ലയാളത്തിൽ ഏറ്റവുമധികം നിർമ്മാണച്ചെലവുള്ള ചിത്രം എന്ന വിശേഷണവുമായി എത്തിയ ജയരാജ് ചിത്രം വീരം വീണ്ടും ചരിത്രം തിരുത്താനൊരുങ്ങുന്നു. 89ആം ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ഒറിജിനൽ സോംഗ് വിഭാഗത്തിലെ നാമനിർദ്ദേശ പട്ടികയിൽ വീരത്തിലെ വീവിൽ റൈസ് എന്ന ഗാനം ഇടം പിടിച്ചതോടെ ഇത്തവണത്തെ ഓസ്‌കാർ ഇന്ത്യയിലേക്കെത്തുമോയെന്നുള്ള ആശങ്കയിലാണ് സിനിമാ ലോകം.

ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തിലെ, ഇംഗ്ലീഷ് പതിപ്പിലെ 'വി വിൽ റൈസ്...' എന്ന പാട്ടാണ് ഓസ്‌കാർ പട്ടികയിലേക്ക് കടന്നിരിക്കുന്നത്. ലോക മെമ്പാടുമുള്ള 91 ഗാനങ്ങളുടെ ആദ്യ ചുരുക്കപ്പട്ടികയലാണ് വീരത്തിലെ വീ വിൽ റൈസും എത്തിപ്പെട്ടത്. ഇതിൽ നിന്ന് തെരഞ്ഞെടുത്ത അഞ്ച് ഗാനങ്ങളുടെ ചുരുക്കപട്ടിക ജനവരി 24ന് പ്രഖ്യാപിക്കും. ഫെബ്രുവരി 26 നാണ് ഓസ്‌കർ അവാർഡുകളും പ്രഖ്യാപിക്കും
കാവാലം നാരായണപ്പണിക്കർ അവസാനമായി രചന നിർവ്വഹിച്ച ഗാനങ്ങൾക്ക് എം.കെ അർജുൻ മാസ്റ്ററാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ഹോളിവുഡിൽ നിന്നുള്ള ജെഫ് റോണയാണ് പാട്ടിന് ഈണം നൽകിയിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് വീരം. മുപ്പത്തി അഞ്ച് കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന വീരത്തിന്റെ തിരക്കഥയും സംവിധാനവും ജയരാജ് ആണ്. ഷേക്സ്പിയർ നാടകങ്ങളിലെ നിഗൂഢ കഥാപാത്രമായ മാക്‌ബത്തിനെയും വടക്കൻ പാട്ടിലെ ചതിയൻ ചന്തുവിനെയും ഒന്നിപ്പിക്കുന്നതാണ് ചിത്രപശ്ചാത്തലം. ചിത്രത്തിൽ ചതിയൻ ചന്തുവായെത്തുന്നത് ബോളിവുഡ് താരമായ കുനാൽ കപൂറാണ്. ചിത്രത്തിന്റെ പിന്നണിയിൽ ഹോളിവുഡ് - ബോളിവുഡ് സാങ്കേതിക പ്രവർത്തകരാണ് ഉള്ളത്. ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച വീരത്തിന് മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചിരുന്നു.