മ്മുടെ പുതിയ തലമുറക്ക് ചരിത്രവും ഭാഷയുമൊന്നും കൃത്യമായറിയില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തിയതായി സംവിധായകൻ ജയരാജ്. വീരം ഗൾഫ് റിലീസിംഗിനായി ദോഹയിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേയാണ് ഗുരുതരമായ ഈ സാംസ്‌കാരിക പ്രതിസന്ധിയെക്കുറിച്ച് തന്റെ ആശങ്കകൾ പങ്കുവെച്ചത്. വീരം റിലീംസിംഗിന്റെ മുന്നോടിയായായി കേരളത്തിലെ നിരവധി കാമ്പസുകളിൽ പര്യടനം നടത്തിയിരുന്നു. പലപ്പോഴും ചന്തു ചേകവരെക്കുറിച്ച് എത്രപേർക്കറിയുമെന്ന് ചോദിച്ചപ്പോൾ വിരലിലെണ്ണാവുന്നർ മാത്രമാണ് ഉണ്ടായിരുന്നത്.

ഇരുപത് വയസിന് താഴെയുള്ളവരിൽ ചരിത്രപരവും ഭാഷാപരവുമായ ധാരണയില്ലാത്തതാണ് വീരം നേരിട്ട പ്രധാന പ്രതിസന്ധി. മാക്‌ബത്തിന്റേയും വടക്കൻ കഥകളുടേയും നൂതനമായ ആവിഷ്‌ക്കാരമെന്ന നിലക്ക് വീരം ആസ്വാദക ശ്രദ്ധനേടിക്കഴിഞ്ഞു. ലോകത്തിന്റെ എല്ലാ ദിക്കുകളിലും ഈ ദൃശ്യവിരുന്ന് അംഗീകരിക്കപ്പെടുന്നുവെന്നതാണ് അണിയറ പ്രവർത്തകരെ സായൂജ്യരാക്കുന്നത്. ഏത് തരം ആസ്വാദകർക്കും അനുഭവ ഭേദ്യമായ ഒരു വിരുന്നാണ് വീരം.

പ്രവാസ ലോകത്ത് ചരിത്രബോധവും വായനശീലവുമുള്ളവർ ധാരാളമുള്ളതിനാൽ വലിയ പ്രതീക്ഷയാണ് വീരത്തിനുള്ളത്. എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നുമുതൽ വീരം പ്രദർശിപ്പിക്കുന്നുണ്ട്. ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദഗ്ധരെ അണിനിരത്തി അണിയിച്ചൊരുക്കിയ വീരം താമസിയാതെ തന്നെ ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് ജയരാജ് പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യ കലയായ കളരിയെ ലോകാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഇതിഹാസ കാവ്യമായ വീരത്തിൽ അഭിനയിക്കാനായത് തന്റെ സിനിമ ജീവിതത്തിലെ നാഴികകല്ലാണെന്ന് ചിത്രത്തിലെ നായകൻ കുനാൽ കപൂർ പറഞ്ഞു. കളരിയെ കൂടുതൽ ജനകീയമാക്കുവാനും ജനശ്രദ്ധയാകർഷിക്കുവാനും വീരത്തിന് കഴിയും.

സാങ്കേതികത്തികവും കലാമേന്മയും പ്രമേയത്തിന്റെ വൈവിധ്യവും ഒത്തിണങ്ങിയ വീരം എല്ലാതരം ആസ്വാദകരേയും തൃപ്തിപ്പെടുത്തുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നാട്ടൻപാട്ടുകളും കളരിപ്പയറ്റും ചടുലമായ സംഭാഷണങ്ങളും വീരത്തിന്റെ മാറ്റുകൂട്ടുമ്പോൾ പുതുമയേറിയ അനുഭവ മുഹൂർത്തങ്ങളാണ് ആസ്വാദകർക്ക് ലഭിക്കുക. കണ്ട് പരിചയിച്ച മുഖങ്ങളിൽ നിന്നും വ്യത്യസ്തമായി കഥാപാത്രങ്ങൾ അവതരിക്കുമ്പോൾ എല്ലാ ഭാഷക്കാരായ ആസ്വാദകരേയും പിടിച്ചിരുത്തുവാൻ വീരത്തിന് കഴിയും. മനോഹരമായ ഗാനങ്ങളും വശ്യമായ ലൊക്കേഷനുകളുമൊക്കെ ഒന്നിനൊന്ന് മെച്ചപ്പെട്ട കലാനുഭൂതിയാണ് സമ്മാനിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

മാക്‌ബത്തിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ജയരാജ് വീര്യം അണിയിച്ചൊരുക്കി യിരിക്കുന്നത്. അതുകൊണ്ട് തന്നെ മാക്‌ബത്തും ലേഡി മാക്‌ബത്തും ചതി ആൾരൂപം പൂണ്ട ചന്തുചേകവരായും കുട്ടിമാണിയായും ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നു. കുനാൽ കപൂറും ഡിവിന താക്കൂറും ചന്തുവിനെയും കുട്ടിമാണിയെയും ഏറെ മികവുറ്റതാക്കിയിരിക്കുന്നു. സമർത്ഥനായ പോരാളിയിൽ നിന്ന്, ക്രൂരനും ചതിയനും അത്യാഗ്രഹത്താൽ ഭ്രമിപ്പിക്കപ്പെട്ട് സ്വയം നഷ്ടപ്പെട്ട, വിഹ്വലനായ സ്വേച്ഛാധിപതിയിലേക്കുള്ള ചന്തുവിന്റെ ഭാവമാറ്റം കയ്യടക്കമുള്ള ഒരഭിനേതാവിനെപ്പോലെ പക്വമായാണ് കുനാൽ കപൂർ കൈകാര്യം ചെയ്തിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചന്തുവിന്റെ മനസ്സിൽ വിഷം കുത്തിനിറക്കുന്ന കുട്ടിമാണിയായി വേഷം പകർന്ന ഡിവിനയിലും ഒരു പുതുമുഖത്തിന്റെ പരുങ്ങലോ പരിചയക്കുറവോ ഇല്ലാത്ത രീതിയിലാണ് ആ വേഷം അനശ്വരമാക്കിയിരിക്കുന്നത്. അച്ഛനെ വധിച്ച മലയനെ അങ്കത്തിൽ വക വരുത്തുന്ന ചന്തുവിലൂടെയാണ് വീരം ആരംഭിക്കുന്നത്. പകയും ചതിയും വിദ്വേഷവും കുറ്റബോധവുമൊക്കെ നായകനെ പിടിച്ചുലക്കുന്ന മാനസിക വ്യാപാരങ്ങളും ചിത്രത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. നിർമ്മാതാവ് ചന്ദ്രമോഹൻ പിള്ളയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.