌ബത്തിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ജയരാജ് വീര്യം അണിയിച്ചൊ രുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മാക്‌ബത്തും ലേഡി മാക്‌ബത്തും ചതി ആൾരൂപം പൂണ്ട ചന്തുചേകവരായും കുട്ടിമാണിയായും ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നു. കുനാൽ കപൂറും ഡിവിന താക്കൂറും ചന്തുവിനെയും കുട്ടിമാണിയെയും ഏറെ മികവുറ്റ താക്കിയിരിക്കുന്നു. സമർത്ഥനായ പോരാളിയിൽ നിന്ന്, ക്രൂരനും ചതിയനും അത്യാഗ്രഹത്താൽ ഭ്രമിപ്പിക്കപ്പെട്ട് സ്വയം നഷ്ടപ്പെട്ട, വിഹ്വലനായ സ്വേച്ഛാധിപതിയിലേക്കുള്ള ചന്തുവിന്റെ ഭാവമാറ്റം കയ്യടക്കമുള്ള ഒരഭിനേതാവിനെപ്പോലെ പക്വമായാണ് കുനാൽ കപൂർ കൈകാര്യം ചെയ്തിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. . ചന്തുവിന്റെ മനസ്സിൽ വിഷം കുത്തിനിറക്കുന്ന കുട്ടിമാണിയായി വേഷം പകർന്ന ഡിവിനയിലും ഒരു പുതുമുഖത്തിന്റെ പരുങ്ങലോ പരിചയക്കുറവോ ഇല്ലാത്ത രീതിയിലാണ് ആ വേഷം അനശ്വരമാക്കിയിരിക്കുന്നത്.

അച്ഛനെ വധിച്ച മലയനെ അങ്കത്തിൽ വക വരുത്തുന്ന ചന്തുവിലൂടെയാണ് വീരം ആരംഭിക്കുന്നത്. പകയും ചതിയും വിദ്വേഷവും കുറ്റബോധവുമൊക്കെ നായകനെ പിടിച്ചുലക്കുന്ന മാനസിക വ്യാപാരങ്ങളും ചിത്രത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.